നിർമാണ മേഖലയിലെ യന്ത്രങ്ങൾക്ക് ഇന്ന് മുതൽ വാടക വർധന; 10% മുതൽ 20% വരെ നിരക്ക് ഉയരും

കൊച്ചി: സംസ്ഥാനത്തെ നിർമാണ മേഖലയിലെ ബാക്ക്ഹോ ലോഡർ, എക്സ്കവേറ്റർ, ക്രെയിൻ തുടങ്ങിയ നിർമാണ യന്ത്രങ്ങളുടെയും അനുബന്ധ വാഹനങ്ങളുടെയും വാടക നിരക്കിൽ ഇന്ന് (ജൂലൈ 1) മുതൽ വർധന നിലവിൽ വന്നു. കൺസ്ട്രക്ഷൻ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ (CEOA) ആണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
പുതിയ തീരുമാനപ്രകാരം, ജില്ലകളിലെ സാഹചര്യവും യന്ത്രങ്ങളുടെ വിഭാഗവും അനുസരിച്ച് 10 ശതമാനം മുതൽ 20 ശതമാനം വരെ വാടക നിരക്ക് വർധിപ്പിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ അറിയിച്ചു.
മെഷിനറികളുടെ വാങ്ങൽ വില, സ്പെയർ പാർട്സ്, ടയർ, ഹൈഡ്രോളിക് ഉപകരണങ്ങൾ, ലൂബ്രിക്കന്റുകൾ എന്നിവയുടെ വിലയിൽ ഉണ്ടായ വർധനയും, ഡീസൽ വിലയും പരിപാലനച്ചെലവും ഗണ്യമായി ഉയർന്ന സാഹചര്യത്തിലുമാണ് വാടക പുതുക്കേണ്ടി വന്നതെന്ന് അസോസിയേഷൻ വിശദീകരിച്ചു.
പുതിയ നിരക്ക് സംസ്ഥാനത്തെ പൊതുമരാമത്ത്, സ്വകാര്യ നിർമാണ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
കൺസ്ട്രക്ഷൻ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ (CEOA) എറണാകുളം ജില്ലാ പ്രസിഡന്റ് ലിജു സാജുവും ജില്ലാ സെക്രട്ടറി ടി.എം. ജിൻസാദും സംയുക്ത പ്രസ്താവനയിൽ, നിർമാണ ഉപകരണങ്ങളുടെ പ്രവർത്തനച്ചെലവ് കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ച സാഹചര്യത്തിൽ നിലവിലെ വാടക നിരക്കിൽ സേവനം തുടരാൻ ബുദ്ധിമുട്ടായതിനാലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുത്തിയതെന്ന് അറിയിച്ചു. നിരക്ക് വർധന യന്ത്ര ഉടമകൾക്ക് ആശ്വാസമാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd
ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...












