ക്രിപ്‌റ്റോ ആസ്തികള്‍ വെളിപ്പെടുത്താന്‍ സമയപരിധി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്.

ക്രിപ്‌റ്റോ ആസ്തികള്‍ വെളിപ്പെടുത്താന്‍ സമയപരിധി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്.

രാജ്യത്ത് ക്രിപ്‌റ്റോകറന്‍സി കൈവശമുള്ളവര്‍ക്ക് ക്രിപ്‌റ്റോ ആസ്തികള്‍ വെളിപ്പെടുത്താന്‍ സമയപരിധി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.

ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച്‌ പുതിയ നിയമങ്ങള്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രിപ്‌റ്റോ കറന്‍സികളെ ആസ്തിയായി കണക്കാക്കി അവയുടെ ഇടപാടുകള്‍ നിയന്ത്രിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യെ ചുമതലപ്പടുത്താനാണ് തീരുമാനം.


ക്രിപ്‌റ്റോ കറന്‍സികളെ ആസ്തി എന്ന നിലയില്‍ കണക്കാക്കുന്നതിനായി ക്രിപ്‌റ്റോ അസറ്റ് എന്ന വാക്കായിരിക്കും ഉപയോഗിക്കുക. റിസര്‍വ്വ് ബാങ്കും സര്‍ക്കാരും അടുത്ത വര്‍ഷം ആദ്യം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ നിന്ന് ക്രിപ്‌റ്റോകറന്‍സികളെ വ്യക്തമായി വേര്‍തിരിക്കുന്ന തരത്തില്‍ ക്രിപ്‌റ്റോ അസറ്റ് എന്നായിരിക്കും നിലവിലുള്ള ക്രിപ്‌റ്റോ കറന്‍സികളെ കണക്കാക്കുക.


നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, നിയമ ലംഘനത്തിനുള്ള ശിക്ഷയായി, 20 കോടി രൂപയോ (ഏകദേശം 2.7 മില്യണ്‍ ഡോളര്‍) അല്ലെങ്കില്‍ 1.5 വര്‍ഷം തടവോ ശിക്ഷയായി നല്‍കുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം, ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോ ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് മിനിമം പരിധി നിശ്ചയിക്കുന്നതും പരിഗണനയിലാണ്.


രാജ്യത്ത് നിലവില്‍ സര്‍ക്കാരോ മറ്റ് പ്രമുഖ വ്യവസായികളോ ക്രിപ്‌റ്റോകറന്‍സിയെ കുറിച്ചോ അവയ്ക്ക് ആധാരമായ ബ്ലോക്ക് ചെയിനിനെ കുറിച്ചോ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി പ്രോത്സാഹിപ്പിക്കുന്നതിനോ നിയമപരമായി അംഗീകരിക്കുന്നതിനോ ഉള്ള പദ്ധതികള്‍ സര്‍ക്കാരിനില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.


ചെയിന്‍ അനാലിസിസ് സര്‍വ്വെ പ്രകാരം 2021ല്‍ 641 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ച്‌ ഇന്ത്യന്‍ ക്രിപ്‌റ്റോകറന്‍സി വിപണി ഗണ്യമായി ഉയര്‍ന്നു. ലോകത്തിലെ ഏറ്റവുമധികം 'ക്രിപ്‌റ്റോ അവബോധമുള്ള' ഏഴാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് 154 രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 2021ലെ ഗ്ലോബല്‍ ക്രിപ്‌റ്റോ അഡോപ്ഷന്‍ ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു.

Also Read

Loading...