മാസം വെറും 55 രൂപ നിക്ഷേപിച്ച്‌ 3000 രൂപ പെന്‍ഷന്‍ വാങ്ങാം; 'പ്രധാൻ മന്ത്രി ശ്രാം യോ​ഗി മൻധൻ യോജന'

മാസം വെറും 55 രൂപ നിക്ഷേപിച്ച്‌ 3000 രൂപ പെന്‍ഷന്‍ വാങ്ങാം; 'പ്രധാൻ മന്ത്രി ശ്രാം യോ​ഗി മൻധൻ യോജന'

ആർക്കൊക്കെ അപേക്ഷിക്കാം?

ഈ പദ്ധതി വഴി അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കുറഞ്ഞത് 3000 രൂപ വരെ പെൻഷൻ ലഭിക്കും. 18നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ അം​ഗമാകാൻ സാധിക്കുന്നത്. അപേക്ഷിക്കുന്നവർക്ക് ആധാർ കാർഡും സേവിംഗ്സ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. 18 വയസ്സിൽ പദ്ധതിയിൽ അം​ഗങ്ങളാകുന്നവർ പ്രതിമാസം 55 രൂപ നൽകിയാൽ ഭാവിയിൽ 3000 രൂപ വീതം ഓരോ മാസവും പെൻഷൻ ലഭിക്കും.

അപേക്ഷകൻ മരിച്ചാൽ

പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന കാലയളവിൽ വരിക്കാരൻ മരിച്ചാൽ ​ഗുണഭോക്താവിന്റെ ഭാര്യയ്ക്ക് 50 ശതമാനം തുക പെൻഷനായി ലഭിക്കും. മുഴുവൻ തുകയും പിൻവലിക്കണമെങ്കിൽ അ​ങ്ങനെയും തുക കൈപ്പറ്റാവുന്നതാണ്. വരിക്കാരൻ 60 വയസ്സിന് മുമ്പ് മരിച്ചാ. മാത്രമേ ഭാര്യ തുക കൈപ്പറ്റാൻ സാധിക്കൂ. എന്നാൽ പദ്ധതി പ്രകാരം വരിക്കാരന്റെ കാലശേഷം ഭാര്യക്ക് മാത്രമേ പദ്ധതിയില്‍ തുടരാൻ സാധിക്കൂ. മറ്റ് ബന്ധുക്കൾക്ക് സാധിക്കില്ല.

വരുമാന പരിധി

മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് പിഎഫ്. ഇഎസ്ഐ ആനുകൂല്യം ലഭിക്കാത്തവർക്കും പദ്ധതിയിൽ അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസു മുതല്‍ 3000 രൂപ പെന്‍ഷന്‍ കിട്ടി തുടങ്ങും.

അപേക്ഷിക്കേണ്ടത് എങ്ങനെ?

ആവശ്യമായ രേഖകളുമായി അടുത്തുള്ള കോമൺ സർവീസ് സെന്ററിൽ എത്തുക. തുടർന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോം, ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതിനുള്ള സമ്മതപത്രം എന്നിവ സമർപ്പിക്കുക. ആധാറിലെയും ബാങ്ക് പാസ്ബുക്കിലെയും വിവരങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിങ്ങളുടെ അപേക്ഷ ഫോം സ്വീകരിക്കും. കൂടാതെ, കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിക്കാനായി നിങ്ങളുടെ മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിക്കും.

പദ്ധതിയിൽ നിന്ന് പിന്മാറിയാൽ?

പദ്ധതിയില്‍ ചേര്‍ന്ന് 10 വര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില്‍ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. എന്നാൽ പത്തുവര്‍ഷം കഴിഞ്ഞോ അപേക്ഷകന് 60 വയസ്സ് ആകുന്നതിന് മുമ്പോ പിന്മാറുകയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയും പലിശയും തിരികെ ലഭിക്കും