എഴുപുന്ന പഞ്ചായത്തിൽ ജപ്തി നടത്താനാകാതെ ഉദ്യോഗസ്ഥൻ : വാഹനങ്ങൾ കാണാനില്ല; സെക്രട്ടറിയുടെ പൂട്ടിക്കിടന്ന ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷം ഉദ്യോഗസ്ഥൻ മടങ്ങി

തുറവൂർ: എഴുപുന്ന പഞ്ചായത്തിൽ നിശ്ചയിച്ചിരുന്ന ജപ്തി നടത്താനാകാതെ കോടതി നിയോഗിച്ച ഉദ്യോഗസ്ഥൻ മടങ്ങി. ജപ്തിചെയ്യേണ്ട വാഹനങ്ങൾ പഞ്ചായത്തുവളപ്പിൽ കാണാതായതാണ് ചേർത്തല സബ് ജഡ്ജി എസ്. ലക്ഷ്മിയുടെ ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥൻ മടങ്ങാൻ കാരണം. സെക്രട്ടറിയുടെ പൂട്ടിക്കിടന്ന ഓഫീസിനു മുന്നിൽ ഒരുമണിക്കൂർ കാത്തുനിന്നശേഷമാണ് ഉദ്യോഗസ്ഥൻ മടങ്ങിയത്.
എഴുപുന്ന രജിൻനിവാസിൽ കെ.പി. രണദേവ് ചേർത്തല സബ് കോടതിയിൽ നൽകിയ വിധിനടപ്പാക്കൽ ഹർജിയിലായിരുന്നു പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 32 ടി. 4254, കെ.എൽ. 32 എസ്. 7063 എന്നീ വാഹനങ്ങളും സെക്രട്ടറിയുടെ ഓഫീസ് മുറിയിലെ കംപ്യൂട്ടർ, മോണിറ്റർ, സി.പി.യു., പ്രിന്റർ എന്നിവയും ജപ്തിചെയ്യുന്നതിന് കോടതി ഉത്തരവായത്.
വ്യാഴാഴ്ച രാവിലെ ഉദ്യോഗസ്ഥനെത്തിയപ്പോൾ വാഹനങ്ങൾ കാണാനില്ലായിരുന്നു. 10.15 മുതൽ 11.20 വരെ സെക്രട്ടറിയുടെ പൂട്ടിക്കിടന്ന ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷം ഉദ്യോഗസ്ഥൻ മടങ്ങുകയായിരുന്നു. 2010-ലാണ് കേസിനാസ്പദമായ സംഭവം. രണദേവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാം അനധികൃതമെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകരും പഞ്ചായത്ത് അധികൃതരും ചേർന്ന് പന്നികളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2012-ൽ രണദേവ് ചേർത്തല സബ് കോടതിയിൽ വ്യവഹാരം ബോധിപ്പിച്ചു. നഷ്ടപരിഹാരമായി രണദേവിന് മൂന്നുലക്ഷം രൂപ നൽകാനും അതു നൽകുന്നതുവരെ 12 ശതമാനം പലിശ ഈടാക്കാനും കോടതി ഉത്തരവായിരുന്നു
എന്നാൽ, വിധി നടത്തിക്കിട്ടാതായതോടെ 2024-ൽ രണദേവ് 8,43,790 രൂപയുടെ വിധിനടപ്പാക്കൽ ഹർജിയുമായി കോടതിയെ വീണ്ടും സമീപിച്ചു. തുടർന്നാണ് ജപ്തി നടത്താൻ ഉത്തരവായത്. കോടതിയലക്ഷ്യമാണെന്നുകാട്ടി ഉദ്യോഗസ്ഥൻ റിപ്പോർട്ടു സമർപ്പിക്കുമെന്ന് അഡ്വ.ഡി. വിനോദ് അറിയിച്ചു. എന്നാൽ, തനിക്ക് കോടതിയിൽ പോകേണ്ടതിനാലാണ് ഓഫീസ് അടച്ചിട്ടതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/BVCuJEGztjZEOH43iPSHhA