എറണാകുളം ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; ₹14 ലക്ഷവും 788 യുഎസ് ഡോളറും പിടിച്ചെടുത്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സംസ്ഥാന ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ വീട്ടിലും ഓഫീസിലും വിജിലൻസ് നടത്തിയ പരിശോധനയിൽ ₹14 ലക്ഷം രൂപയും 788 യുഎസ് ഡോളറും കണ്ടെത്തിയതായി റിപ്പോർട്ട്. നികുതി വെട്ടിപ്പ് കേസുകളിൽ അനധികൃത ഇടപെടലുകൾ നടത്തിയെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് എറണാകുളം വിജിലൻസ് സ്പെഷ്യൽ സെല്ലിന്റെ അന്വേഷണം.
സെപ്റ്റംബർ 26ന് രാവിലെ ഒമ്പതോടെയാണ് പച്ചാളം ഇരട്ടക്കുളങ്ങര റോഡിലെ വസതിയിലും തേവര ജി.എസ്.ടി കോംപ്ലക്സിലെ ഓഫീസിലും ഒരേസമയം പരിശോധന ആരംഭിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതിയോടെ വിജിലൻസ് ഇൻസ്പെക്ടർ എ.ജി. ബിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഓഫീസിൽനിന്ന് ചില രേഖകളും വീട്ടിൽനിന്ന് പണവും വിദേശ കറൻസിയും ശേഖരിച്ചതായാണ് വിവരം.
ബാറുടമകളിൽനിന്നും വൻകിട സ്ഥാപനങ്ങളിൽനിന്നും കൈക്കൂലി വാങ്ങി നികുതി വെട്ടിപ്പ് കേസുകൾ ഒത്തുതീർപ്പാക്കിയെന്ന ആരോപണങ്ങളും വിജിലൻസിന് ലഭിച്ച പരാതിയുടെ ഭാഗമാണെന്നാണ് റിപ്പോർട്ട്. കേസുകളിലെ അന്തിമ നടപടികളും അംഗീകാരങ്ങളും നൽകുന്നതിൽ ക്രമവിരുദ്ധമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിലാണ്. ആരോപണങ്ങളുടെ യാഥാർഥ്യം വിശദമായ അന്വേഷണത്തിലൂടെയാണ് സ്ഥിരീകരിക്കേണ്ടത്.
പച്ചാളത്തെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയപ്പോൾ മുറിയിൽ സൂക്ഷിച്ച പണം മാറ്റാൻ ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും വിജിലൻസ് സംഘം പണം പിടികൂടുകയായിരുന്നു. തന്റെ ലോഡ്ജിൽ നിന്നുള്ള മാസ വരുമാനമാണ് പണം എന്നായിരുന്നു ഉദ്യോഗസ്ഥയുടെ മൊഴിയെന്നാണ് അറിയാൻ കഴിയുന്നത്. യാത്ര ആവശ്യത്തിനായി കരുതിയതാണ് യുഎസ് ഡോളർ എന്നും ഉദ്യോഗസ്ഥ മൊഴി നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്
കഴിഞ്ഞ 10 വർഷത്തിനിടയിൽ 63 ശതമാനം വരുമാനത്തേക്കാൾ ഉയർന്ന സമ്പാദ്യം ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ എന്നും റിപ്പോർട്ട് ഉണ്ട്. മൂവാറ്റുപുഴ കോടതിയിൽ രണ്ടുദിവസം മുൻപ് എഫ്ഐആർ സമർപ്പിച്ച ശേഷം ആയിരുന്നു മിന്നൽ പരിശോധന. പരിശോധനയിൽ ലഭിച്ച പണവും വിദേശ കറൻസിയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.
ഇതിനിടെ, ജി.എസ്.ടി വകുപ്പിലെ ജീവനക്കാരുടെ സംഘടനകളുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ മാറ്റങ്ങളും നിരവധി ഉദ്യോഗസ്ഥർ സംഘടന മാറിയെന്ന വിവരങ്ങളും വകുപ്പിനുള്ളിൽ ചർച്ചയായിട്ടുണ്ട്. ഈ മാറ്റങ്ങൾക്ക് നിലവിലെ സംഭവവികാസങ്ങളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
പരിശോധനയിൽ ലഭിച്ച രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളെക്കുറിച്ചും സൂചനകൾ ലഭിച്ചതായി വിവരങ്ങളുണ്ട്. അത്തരം വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഫയലുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് അന്വേഷണം വിപുലീകരിക്കേണ്ടതുണ്ട്.
പിടിച്ചെടുത്ത പണത്തിന്റെയും വിദേശ കറൻസിയുടെയും ഉറവിടം, ഉദ്യോഗസ്ഥയുടെ വരുമാനം, ആസ്തികൾ, ബാങ്ക് ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദമായ പരിശോധനയാണ് ഇനി നിർണായകമാകുക. ശേഖരിച്ച രേഖകളുടെ പരിശോധന പൂർത്തിയാക്കിയശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
അന്വേഷണം ഒരു ഉദ്യോഗസ്ഥയിൽ മാത്രം ഒതുക്കാതെ തെളിവുകൾ ആവശ്യപ്പെടുന്നിടത്തോളം വിപുലീകരിക്കണമെന്നും അതേസമയം സത്യസന്ധരായ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നു. നികുതി ഭരണസംവിധാനത്തിലെ സുതാര്യതയും പൊതുജനവിശ്വാസവും ഉറപ്പാക്കുന്ന തരത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടക്കണമെന്നതാണ് പ്രധാന ആവശ്യം.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GArY6otRpYTLMYpEtb9fwq
ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

