റസ്റ്ററന്റുകൾക്കും ബേക്കറികൾക്കും ഇനി ആജീവനാന്ത ലൈസൻസ്; ലൈസൻസ് പുതുക്കൽ ബാധ്യത ഒഴിവാക്കി

ന്യൂഡൽഹി: രാജ്യത്തെ റസ്റ്ററന്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സംരംഭങ്ങൾക്ക് വലിയ ആശ്വാസമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുതിയ ഉത്തരവ് പുറത്തിറക്കി. ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്ക് ഇനി ഒറ്റത്തവണയായി ആജീവനാന്ത (Perpetual Validity) ലൈസൻസും രജിസ്ട്രേഷനും അനുവദിക്കുന്നതാണ് പുതിയ തീരുമാനം.
നിലവിൽ നിലവിലുള്ള നിയമപ്രകാരം ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ അഞ്ച് വർഷം കൂടുമ്പോൾ ലൈസൻസ് പുതുക്കേണ്ടതായിരുന്നു. പുതിയ ഉത്തരവോടെ ഈ പുതുക്കൽ നടപടിക്രമം പൂർണമായും ഒഴിവാക്കപ്പെടും. ഒരിക്കൽ ലൈസൻസ് ലഭിച്ചാൽ നിശ്ചിത കാലയളവിൽ പുതുക്കുന്നതിനുള്ള ബാധ്യത ഇനി ഉണ്ടാകില്ല.
രാജ്യത്തെ 67 ലക്ഷത്തിലധികം ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്കും പുതിയ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ലൈസൻസ് പുതുക്കലിനായി ചെലവഴിച്ചിരുന്ന സമയവും സാമ്പത്തിക ബാധ്യതയും കുറയുന്നതിലൂടെ ബിസിനസ് നടത്തിപ്പ് കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവയ്ക്കൊപ്പം തട്ടുകടകൾ, വഴിയോര ഭക്ഷ്യ വ്യാപാരികൾ, മൊബൈൽ ഫുഡ് ട്രക്കുകൾ തുടങ്ങിയ ചെറുകിട ഭക്ഷ്യ സംരംഭങ്ങൾക്കും പുതിയ സംവിധാനം ഗുണകരമാകും. ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ തടസ്സങ്ങൾ ഒഴിവാകുന്നതോടെ ചെറുകിട സംരംഭകർക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ട ബാധ്യത തുടരുമെങ്കിലും, ലൈസൻസ് കാലാവധി തീരുന്നതിനെ തുടർന്ന് ആവർത്തിച്ച് പുതുക്കേണ്ട സാഹചര്യം ഇനി ഉണ്ടാകില്ല. രാജ്യത്ത് "Ease of Doing Business" ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/JGrMs1p0BXr8vsBoLippuq?s=cl&p=a&mlu=0
ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...

