₹5,000 കോടിയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; ഭാരത് ലജ്ന സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ അറസ്റ്റിൽ

₹5,000 കോടിയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; ഭാരത് ലജ്ന സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ അറസ്റ്റിൽ

കോഴിക്കോട്: ₹5,000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (BLM) ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (EOW) ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച കേസ് കേരള ഹൈക്കോടതിയിൽ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

2006-ൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം ചെന്നൈ ആസ്ഥാനമായി ആരംഭിച്ച സൊസൈറ്റി, ഭൂമി വികസനവും ഭവനനിർമാണവും ലക്ഷ്യമിട്ടാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് റീട്ടെയിൽ, മാധ്യമം, ഊർജം തുടങ്ങിയ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.

ഉയർന്ന പലിശയും മികച്ച വരുമാനവും വാഗ്ദാനം ചെയ്ത് വിരമിച്ച ജീവനക്കാരുൾപ്പെടെയുള്ളവരിൽ നിന്ന് വൻതോതിൽ നിക്ഷേപം സ്വീകരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായിട്ടും നിരവധി പേർക്ക് പണം തിരികെ ലഭിച്ചില്ലെന്നാണ് പരാതി.

നിക്ഷേപകരിൽ നിന്ന് സമാഹരിച്ച പണം സൊസൈറ്റിയുടെ ഭാരവാഹികളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കും കുടുംബാംഗങ്ങളിലേക്കും മറ്റ് ബിസിനസ് സ്ഥാപനങ്ങളിലേക്കും വകമാറ്റിയെന്നാണ് പ്രധാന ആരോപണം. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളിലും അംഗീകാരമില്ലാത്ത ബിസിനസ് പ്രവർത്തനങ്ങളിലും ഗുരുതര ക്രമക്കേടുകൾ നടന്നതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അറസ്റ്റിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി പ്രേംകുമാർ അറിയിച്ചതിനെ തുടർന്ന് ചെന്നൈയിലെ നുങ്കമ്പാക്കം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആയിരക്കണക്കിന് നിക്ഷേപകരുടെ പണം ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന കേസിൽ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും പണം വകമാറ്റിയതിന്റെ തെളിവുകളും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.