ജിഎസ്ടി നികുതിദായക ബോധവൽക്കരണ ക്യാംപുകൾ നവംബർ 11 മുതൽ; 100 ദിവസത്തെ പ്രത്യേക പരിപാടിയുമായി സെൻട്രൽ ജിഎസ്ടി

ജിഎസ്ടി നികുതിദായക ബോധവൽക്കരണ ക്യാംപുകൾ നവംബർ 11 മുതൽ; 100 ദിവസത്തെ പ്രത്യേക പരിപാടിയുമായി സെൻട്രൽ ജിഎസ്ടി

കൊച്ചി: ജിഎസ്ടി നിയമങ്ങളിലും നടപടിക്രമങ്ങളിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ച് നികുതിദായകർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും നികുതി സംബന്ധമായ സംശയങ്ങൾക്കും പ്രായോഗിക ബുദ്ധിമുട്ടുകൾക്കും പരിഹാരം നൽകുന്നതിനുമായി സെൻട്രൽ ജിഎസ്ടി കൊച്ചി കമ്മിഷണറേറ്റ് 100 ദിവസത്തെ പ്രത്യേക നികുതിദായക ബോധവൽക്കരണ-സഹായ പരിപാടി സംഘടിപ്പിക്കുന്നു.


ജിഎസ്ടി നിയമവ്യവസ്ഥകൾ, നികുതി അനുസരണ നടപടികൾ, രജിസ്ട്രേഷൻ, റീഫണ്ട് തുടങ്ങിയ മേഖലകളിലെ പുതിയ മാറ്റങ്ങൾ നികുതിദായകർക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. വ്യാപാരികൾ, സേവനദാതാക്കൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർ (MSME), കയറ്റുമതിക്കാർ തുടങ്ങിയവർക്ക് പരിപാടി പ്രയോജനപ്പെടും.


ആദ്യ ബോധവൽക്കരണ ക്യാംപ് നവംബർ 11ന് രാവിലെ 10.30ന് എറണാകുളം ഐ.എസ്. പ്രസ് റോഡിലെ സെൻട്രൽ ജിഎസ്ടി കൊച്ചി കമ്മിഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. നവംബർ 26ന് ജിഎസ്ടി റീഫണ്ടുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസും ഇതേ ഓഫീസിൽ സംഘടിപ്പിക്കും.


ഡിസംബർ 16ന് ജിഎസ്ടി രജിസ്ട്രേഷനിലെ മാറ്റങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി പെരുമ്പാവൂർ കുന്നത്തൻ റെസിഡൻസിയിൽ നടക്കും.


ജിഎസ്ടി നിയമത്തിലെ മാറ്റങ്ങൾ സംബന്ധിച്ച വ്യക്തത ഉറപ്പാക്കുന്നതിനൊപ്പം നികുതിദായകർ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാനും നികുതി നടപടികൾ കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് സെൻട്രൽ ജിഎസ്ടിയുടെ പ്രത്യേക പരിപാടി.