ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

ന്യൂഡൽഹി: ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്നും വ്യാപാരികളിൽനിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നു. നവംബർ ഒന്നുമുതൽ 30 വരെ കേന്ദ്ര സർക്കാരിന്റെ MyGov.in പോർട്ടൽ വഴി നിർദേശങ്ങൾ സമർപ്പിക്കാമെന്നാണ് റിപ്പോർട്ട്.
പരിഷ്കരിച്ച ജിഎസ്ടി റിട്ടേൺ ഫോമുകൾ 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള റിട്ടേൺ ഫയലിംഗ് സംവിധാനത്തിലെ പൊരുത്തക്കേടുകൾ കുറയ്ക്കുകയും നികുതിദായകർക്ക് അനാവശ്യ നോട്ടീസുകൾ ലഭിക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നതാണ് പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യം.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് നിലവിൽ ലഭിക്കുന്ന നോട്ടീസുകളിൽ ഏകദേശം 80 ശതമാനവും റിട്ടേണുകളിലെ വിവരങ്ങളുടെ പൊരുത്തക്കേടുകൾ കാരണമാണെന്ന് പോളിസി വിംഗ് കമ്മീഷണർ ഗൗരവ് സിംഗ് വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
പുതിയ സംവിധാനത്തെക്കുറിച്ച് വ്യാപാരികൾക്കും നികുതി പ്രൊഫഷണലുകൾക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ അറിയിക്കാം. ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ചായിരിക്കും റിട്ടേൺ ഫോമുകളുടെ അന്തിമരൂപം തീരുമാനിക്കുക.
അതേസമയം, ഏതെല്ലാം റിട്ടേൺ ഫോമുകളിലാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും പരിഷ്കരണങ്ങളുടെ വിശദാംശങ്ങളും ഔദ്യോഗിക കരടിലൂടെ വ്യക്തമാകേണ്ടതുണ്ട്.