തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രില്‍ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രില്‍ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്

കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

കേരളത്തില്‍ ഏപ്രില്‍ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രില്‍ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ് ഐ ആറിനുശേഷം മാർച്ച്‌ 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.

പോരാട്ടം പൊടിപാറും

കേരളത്തില്‍ മൂന്നാം തുടർ ഭരണം എല്‍ ഡി എഫ് ലക്ഷ്യമിടുമ്ബോള്‍ അധികാര വഴിയില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്. തമിഴ്നാട്ടിലാകട്ടെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡി എം കെ സർക്കാരും തുടർ ഭരണമാണ് ലക്ഷ്യമിടുന്നത്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ എ ഐ എ ഡി എം കെ ഭരണത്തില്‍ തിരിച്ചെത്താമെന്ന സ്വപ്നം കാണുമ്ബോള്‍ നടൻ വിജയ് നയിക്കുന്ന ടി വി കെയുടേത് അത്ഭുത വിജയമെന്ന സ്വപ്നമാണ്. 34 വർഷത്തെ സി പി എം ഭരണത്തിന് അറുതിവരുത്തി 2011 ല്‍ അധികാരത്തിലേറിയ മമതയുടെ തൃണമൂല്‍ ബംഗാളില്‍ തുടർച്ചയായ നാലാം ഭരണകാലത്തിനായുള്ള പോരാട്ടത്തിലാണ്. ശക്തമായ വെല്ലുവിളിയുയർത്തുന്ന ബി ജെ പി, ബംഗാള്‍ ജനതയും ഡബിള്‍ എഞ്ചിൻ സർക്കാരിനെ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്. അധികാര വഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ സി പി എമ്മും കോണ്‍ഗ്രസും പങ്കുവയ്ക്കുന്നുണ്ട്. അസമില്‍ ബി ജെ പി അധികാര തുടർച്ച ലക്ഷ്യമിടുമ്ബോള്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. പുതുച്ചേരിയിലും സമാനമാണ് അവസ്ഥ.

കേരളം ബൂത്തിലെത്തുമ്ബോള്‍ അറിയേണ്ടതെല്ലാം

ആകെ വോട്ടർമാർ 2,71,11,856 (മാർച്ച്‌ 13 വരെ)

സ്ത്രീ വോട്ടർമാർ 1.38 കോടിയിലധികം

പുരുഷ വോട്ടർമാർ 1.32 കോടിയിലധികം

ഭിന്നലിംഗ വോട്ടർമാർ 227

18-19 വയസ്സിന് ഇടയിലുളളവർ 4,24,518

ആകെ പോളിങ് ബൂത്തുകള്‍ 30,471

കൂടിയ പോളിങ് ബൂത്തുകള്‍ 5034

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 41

ഇനിയും വോട്ട് ചേർക്കാം

നാമനിർദേശ പത്രിക നല്‍കാനുളള ദിവസം വരെ വോട്ട് ചേർക്കാം

18 വയസ്സ് പൂർത്തിയായവർക്ക് അവസരം

എസ് ഐ ആറില്‍ പേര് ചേ‍ർക്കാൻ കഴിയാത്തവർക്കും അവസരം