ജിഎസ്ടി പോർട്ടലിലെ സാങ്കേതിക തകരാർ അപ്പീൽ അവകാശം നിഷേധിക്കാൻ കാരണമാകരുത്; ബോംബെ ഹൈക്കോടതി

മുംബൈ: ജിഎസ്ടി പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം നികുതിദായകർക്ക് നിയമപരമായ അപ്പീൽ അവകാശം നിഷേധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഓൺലൈനായി അപ്പീൽ സമർപ്പിക്കാൻ സൗകര്യമില്ലാത്ത സാഹചര്യത്തിൽ നേരിട്ട് സമർപ്പിക്കുന്ന അപ്പീലുകൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
Savita Oil Technologies Ltd. Vs Union of India കേസിലും ഇതുമായി ബന്ധപ്പെട്ട സവിത പോളിമേഴ്സ് ലിമിറ്റഡിന്റെ ഹർജിയിലുമാണ് നിർണായക ഉത്തരവ്. ജിഎസ്ടി നിയമത്തിലെ സെക്ഷൻ 107 പ്രകാരമുള്ള അപ്പീൽ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
2022 മേയ് 17, 18 തീയതികളിൽ ഫോം GST DRC-05 പ്രകാരം പുറപ്പെടുവിച്ച അറിയിപ്പുകൾക്കെതിരെ അപ്പീൽ നൽകാനായിരുന്നു കമ്പനികളുടെ ശ്രമം. തർക്കത്തിലുള്ള നികുതിത്തുക പ്രതിഷേധം രേഖപ്പെടുത്തി അടച്ചിരുന്നെങ്കിലും DRC-05 അറിയിപ്പുകൾക്കെതിരെ അപ്പീൽ സമർപ്പിക്കാനുള്ള സൗകര്യം ജിഎസ്ടി പോർട്ടലിൽ ഉണ്ടായിരുന്നില്ല.
തുടർന്ന് നേരിട്ട് അപ്പീൽ സമർപ്പിക്കാൻ അനുമതി തേടിയെങ്കിലും ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അപ്പീൽ സ്വീകരിക്കാനാകൂ എന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഇതിനെതിരെയാണ് കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചത്.
നിയമപ്രകാരം അപ്പീൽ നൽകാൻ അവകാശമുള്ളപ്പോൾ പോർട്ടലിലെ സാങ്കേതിക പരിമിതികൾ അതിന് തടസ്സമാകരുതെന്ന് കോടതി നിരീക്ഷിച്ചു. ബന്ധപ്പെട്ട അറിയിപ്പുകൾ അപ്പീൽ ചെയ്യാവുന്നതാണെന്ന കാര്യത്തിൽ നികുതി വകുപ്പും തർക്കം ഉന്നയിച്ചിരുന്നില്ല.
ഇലക്ട്രോണിക് സംവിധാനത്തിൽ ആവശ്യമായ സൗകര്യം ഒരുക്കുന്നതുവരെ കമ്പനികളുടെ അപ്പീലുകൾ നേരിട്ട് സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുന്ന അപ്പീലുകൾ സമയപരിധി സംബന്ധിച്ച എതിർപ്പ് ഉന്നയിക്കാതെ നിയമാനുസൃതമായി പരിഗണിക്കണമെന്നും വ്യക്തമാക്കി.
ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം അപ്പീൽ സമർപ്പിക്കാൻ കഴിയാത്ത നികുതിദായകർക്ക് നിയമപരമായ പരിഹാരം തേടുന്നതിൽ ഈ വിധി പ്രസക്തമാണ്.












