ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം ഒഴിവാക്കാൻ നീക്കം; ഒക്ടോബർ 7-ലെ കൗൺസിൽ യോഗം നിർണായകം

ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം ഒഴിവാക്കാൻ നീക്കം; ഒക്ടോബർ 7-ലെ കൗൺസിൽ യോഗം നിർണായകം

ന്യൂഡൽഹി: ജി.എസ്.ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരം ഒഴിവാക്കുന്നതിനുള്ള സുപ്രധാന പരിഷ്കാരം കേന്ദ്രസർക്കാർ പരിഗണിക്കുന്നു. ഒക്ടോബർ 7-ന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം ചർച്ചയ്ക്കെടുക്കുമെന്നാണ് റിപ്പോർട്ട്. കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കം.

നിലവിൽ CGST നിയമത്തിലെ സെക്ഷൻ 69 പ്രകാരം വ്യാജ ഇൻവോയ്സ്, ചരക്കോ സേവനമോ ലഭിക്കാതെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നേടൽ തുടങ്ങിയ നിർദ്ദിഷ്ട കുറ്റങ്ങളിൽ കമ്മീഷണറുടെ അനുമതിയോടെ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് നടത്താൻ അധികാരമുണ്ട്. എന്നാൽ ഈ അധികാരം വ്യാപാര-വ്യവസായ മേഖലയിൽ അനാവശ്യ സമ്മർദ്ദത്തിനും ഭീതിക്കും കാരണമാകുന്നുവെന്ന പരാതികൾ ശക്തമായതോടെയാണ് വ്യവസ്ഥ പുനഃപരിശോധിക്കുന്നത്.

കഴിഞ്ഞ എട്ട്–ഒമ്പത് മാസമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിഷയത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നാണ് വിവരം. നികുതി നിയമലംഘനങ്ങളിൽ നികുതി, പലിശ, പിഴ, റിക്കവറി തുടങ്ങിയ നടപടികൾ തുടരുമ്പോഴും നികുതി ഉദ്യോഗസ്ഥർ നേരിട്ട് അറസ്റ്റ് ചെയ്യുന്ന സംവിധാനം ഒഴിവാക്കണമെന്നതാണ് പ്രധാനമായും പരിഗണിക്കുന്നത്.

2021-22 മുതൽ 2024-25 വരെയുള്ള കാലയളവിൽ കേന്ദ്ര ജി.എസ്.ടി വിഭാഗങ്ങൾ കൈകാര്യം ചെയ്ത 72,393 ജി.എസ്.ടി കുറ്റകേസുകളിൽ 887 പേരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന ജി.എസ്.ടി വിഭാഗങ്ങൾ നടത്തിയ അറസ്റ്റുകൾ ഇതിന് പുറമേയാണ്.

അതേസമയം അറസ്റ്റ് അധികാരം ജി.എസ്.ടി നിയമത്തിൽനിന്ന് ഒഴിവാക്കിയാലും മനഃപൂർവമായ തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ ഗുരുതര കുറ്റങ്ങളിൽ ക്രിമിനൽ നടപടി ഇല്ലാതാകില്ല. അത്തരം സാഹചര്യങ്ങളിൽ ഭാരതീയ ന്യായ സംഹിത ഉൾപ്പെടെയുള്ള പൊതുക്രിമിനൽ നിയമങ്ങൾ പ്രകാരം പോലീസിനും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കും നടപടിയെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള സംവിധാനമാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ട്.

നികുതി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം സംബന്ധിച്ച് ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പുതന്നെ സംസ്ഥാനങ്ങൾ ആശങ്ക ഉന്നയിച്ചിരുന്നു. വ്യാപാരം സുഗമമാക്കുകയെന്ന ലക്ഷ്യവുമായി അറസ്റ്റ് അധികാരം പൊരുത്തപ്പെടുന്നില്ലെന്ന അഭിപ്രായവും ജി.എസ്.ടി കൗൺസിലിന്റെ ആദ്യകാല ചർച്ചകളിൽ ഉയർന്നിരുന്നു.

ഒക്ടോബർ 7-ലെ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ, ജി.എസ്.ടി നിയമം നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നികുതിദായക സൗഹൃദ പരിഷ്കാരങ്ങളിലൊന്നായി ഇത് മാറും. എന്നാൽ കൗൺസിൽ തീരുമാനം എടുത്ത് പാർലമെന്റ് നിയമഭേദഗതി പാസാക്കുന്നതുവരെ നിലവിലുള്ള അറസ്റ്റ് അധികാരം തുടരും.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/F2slV8N3RlAA7cGcLRzzVT

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..