ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അന്തിമ തീയതി ലംഘിക്കുന്നവര്‍ ഇനി മുതല്‍ പകുതി തുക പിഴ നല്‍കിയാല്‍ മതി. മാറ്റി വയ്ക്കപ്പെട്ട മുന്‍ വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് 5000 രൂപയാണ് ഇനി പിഴ ഒടുക്കേണ്ടത്. നേരത്തെ ഇത് 10,000 രൂപയായിരുന്നു. 2021 ലെ ബജറ്റില്‍ ഓഡിറ്റ് വേണ്ടാത്ത വ്യക്തിഗത ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി സമയ പരിധി മൂന്ന് മാസമായി കുറച്ചിരുന്നു. ഐ ടി ആര്‍ ഫയലിങിനുള്ള പരമാവധി സമയപരിധി കുറച്ചതിനാല്‍ പിഴ നിലവിലുണ്ടായിരുന്ന 10,000 ത്തില്‍ നിന്നും 5,000 രൂപയാക്കി കുറവ് വരുത്തുകയായിരുന്നു.
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാധാരണഗതിയിൽ ജൂലൈയിൽ അവസാനിക്കുന്ന സമയപരിധി കോവിഡ് വ്യാപനത്തെ തുടർന്ന് ഈ മാസം 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും മൂന്നു മാസം കൂടി നീട്ടിയത്.
‘2021-22 വർഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി ബി ഡി ടി) ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2021 ഡിസംബർ 31 വരെ നീട്ടി.’– ധനകാര്യമന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു
ജൂൺ ഏഴിന് ആദായ നികുതി വകുപ്പ് പുതിയ ടാക്സ് ഇ-ഫയലിങ് പോർട്ടൽ കൊണ്ടുവന്നിരുന്നു. നടപടിക്രമങ്ങൾ ലളിതമാക്കാനായിരുന്നു ഇത് കൊണ്ടുവന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ നികുതിദായകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് സമയ പരിധി നീട്ടി നൽകിയത്.
തകരാറുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നുണ്ട്. പോർട്ടൽ രൂപകൽപ്പന ചെയ്ത ഇൻഫോസിസിൽ എഴുനൂറിലേറെ പേർ ഈ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 164 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ പുതിയ പോർട്ടലിന്റെ പ്രവർത്തനം തുടക്കത്തിൽ ആകെ താറുമാറായതിനെത്തുടർന്ന് ഇൻഫോസിസിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. സി.ഇ.ഒ. സലിൽ പരേഖിനെ ഡൽഹിയിൽ വിളിച്ചുവരുത്തിയ ധനമന്ത്രി നിർമലാ സീതാരാമൻ കടുത്ത അതൃപ്തിയും ആശങ്കയുമറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 15ഓടെ പുതിയ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നിർദേശം നൽകിയിരുന്നു.
2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി.