ജി.എസ്.ടി പോർട്ടൽ തകരാർ: 3B റിട്ടേൺ സമർപ്പണം തടസ്സപ്പെട്ടു – വ്യാപാരികളും ടാക്സ് പ്രാക്ടീഷണർമാരും ആശങ്കയിൽ

സംസ്ഥാനത്തുടനീളം ജി.എസ്.ടി പോർട്ടലിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് 2026 മാർച്ച് മാസത്തേക്കുള്ള GSTR-3B റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കാതെ വ്യാപാരികളും ടാക്സ് പ്രാക്ടീഷണർമാരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. റിട്ടേൺ സമർപ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്യേണ്ട അവസാന തീയതി ഇന്നായിരുന്നുവെങ്കിലും, ഇന്ന് രാവിലെ മുതൽ പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിലും റിട്ടേൺ ഫയൽ ചെയ്യുന്നതിലും നിരവധി സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
പോർട്ടലിന്റെ സ്ലോ റെസ്പോൺസ്, എറർ മെസ്സേജുകൾ, ഡാറ്റ ലോഡ് ആവാത്തത്, പേയ്‌മെന്റ് ഗേറ്റ്വേ പ്രവർത്തിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങൾ മൂലം അവസാന നിമിഷം വരെ കാത്തിരുന്ന ആയിരക്കണക്കിന് നികുതിദായകർക്ക് അവരുടെ നിയമാനുസൃത ബാധ്യത നിറവേറ്റാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്. പലരും ഇതിനകം തന്നെ നികുതി കണക്കുകൾ തയ്യാറാക്കി പേയ്‌മെന്റ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും, സൈറ്റിന്റെ പ്രവർത്തനക്ഷമത ഇല്ലായ്മ കാരണം നടപടികൾ പൂർത്തിയാക്കാനായില്ല.
ഇതോടെ നാളെത്തുടങ്ങി വൈകിയ റിട്ടേൺ സമർപ്പണത്തിന് പലിശയും പിഴയും ബാധകമാകുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. എന്നാൽ, തങ്ങളുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ലാത്ത സാഹചര്യത്തിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇത്തരത്തിൽ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നത് അന്യായമാണെന്ന് വ്യാപാരികളും ടാക്സ് പ്രാക്ടീഷണർമാരും അഭിപ്രായപ്പെടുന്നു
ഈ പശ്ചാത്തലത്തിൽ, അസോസിയേഷൻ ഓഫ് ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജി.എസ്.ടി പോർട്ടലിലെ സാങ്കേതിക തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്നും, 2026 മാർച്ച് മാസത്തെ GSTR-3B റിട്ടേൺ സമർപ്പണത്തിനുള്ള അവസാന തീയതി കുറഞ്ഞത് രണ്ട് ദിവസത്തേക്ക് നീട്ടിക്കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംഘടനയുടെ പ്രതിനിധികൾ വ്യക്തമാക്കുന്നത്, രാജ്യത്തെ നികുതി വരുമാനത്തിൽ വലിയ പങ്ക് സംഭാവന ചെയ്യുന്ന വ്യാപാരികളും പ്രൊഫഷണലുകളും ഇത്തരത്തിലുള്ള സാങ്കേതിക പിഴവുകൾ മൂലം അനാവശ്യമായ പിഴയും പലിശയും അടയ്ക്കേണ്ടിവരുന്നത് നികുതി സംവിധാനത്തിലെ വിശ്വാസ്യതയ്ക്കും തന്നെ തിരിച്ചടിയാകുമെന്ന് ആണ്. ഇതിനോടകം തന്നെ പല ജില്ലകളിൽ നിന്നും സമാന പരാതികൾ ഉയർന്നിട്ടുണ്ടെന്നും, പ്രശ്നം വ്യാപകമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ജി.എസ്.ടി പോർട്ടലിന്റെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനൊപ്പം, ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നികുതിദായകരെ സംരക്ഷിക്കുന്ന തരത്തിലുള്ള അടിയന്തര ഇടപെടലുകൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം. നിലവിലെ പ്രതിസന്ധി പരിഗണിച്ച് സമയപരിധി നീട്ടിയില്ലെങ്കിൽ, അനേകം വ്യാപാരികൾക്കും ടാക്സ് പ്രാക്ടീഷണർമാർക്കും സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ
