ബിസിനസ് നിലനിൽപ്പ് തെളിയിച്ചാൽ GST രജിസ്ട്രേഷൻ പുനഃസ്ഥാപിക്കണം – കൊൽക്കത്ത ഹൈക്കോടതി; ഗവൺമെന്റ് കോൺട്രാക്ടർമാർക്ക് നിർണ്ണായക വിധി

ബിസിനസ് നിലനിൽപ്പുള്ളതായി തെളിയിക്കുന്ന സാഹചര്യത്തിൽ, റദ്ദാക്കിയ ചരക്ക് സേവന നികുതി (GST) രജിസ്ട്രേഷൻ വീണ്ടും സജീവമാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശം നൽകി. ബാലാജി പോളികോൺ & ഓർസ് vs. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് സ്റ്റേറ്റ് ടാക്സ് (GST) എന്ന കേസിലാണ് കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2023 ഫെബ്രുവരി 17-ന് വഞ്ചന, മനഃപൂർവ്വം തെറ്റായ പ്രസ്താവന, വസ്തുത മറച്ചുവെക്കൽ എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ബാലാജി പോളികോണിന്റെ GST രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. 2023 മെയ് 15-ന് രജിസ്ട്രേഷൻ പുനഃസ്ഥാപിക്കണമെന്ന അപേക്ഷ നിരസിക്കുകയും 2024 മെയ് 21-ന് CGST/WBGST നിയമത്തിലെ സെക്ഷൻ 107 പ്രകാരമുള്ള അപ്പീൽ തള്ളുകയും ചെയ്തിരുന്നു.
ആദ്യ റദ്ദാക്കൽ നടപടിക്ക് ആക്കം കൂട്ടിയത്, 2023 ജനുവരി 4-ന് നടന്ന വകുപ്പ് പരിശോധനയിൽ രജിസ്റ്റർ ചെയ്ത വിലാസത്തിൽ ബിസിനസ്സ് പ്രവർത്തനം കണ്ടെത്താനായില്ല എന്ന കണ്ടെത്തലാണ്. തുടർന്ന്, വകുപ്പിന്റെ ആരോപണം, രജിസ്ട്രേഷൻ വഞ്ചനാപരമായി നേടുകയും വസ്തുതകൾ മറച്ചുവെക്കുകയും ചെയ്‌തെന്നുമായിരുന്നു. ഇതിനെതിരെ ഹർജി സമർപ്പിച്ചപ്പോൾ, 2024 ഓഗസ്റ്റ് 21-ന് ഹൈക്കോടതി WBGST/CGST നിയമത്തിലെ റൂൾ 25 പ്രകാരം ബിസിനസ്സ് സ്ഥലത്തിന്റെ ഭൗതിക പരിശോധന നടത്താൻ സംസ്ഥാന നികുതി അധികാരികൾക്ക് നിർദ്ദേശം നൽകി. 2022 ഓഗസ്റ്റ് 30-ന് സ്ഥാപന ഉടമസ്ഥയും സ്ഥല ഉടമയായ മനോരമ ദത്തയും തമ്മിലുള്ള കരാർ രേഖ ഉൾപ്പെടെ പ്രധാന തെളിവുകൾ കോടതി രേഖപ്പെടുത്തി.
രണ്ടാമത്തെ പരിശോധനയ്ക്ക് ശേഷം, 2025 ഫെബ്രുവരി 25-ന് സമർപ്പിച്ച റിപ്പോർട്ടിൽ, ബാലാജി പോളികോണിന്റെ ബിസിനസ്സ് സ്ഥാപനം അറിയിച്ച വിലാസത്തിൽ നിലവിലുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം, കോടതി ശ്രദ്ധയിൽപ്പെടുത്തിയ റിപ്പോർട്ടിന്റെ ഒറിജിനൽ പോലും ഹാജരാക്കിയില്ലെന്നത് കോടതി വിമർശിച്ചു. എന്നിരുന്നാലും, റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം, രജിസ്ട്രേഷൻ റദ്ദാക്കാനുള്ള പ്രാരംഭ കാരണങ്ങൾ ഇനി നിലനിൽക്കാത്തതിനാൽ, 2023 ഫെബ്രുവരി 17-ലെ റദ്ദാക്കൽ ഉത്തരവും തുടർന്ന് പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും കോടതി റദ്ദാക്കി.
GST പോർട്ടലിൽ രജിസ്ട്രേഷൻ ഉടൻ പുനഃസ്ഥാപിക്കാനും, രജിസ്ട്രേഷൻ സജീവമാക്കിയ തീയതി മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ എല്ലാ ബാക്കി GST റിട്ടേണുകളും സമർപ്പിക്കുകയും ബാധകമായ നികുതി, പലിശ, പിഴ, മറ്റ് കുടിശ്ശികകൾ അടയ്ക്കുകയും വേണമെന്ന വ്യവസ്ഥയും കോടതി വിധിയിൽ ഉൾപ്പെടുത്തി. ഹർജി, 2025-ലെ CAN 2 എന്ന അപേക്ഷയോടെ തീർപ്പാക്കി.
കേരളത്തിലെ ഗവൺമെന്റ് കോൺട്രാക്ടർമാർക്ക് ഈ വിധിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളുടെ നിർമാണ, കുടിവെള്ളം, വൈദ്യുതി, റോഡ്, പൊതുമേഖലാ ടെൻഡർ പ്രവൃത്തികൾ ഏറ്റെടുക്കുന്ന കോൺട്രാക്ടർമാർക്ക്, പലപ്പോഴും ബിൽ തുക മാസങ്ങളോളം വൈകിയേ ലഭിക്കാറുള്ളൂ. GST നിയമപ്രകാരം ഇൻവോയ്സ് നൽകിയ മാസത്തിനുള്ളിൽ തന്നെ GST റിട്ടേൺ ഫയൽ ചെയ്ത് നികുതി അടയ്ക്കേണ്ടതിനാൽ, പണം ലഭിക്കാതെ GST അടയ്ക്കാൻ കഴിയാത്ത അവസ്ഥ പതിവാണ്. ഇതോടെ GST റിട്ടേൺ തുടർച്ചയായി സമർപ്പിക്കാത്തതിനാൽ, വകുപ്പ് suo moto ആയി രജിസ്ട്രേഷൻ റദ്ദാക്കും.
റജിസ്ട്രേഷൻ റദ്ദായാൽ കോൺട്രാക്ടർമാർക്ക് പുതിയ ടെൻഡറുകളിൽ പങ്കെടുക്കാനാകാതെ പോകുകയും, നിലവിലുള്ള കരാറുകളിൽ GST ഇൻപുട്ട് ക്ലെയിം നഷ്ടപ്പെടുകയും, ബാങ്കിംഗ് ഇടപാടുകൾ തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ കൊൽക്കത്ത ഹൈക്കോടതി നൽകിയിരിക്കുന്ന വിധി പ്രകാരം, ബിസിനസ്സ് നിലനിൽക്കുന്നുവെന്നത് രേഖകൾ സഹിതം തെളിയിക്കാൻ കഴിയുന്ന കോൺട്രാക്ടർമാർക്ക്, രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.
ബിസിനസ്സ് നിലവിലുള്ളതായി തെളിയിക്കാൻ, കോൺട്രാക്ടർമാർ ഓഫീസ് വിലാസ രേഖകൾ, കരാർ രേഖകൾ, പ്രവർത്തന ചിത്രങ്ങൾ, മെറ്റീരിയൽ സപ്ലൈ ബില്ലുകൾ, തൊഴിലാളി വേതന രേഖകൾ തുടങ്ങിയ തെളിവുകൾ സമർപ്പിക്കണം. രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചതിന് ശേഷം, എല്ലാ ബാക്കി GST റിട്ടേണുകളും സമർപ്പിച്ച്, ബാധകമായ നികുതി, പലിശ, പിഴ എന്നിവ അടച്ച് അക്കൗണ്ട് റെഗുലറൈസ് ചെയ്യേണ്ടതുമുണ്ട്.
നിയമപരമായി, Section 29, CGST Act, 2017 രജിസ്ട്രേഷൻ റദ്ദാക്കലിനും പിൻവലിക്കുന്നതിനുമുള്ള അധികാരം നൽകുന്നു. Rule 25, CGST Rules, 2017 പ്രകാരം ഭൗതിക പരിശോധന നടത്താനുള്ള പ്രക്രിയ വ്യക്തമാക്കിയിരിക്കുന്നു. ഹൈക്കോടതി ഇപ്പോൾ നൽകിയിരിക്കുന്ന വിധി, ഈ വ്യവസ്ഥകളെ അടിസ്ഥാനമാക്കി, ബിസിനസ്സ് നിലനിൽപ്പുള്ളതിനാൽ റദ്ദാക്കൽ തുടരാനാവില്ലെന്ന് വ്യക്തമാക്കുന്നു.
ടാക്സ് കേരളയുടെ വിലയിരുത്തൽ പ്രകാരം, സർക്കാർ കരാർ പ്രവൃത്തികളിൽ പേയ്‌മെന്റ് ലഭിക്കുന്ന തീയതിയെ അടിസ്ഥാനമാക്കി റിട്ടേൺ ഫയലിംഗിനുള്ള സമയം അനുവദിക്കുന്ന തരത്തിലുള്ള നിയമപരിഷ്കാരം, GST വകുപ്പ് ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. ഇതോടെ കോൺട്രാക്ടർമാർക്ക് അനാവശ്യമായ രജിസ്ട്രേഷൻ റദ്ദാക്കലുകളും തുടർന്ന് പലിശ-പിഴ അടക്കമുള്ള സാമ്പത്തിക ബാധ്യതകളും ഒഴിവാക്കാൻ കഴിയും.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/CjUtBF9quSZKkxZXxMEXYf?mode=ac_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....