എന്തുകൊണ്ടാണ് പോലീസുകാർ ഫിംഗർപ്രിന്റ് തെളിവുകൾക്ക് ഊന്നൽ കൊടുക്കുന്നത്?

എന്തുകൊണ്ടാണ് പോലീസുകാർ ഫിംഗർപ്രിന്റ് തെളിവുകൾക്ക് ഊന്നൽ കൊടുക്കുന്നത്?

ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വിരലടയാള ശാസ്ത്രം വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്.  അതിൽ ഏറ്റവും പ്രധാനമായത്  രണ്ട് വ്യക്തികളുടെ വിരലടയാളങ്ങൾ ഒരിക്കലും യോജിക്കുകയില്ല എന്നുള്ള കണ്ടുപിടുത്തമാണ്.ഒരാളെ മറ്റൊരാളിൽ നിന്നും സംശയാതീതമായി തിരിച്ചറിയാൻ ഏറ്റവും ഉപയുക്തമായ മാർഗ്ഗം വിരലടയാള പരിശോധന മാത്രമാണ്. രണ്ടു വ്യക്തികൾ തമ്മിൽരൂപത്തിലും ശരീര ഘടനയിലും പ്രവർത്തിയിലും എത്രമാത്രം സാദൃശ്യം ഉണ്ടായിരുന്നാലും അവരുടെ വിരലടയാളങ്ങൾ വിഭിന്നങ്ങളായിരിക്കും. ഇരട്ട പിറന്നവരിൽ പോലും വിരലടയാളങ്ങൾ വ്യത്യസ്തമായിരിക്കും. കൈവെള്ള കളിലും വിരലുകളിലും ഉള്ള  വരകൾ ശാശ്വതവും വ്യത്യസ്തമാണെന്നാണ് വിരലടയാള ശാസ്ത്രത്തിൻറെ അടിസ്ഥാന തത്വം.മറ്റ് ശാസ്ത്ര വിഭാഗങ്ങളെ അപേക്ഷിച്ച് വിരലടയാള ശാസ്ത്രത്തിനുള്ള പ്രത്യേകത നോട്ടപ്പിശക് കളോ തെറ്റായ കണക്കുകൂട്ടലുകളോ ബാധിക്കുന്നില്ല എന്നുള്ളതാണ് . രണ്ടു വിരലടയാളങ്ങൾ തമ്മിൽ പരിശോധിച്ചാൽ അവ ഒരാളിന്റെ ഒരേ വിരലിന്റെ പതിപ്പുകൾ ആണോ അല്ലയോ എന്ന് ഒറ്റവാക്കിൽ രേഖപ്പെടുത്തുന്നതിന് ഈ ശാസ്ത്ര വിഭാഗത്തിന് സാദ്ധ്യമായതിനാൽ ഈ ശാസ്ത്രം മറ്റു ശാസ്ത്ര വിഭാഗങ്ങളിൽ നിന്നും ശ്രേഷ്ഠമായ പദവി അർഹിക്കുന്നു.അതിനാലാണ് പോലീസുദ്യോഗസ്ഥർ ഫിംഗർ പ്രിൻറിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നത്. വിരലടയാള ശാസ്ത്രം ഏത് കാലത്ത് ആര് കണ്ടുപിടിച്ചു എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 1890ൽ സർ. ഫ്രാൻസിസ് ഗോർട്ടൻ എന്ന ശാസ്ത്രജ്ഞനാണ് വിരലടയാള ശാസ്ത്രത്തിൻറെ അടിസ്ഥാനതത്വം കണ്ടുപിടിച്ചത്.  വിരലടയാള ശാസ്ത്രത്തിൽ ഇന്ന് ഉപയോഗിച്ചുവരുന്ന ക്ലാസ്സിഫിക്കേഷൻ കണ്ടുപിടിച്ചത്1891 ലാണ്. 1897ൽ ലോകത്തിലെ ആദ്യത്തെ വിരലടയാള ബ്യൂറോ കൊൽക്കത്തയിൽ ആരംഭിച്ചു. 1899ൽ ഇന്ത്യൻ നിയമസഭയിൽ വിരലടയാള ശാസ്ത്ര വിഭാഗത്തെ അംഗീകരിക്കുകയും ഇന്ത്യൻ തെളിവു നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തി ഈ ശാസ്ത്രത്തെയും ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ളത് ആകുന്നു. 1900 ആണ്ട് തിരുവിതാംകൂറിൽ സംസ്ഥാന ഫിംഗർ പ്രിൻറ് ബ്യൂറോ സ്ഥാപിതമായി . പിന്നീട് കേരള സംസ്ഥാനം ആയപ്പോൾ കേരള സ്റ്റേറ്റ് ഫിംഗർ പ്രിൻറ് ബ്യൂറോ എന്നപേരിൽ പ്രവർത്തിച്ചുവരുന്നു