ജിഎസ്ടി പരിഷ്കാരങ്ങൾ വിശദീകരിക്കാൻ നാളെ കൊച്ചിയിൽ പ്രത്യേക സെമിനാർ; നികുതി റീഫണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പരിഹാരം തേടാം

ജിഎസ്ടി പരിഷ്കാരങ്ങൾ വിശദീകരിക്കാൻ നാളെ കൊച്ചിയിൽ പ്രത്യേക സെമിനാർ; നികുതി റീഫണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പരിഹാരം തേടാം

കൊച്ചി: 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച് നികുതിദായകർക്ക് അവബോധം നൽകുന്നതിനായി സെൻട്രൽ ജിഎസ്ടി കൊച്ചി കമ്മീഷണറേറ്റ് സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാർ നാളെ (നവംബർ 26) രാവിലെ 10.30ന് നടക്കും. ജിഎസ്ടി റീഫണ്ട് നടപടിക്രമങ്ങളാണ് സെമിനാറിലെ പ്രധാന വിഷയം.

സെൻട്രൽ ജിഎസ്ടി കൊച്ചി കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 100 ദിവസത്തെ ജിഎസ്ടി ടാക്സ്‌പേയർ ഔട്ട്‌റീച്ച് ആൻഡ് ഹാൻഡ് ഹോൾഡിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. എറണാകുളം, കാക്കനാട്, ആലുവ ഡിവിഷനുകൾ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

കൊച്ചി ഐ.എസ്. പ്രസ് റോഡിലുള്ള സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് ഓഫീസിന്റെ സി.ആർ. ബിൽഡിങ്ങിലെ അഞ്ചാം നിലയിലുള്ള കോൺഫറൻസ് ഹാളിലാണ് സെമിനാർ നടക്കുക.

ജിഎസ്ടി റീഫണ്ടുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളും നടപടിക്രമങ്ങളും വിശദീകരിക്കുന്നതിനൊപ്പം നികുതിദായകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതിനും സംശയങ്ങൾക്ക് വ്യക്തത നൽകുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

വ്യാപാരികൾ, സേവനദാതാക്കൾ, ചെറുകിട–ഇടത്തരം സംരംഭകർ, കയറ്റുമതിക്കാർ, വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, നികുതി പ്രൊഫഷണലുകൾ എന്നിവർക്ക് സെമിനാറിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്തവർക്കൊപ്പം രജിസ്ട്രേഷൻ ഇല്ലാത്ത നികുതിദായകരെയും വിവിധ വ്യാപാര–വ്യവസായ സംഘടനകളുടെ പ്രതിനിധികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വിദഗ്ധ ഉദ്യോഗസ്ഥരുടെ അവതരണങ്ങൾക്കൊപ്പം നികുതിദായകർക്ക് സംശയങ്ങൾ ഉന്നയിക്കാനും പ്രായോഗിക പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും അവസരമൊരുക്കും. ജിഎസ്ടി പരിഷ്കാരങ്ങൾ സംബന്ധിച്ച വിശദീകരണ രേഖകൾ, ചോദ്യോത്തരങ്ങൾ, വിജ്ഞാപനങ്ങൾ, സർക്കുലറുകൾ എന്നിവ ലഭ്യമാക്കുന്നതും ഔട്ട്‌റീച്ച് പരിപാടിയുടെ ഭാഗമാണ്.

വ്യാപാര–വ്യവസായ സംഘടനകൾ തങ്ങളുടെ പ്രതിനിധികളെ സെമിനാറിൽ പങ്കെടുപ്പിക്കണമെന്നും അംഗങ്ങൾക്കിടയിൽ പരിപാടിയുടെ വിവരങ്ങൾ പ്രചരിപ്പിക്കണമെന്നും ജിഎസ്ടി കമ്മീഷണറേറ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്. റീഫണ്ട് നടപടികളിൽ നേരിടുന്ന ബുദ്ധിമുട്ടുകളും വ്യക്തത ആവശ്യമായ വിഷയങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും സംഘടനകൾക്ക് അവസരമുണ്ടാകും.