Headlines
ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

ന്യൂഡൽഹി: അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടാത്ത ചെറുകിട ബിസിനസ്സുകാർ, ഫ്രീലാൻസർമാർ, പ്രൊഫഷണലുകൾ എന്നിവർക്ക് 2026–27 അസ്സസ്‌മെന്റ് വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ (ITR-3, ITR-4) സമർപ്പിക്കാനുള്ള സമയപരിധി അവസാന ഘട്ടത്തിലേക്ക്. കനത്ത പിഴവുകളില്ലാതെ റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 31-ന് അവസാനിക്കുകയാണ്. കേന്ദ്ര ബഡ്ജറ്റ് പ്രകാരം ഇത്തവണ ബിസിനസ്സ് ഇതര നികുതിദായകർക്കായി സമയപരിധി വിഭജിച്ചു നൽകിയതിനാലാണ് പ്രൊഫഷണലുകൾക്കും ചെറുകിട ബിസിനസ്സുകാർക്കും ഓഗസ്റ്റ് 31 വരെ സമയം ലഭിച്ചത്; ശമ്പള വരുമാനക്കാർക്കുള്ള സമയപരിധി കഴിഞ്ഞ ജൂലൈ 31-ന് അവസാനിച്ചിരുന്നു. എന്നാൽ അക്കൗണ്ടുകൾ നിർബന്ധമായും ഓഡിറ്റ് ചെയ്യേണ്ട ബിസിനസ്സുകാർക്കും കമ്പനികൾക്കും ഒക്ടോബർ 31 വരെയും, അന്താരാഷ്ട്ര ഇടപാടുകൾ ഉള്ള സ്ഥാപനങ്ങൾക്ക് നവംബർ 30 വരെയും റിട്ടേൺ സമർപ്പിക്കാൻ സമയമുണ്ട്.
ഓഗസ്റ്റ് 31-നകം റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് 2026 ഡിസംബർ 31 വരെ പിഴയോടെ (Belated Return) ഫയൽ ചെയ്യാൻ അവസരമുണ്ടാകും. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് ₹1,000 രൂപയും, 5 ലക്ഷത്തിന് മുകളിലുള്ളവർക്ക് ₹5,000 രൂപയുമാണ് വൈകി ഫയൽ ചെയ്താലുള്ള പിഴയായി ഈടാക്കുക. കൂടാതെ അടയ്ക്കാനുള്ള നികുതി തുകയ്ക്ക് മേൽ പ്രതിമാസം 1 ശതമാനം അധിക പലിശയും നൽകേണ്ടി വരും. അതേസമയം സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തി സമർപ്പിക്കാനുള്ള (Revised Return) അവസാന തീയതി 2027 മാർച്ച് 31 ആണ്. അവസാന ദിവസങ്ങളിലെ ഇന്റർനെറ്റ് തിരക്കും സെർവർ തകരാറുകളും ഒഴിവാക്കാൻ നികുതിദായകർ എത്രയും വേഗം ഫയലിംഗ് പൂർത്തിയാക്കണമെന്ന് ആദായനികുതി വകുപ്പ് ഓർമ്മിപ്പിക്കുന്നു
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

