എന്താണ് സഹകരണ സ്ഥാപനങ്ങള്

എന്താണ് സഹകരണ സ്ഥാപനങ്ങള്

മെച്ചപ്പെട്ട രീതിയില്‍ വികാസം പ്രാപിച്ചതും സ്ഥാപിതമായിട്ടുള്ളതുമായ പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍. ഇതിന് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വളരെ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ബാങ്കുകളും ലയിപ്പിച്ച് വിഭവസമാഹരണത്തിനായി കേരള ബാങ്ക് സ്ഥാപിക്കുക എന്നത് പുതിയ സര്‍ക്കാരിന്റെ പ്രധാന തീരുമാനമാണ്.

എസ്.എല്‍.ബി.സിയുടെ 2016 വരെയുള്ള കണക്ക് പ്രകാരം സഹകരണ ബാങ്കിന്റെ 973 ശാഖകളില്‍ 136 എണ്ണം ഗ്രാമീണ മേഖലയിലും 43 എണ്ണം അര്‍ദ്ധ നഗര മേഖലയിലും 794 എണ്ണം നഗര പ്രദേശത്തുമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളുടെയും പ്രഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെയും ക്രയ വിക്രിയങ്ങളുടെ വ്യാപ്തി ഗ്രാമീണ മേഖലയില്‍ സഹകരണ ബാങ്കുകളുടെ പ്രാധാന്യം വെളിവാക്കുന്നു.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത എല്ലാ സഹകരണ സംഘങ്ങള്‍ക്കും ആദായനികുതി ഇളവ് ലഭിക്കുന്നതിന് കേന്ദ്ര ആദായനികുതി നിയമത്തില്‍ മാറ്റം വരൻ സാധ്യത. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് പലതവണ പരിഹാരത്തിന് ശ്രമിക്കുകയുണ്ടായെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല.  ഒരു സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപ കറന്‍സിയായി ബാങ്കുകളില്‍നിന്നു പിന്‍വലിക്കുന്നപക്ഷം 2% സ്രോതസില്‍ നികുതി ഈടാക്കണമെന്ന് പുതിയ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. 

എങ്കിലും സംസ്ഥാനത്തെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് ബിസിനസ് അല്ല നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി, പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നടക്കമുള്ള ബാങ്കുകളില്‍ നിന്ന് ഒരു കോടി രൂപയിലധികം ഒരു സാമ്പത്തികവര്‍ഷം പണമായി പിന്‍വലിക്കുമ്പോള്‍ സ്രോതസില്‍ നികുതി ഈടാക്കണമെന്ന് കാട്ടി ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്.

പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്ക് ആദായനികുതി 80(പി) പ്രകാരം അനുവദനീയമായ കിഴിവ് അനുവദിക്കണമെന്നും ആദായനികുതി വകുപ്പിലെ 194 എൻ വകുപ്പിൽ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.

വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ടവര്‍ ഓഹരി സമാഹരിച്ച് (10 - 100 രൂപ) കെട്ടിപ്പൊക്കിയ സ്ഥാപങ്ങള്‍ ആണ് ഇവ. വ്യത്യസ്തങ്ങളായ മേഖലകളില്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കും.സഹകരണ സ്ഥാപനങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട്. ക്ഷീരമേഖലയിലെ പ്രശസ്തമായ സഹകരണ സംഘമാണ് മില്‍മ. കൈത്തറി മേഖലയില്‍ Hantex, Handloom സംഘങ്ങള്‍, കേരഫെഡ്, കയര്‍ഫെഡ് എന്നിവയെല്ലാം സഹകരണ സംഘങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്ന സംഘങ്ങള്‍, ബീഡി തെറുപ്പ് സംഘങ്ങള്‍ തുടങ്ങി കോ-ഓപ്പറേറ്റീവ് കോളേജുകളും കോ-ഓപ്പറേറ്റീവ് ബാങ്കുകളും എന്നിങ്ങനെ കേരളത്തില്‍ സഹകരണ സംഘങ്ങള്‍ ഇല്ലാത്ത മേഖലകള്‍ ഇല്ല എന്ന് തന്നെ പറയാം

വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകള്‍ എന്നറിയപ്പെടുന്ന സര്‍വീസ് സൊസൈറ്റികള്‍. സഹകരണ ബാങ്കുകള്‍ ത്രിതല സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൗരന്മാര്‍ അംഗങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍, ഈ പ്രാഥമിക സഹകരണ സംഘങ്ങള്‍ അംഗങ്ങളായ ജില്ലാ ബാങ്കുകള്‍, ജില്ലാ ബാങ്കുകള്‍ അംഗങ്ങളായ സംസ്ഥാന സഹകരണ ബാങ്ക്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനവും സഹകരണ ബാങ്കുകളിലാണ്  പണം നിക്ഷേപിക്കേണ്ടത്.

സഹകരണ ബാങ്കുകള്‍ ആര്‍ബിഐ നല്‍കുന്ന ബാങ്ക് പദവിയോട് കൂടിയവ അല്ല. ഇവ വാണിജ്യബാങ്കുകളോ ഷെഡ്യൂള്‍ഡ് ബാങ്കുകളോ അല്ല. ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ അല്ല സഹകരണ ബാങ്കുകള്‍. സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് കേരള സഹകരണ നിയമം അനുസരിച്ചാണ്. സ്വകാര്യ ബാങ്കുകളെ പോലെയോ പൊതുമേഖലാ ബാങ്കുകളെയൊ പോലെ ഇന്ത്യ മുഴുവനോ സംസ്ഥാനം മുഴുവനോ പ്രവര്‍ത്തനം സാധ്യമായവ അല്ല സഹകരണ ബാങ്കുകള്‍. ഇവരുടെ പ്രവര്‍ത്തന പരിധി ഒരു പഞ്ചായത്തോ താലൂക്കോ ആണ്.

ആര്‍ബിഐ ലൈസെന്‍സ് നല്‍കാന്‍ വേണ്ട യോഗ്യതകളില്‍ പറഞ്ഞിരിക്കുന്ന മൂലധനമോ നിക്ഷേപങ്ങളോ സഹകരണ ബാങ്കുകള്‍ക്ക് ഇല്ല. കേരളത്തില്‍ ഷെഡ്യൂള്‍ഡ് പദവിയില്‍ എത്തിയിരുന്ന ഒരേ ഒരു സഹകരണ സ്ഥാപനം സംസ്ഥാന സഹകരണ ബാങ്ക്ആണ്. കൂടാതെ ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സെക്ടറിലെ മറ്റു ബാങ്കുകള്‍ അര്‍ബന്‍ ബാങ്കുകള്‍ ആണ്. ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണം മറ്റൊരു സഹകരണ ബാങ്കിനും ഇല്ല.

സഹകരണ മേഖലയിലെ ഓരോ സ്ഥാപങ്ങളും പ്രവര്‍ത്തിക്കുന്നത് സഹകരണ നിയമത്തിനും ചട്ടത്തിനും അനുസരിച്ചാണ്. സഹകരണ വകുപ്പിന്റെ കീഴിലാണ് ഓരോ സംഘവും. റജിസ്ട്രാറിന്റെ സഹകരണ ഓഡിറ്റര്‍മാരുടെ പാനലില്‍ നിന്നും നിയമിക്കുന്ന ഓഡിറ്റര്‍ സാമ്പത്തിക വര്‍ഷത്തിന് അവസാനം ഓഡിറ്റ് നടത്തുന്നു. ഈ ഓഡിറ്ററുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി ജില്ലാ സഹകരണ റജിസ്ട്രാര്‍ ഫൈനല്‍ ഓഡിറ്റിനു ശേഷം ടെസ്റ്റ് ഓഡിറ്റ് നടപ്പിലാക്കുന്നു. കൂടാതെ ഡിവൈഎസ്പി റാങ്കില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വിജില്ലന്‍സും സഹകരണ സംഘങ്ങളില്‍ പരിശോധന നടത്തുന്നു. സഹകരണ സംഘങ്ങള്‍ സഹകാരണ നിയമത്തിനും റജിസ്ട്രാറുടെ സര്‍ക്കുലറുകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.