ജിഎസ്ടി ക്രെഡിറ്റ് തെറ്റായ നികുതി ഹെഡിൽ ക്രമീകരിച്ചതിന് നികുതി നിഷേധിക്കാനാവില്ല; അസസ്‌മെന്റ് ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി

ജിഎസ്ടി ക്രെഡിറ്റ് തെറ്റായ നികുതി ഹെഡിൽ ക്രമീകരിച്ചതിന് നികുതി നിഷേധിക്കാനാവില്ല; അസസ്‌മെന്റ് ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി

കൊച്ചി: ജിഎസ്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) തെറ്റായ നികുതി വിഭാഗത്തിൽ ക്രമീകരിച്ചെന്ന കാരണത്താൽ ക്രെഡിറ്റ് നിഷേധിച്ച നികുതി നിർണയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ഐജിഎസ്ടി (IGST) വിഭാഗത്തിൽ ക്രമീകരിക്കേണ്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സിജിഎസ്ടി (CGST), എസ്ജിഎസ്ടി (SGST) വിഭാഗങ്ങളിൽ ക്രമീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

വിൻസ് ഓട്ടോ സെയിൽസ് കേന്ദ്രസർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ.യുടെ ഉത്തരവ്. 2017–18 സാമ്പത്തിക വർഷത്തെ ജിഎസ്ടി അസസ്‌മെന്റുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്.

ഐജിഎസ്ടി വിഭാഗത്തിൽ ക്രമീകരിക്കേണ്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സിജിഎസ്ടി, എസ്ജിഎസ്ടി വിഭാഗങ്ങളിൽ തെറ്റായി ക്രമീകരിച്ചുവെന്ന കാരണത്താൽ നികുതി നിർണയ അധികാരി ക്രെഡിറ്റ് നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചത്.

നികുതി ഹെഡുകൾ തമ്മിലുള്ള ക്രെഡിറ്റ് ക്രമീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച Rejimon Padickaparambil Alex v. Union of India എന്ന കേസിലെ വിധി തങ്ങൾക്ക് അനുകൂലമാണെന്ന് ഹർജിക്കാർ വാദിച്ചു.

പ്രസ്തുത വിധിയിലെ നിയമതത്വങ്ങളും കേസിലെ രേഖകളും പരിശോധിച്ച ഹൈക്കോടതി, ഹർജിക്കാരൻ ഉന്നയിച്ച വിഷയം മുൻ ഡിവിഷൻ ബെഞ്ച് വിധിയുടെ പരിധിയിൽ വരുന്നതാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നികുതി നിർണയ ഉത്തരവിൽ കോടതി ഇടപെടൽ അനിവാര്യമാണെന്ന് വ്യക്തമാക്കി.

തുടർന്ന് നികുതി വകുപ്പിന്റെ അസസ്‌മെന്റ് ഉത്തരവ റദ്ദാക്കിയ കോടതി, മുൻ ഡിവിഷൻ ബെഞ്ച് വിധിയിലെ നിരീക്ഷണങ്ങൾ പരിഗണിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന നികുതി ഓഫീസർക്ക് നിർദേശം നൽകി.

ഹർജിക്കാരന് വാദം അവതരിപ്പിക്കാൻ മതിയായ അവസരം നൽകണമെന്നും വിധിയുടെ പകർപ്പ് ലഭിച്ച് മൂന്ന് മാസത്തിനകം പുനഃപരിശോധന പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, വിവിധ ജിഎസ്ടി നികുതി വിഭാഗങ്ങൾക്കിടയിലെ തുകകളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാരിന് ജിഎസ്ടി കൗൺസിലിനെ സമീപിച്ച് ആവശ്യമായ നിർദേശങ്ങൾ തേടാമെന്നും കോടതി വ്യക്തമാക്കി.

ജിഎസ്ടി ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജറിലെ ഐജിഎസ്ടി, സിജിഎസ്ടി, എസ്ജിഎസ്ടി വിഭാഗങ്ങൾ തമ്മിലുള്ള ക്രമീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഈ വിധി ശ്രദ്ധേയമാണ്. നികുതി ക്രെഡിറ്റ് തെറ്റായ ഹെഡിൽ രേഖപ്പെടുത്തിയെന്ന കാരണത്താൽ മാത്രം ക്രെഡിറ്റ് നിഷേധിക്കുന്ന നടപടികൾ നിയമപരമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയാണ് വിധി വ്യക്തമാക്കുന്നത്.

എന്നാൽ നികുതിദായകന് ക്രെഡിറ്റ് നിരുപാധികമായി അനുവദിക്കുകയല്ല കോടതി ചെയ്തത്. മുൻ ഡിവിഷൻ ബെഞ്ച് വിധിയിലെ നിയമതത്വങ്ങൾ പരിഗണിച്ച് അസസ്‌മെന്റ് വീണ്ടും നടത്താനാണ് നിർദേശിച്ചിരിക്കുന്നത്.