വല്ലാർപാടം തുറമുഖത്ത് കണ്ടെയ്നർ സ്കാനിങ്ങിനെതിരെ സമരം ശക്തം; രണ്ടാം ദിവസവും ചരക്കുനീക്കം തടസ്സപ്പെട്ടു

കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലെ സ്കാനിങ് സംവിധാനവുമായി ബന്ധപ്പെട്ട ആരോഗ്യസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്നർ ഡ്രൈവർമാരും തൊഴിലാളി യൂണിയനുകളും ആരംഭിച്ച സമരം രണ്ടാം ദിവസവും തുടരുന്നു. നവംബർ ഒമ്പതിന് ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് സ്കാനിങ്ങിന് വിധേയമാകേണ്ട കണ്ടെയ്നറുകളുടെ നീക്കം പൂർണമായി നിലച്ചതായും തുറമുഖ പ്രവർത്തനങ്ങൾ ഗുരുതരമായി തടസ്സപ്പെട്ടതായും തൊഴിലാളി സംഘടനകൾ അറിയിച്ചു. സ്കാനിങ് ആവശ്യമില്ലാത്ത കണ്ടെയ്നറുകളുടെ കയറ്റിറക്ക് മാത്രമാണ് തുടരുന്നത്.
കണ്ടെയ്നർ സ്കാനിങ് നടപടികൾക്കല്ല, സ്കാനിങ് സമയത്ത് ഡ്രൈവർമാർ തന്നെ വാഹനമോടിച്ച് സ്കാനറിലൂടെ കടന്നുപോകേണ്ടിവരുന്ന രീതിക്കാണ് എതിർപ്പെന്ന് തൊഴിലാളികൾ വ്യക്തമാക്കി. നേരത്തെ 100 കണ്ടെയ്നറുകളിൽ പത്തോളം എണ്ണം മാത്രമാണ് പരിശോധനയ്ക്ക് തിരഞ്ഞെടുത്തിരുന്നതെന്നും പുതിയ ക്രമീകരണത്തിൽ കൂടുതൽ കണ്ടെയ്നറുകൾ സ്കാൻ ചെയ്യേണ്ടിവരുന്നതായും അവർ ആരോപിക്കുന്നു. ഇതോടെ ചില ഡ്രൈവർമാർക്ക് ദിവസേന എട്ടും ഒൻപതും തവണ സ്കാനറിലൂടെ കടന്നുപോകേണ്ട സാഹചര്യമാണുള്ളത്. സ്കാനിങ് കൃത്യമായി ലഭിക്കാത്തതിനാൽ ഒരേ വാഹനം മൂന്നോ നാലോ തവണ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുന്നതായും പരാതിയുണ്ട്.
ആവർത്തിച്ചുള്ള സ്കാനിങ്ങിനെ തുടർന്ന് ചില ഡ്രൈവർമാർക്ക് തലകറക്കം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായാണ് തൊഴിലാളികളുടെ ആരോപണം. കടുത്ത ചൂടിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ സ്കാനറിലൂടെ വാഹനമോടിക്കേണ്ടിവരുന്നതും ആശങ്ക ഉയർത്തുന്നു. സ്കാനിങ് സംവിധാനത്തിന്റെ സുരക്ഷയും ഡ്രൈവർമാർക്കുണ്ടാകാവുന്ന ആരോഗ്യപ്രത്യാഘാതങ്ങളും ശാസ്ത്രീയമായി പരിശോധിക്കണമെന്നാണ് ആവശ്യം.
സ്കാനിങ് സംവിധാനം ആരംഭിച്ചപ്പോൾ കരാർ ഏറ്റെടുത്ത സ്വകാര്യ സ്ഥാപനം പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെ സുരക്ഷാ വസ്ത്രങ്ങളോടെ നിയോഗിച്ചിരുന്നുവെന്നും പിന്നീട് സാമ്പത്തിക ചെലവ് ചൂണ്ടിക്കാട്ടി ഇവരെ ഒഴിവാക്കിയെന്നുമാണ് തൊഴിലാളി പ്രതിനിധികളുടെയും ആരോപണം. ഒരു സ്കാനിങ്ങിന് ഏകദേശം 500 രൂപ ചെലവ് വരുന്നതാണ് ജീവനക്കാരെ ഒഴിവാക്കാൻ കാരണമായതെന്നും അവർ പറയുന്നു. ഇതോടെ സ്കാനിങ് നടത്തേണ്ട ഉത്തരവാദിത്വം സാധാരണ കണ്ടെയ്നർ ഡ്രൈവർമാരിലേക്ക് മാറിയെന്നാണ് പരാതി.
മറ്റ് തുറമുഖങ്ങളിലെന്നപോലെ ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിയശേഷം സ്കാനിങ് നടത്താൻ കഴിയുന്ന സംവിധാനം വല്ലാർപാടത്തും ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. അതിന് സാധ്യമല്ലെങ്കിൽ പ്രത്യേക സുരക്ഷാ പരിശീലനവും ഉപകരണങ്ങളുമുള്ള ജീവനക്കാരെ വീണ്ടും നിയോഗിക്കണം. കൊച്ചി തുറമുഖത്തെ കയറ്റുമതി വിഭാഗത്തിൽ ഡ്രൈവർമാരെ ഒഴിവാക്കിയുള്ള സ്കാനിങ് സംവിധാനം നിലവിലുണ്ടെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
സ്കാനിങ് സംവിധാനം സ്ഥാപിച്ച ഘട്ടത്തിൽത്തന്നെ സുരക്ഷാ ആശങ്കകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും ചർച്ചകളും നടന്നിരുന്നതായും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ഒക്ടോബർ 22ന് കസ്റ്റംസ് കമ്മിഷണർക്ക് നിവേദനം നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്നാണ് ആരോപണം.
വിവിധ തൊഴിലാളി സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധം. ഡ്രൈവർമാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതുവരെ സ്കാനിങ്ങിന് വിധേയമാകേണ്ട കണ്ടെയ്നറുകളുടെ നീക്കത്തിൽനിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം.
സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്നപരിഹാരത്തിനായി അധികൃതർ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. തുറമുഖ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടും അധികൃതർ സ്വീകരിക്കുന്ന സമീപനം നിരുത്തരവാദപരമാണെന്നും തൊഴിലാളികളുടെ ന്യായമായ സുരക്ഷാ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.എസ്. ആഷിക്, ജനറൽ കൺവീനർ ചാൾസ് ജോർജ് എന്നിവർ സമരത്തിൽ ഉറച്ചുനിൽക്കുന്ന തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന ബദൽ സ്കാനിങ് സംവിധാനം നടപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര ചർച്ച നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം.
