ജിഎസ്ടി റിട്ടേൺ വൈകിയെന്ന കാരണത്താൽ മാത്രം ഐടിസി നിഷേധിക്കാനാവില്ല; കേരള ഹൈക്കോടതി

കൊച്ചി: ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന കാരണത്താൽ മാത്രം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ജിഎസ്ടി നിയമത്തിലെ സെക്ഷൻ 16(5) പ്രകാരമുള്ള ഇളവിന് അർഹതയുള്ള നികുതിദായകരുടെ ഐടിസി അവകാശം സെക്ഷൻ 16(4) പ്രകാരമുള്ള പഴയ സമയപരിധി ചൂണ്ടിക്കാട്ടി നിരസിക്കരുതെന്നാണ് കോടതിയുടെ നിലപാട്.
മായ വിനോദ് വേഴ്സസ് അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2026 ഒക്ടോബർ ഒന്നിന് പുറപ്പെടുവിച്ച വിധിയിൽ, 2018–19 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട ഐടിസി നിഷേധിച്ച നികുതി നിർണയ ഉത്തരവ് കോടതി റദ്ദാക്കി.
2018 ഏപ്രിൽ ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിലെ ഐടിസിയാണ് കേസിന് ആധാരം. 2019 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ജിഎസ്ടി റിട്ടേണുകൾ സെക്ഷൻ 16(4) പ്രകാരമുള്ള യഥാർത്ഥ സമയപരിധിക്കുള്ളിൽ സമർപ്പിച്ചില്ലെന്ന കാരണത്താൽ നികുതി വകുപ്പ് സെക്ഷൻ 73 പ്രകാരം ഐടിസി നിഷേധിച്ചിരുന്നു.
എന്നാൽ 2017–18 മുതൽ 2020–21 വരെയുള്ള സാമ്പത്തിക വർഷങ്ങളുമായി ബന്ധപ്പെട്ട്, 2021 നവംബർ 30നോ അതിനുമുമ്പോ ആവശ്യമായ റിട്ടേൺ സമർപ്പിച്ചിട്ടുള്ളവർക്ക് സെക്ഷൻ 16(5) പ്രകാരം മുൻകാല പ്രാബല്യത്തോടെ ഐടിസി സമയപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
കേസിലെ രേഖകൾ പരിശോധിച്ച ഹൈക്കോടതി, നികുതിദായക 2019 ഫെബ്രുവരിയിലെ റിട്ടേൺ 2019 നവംബർ 13നും മാർച്ചിലെ റിട്ടേൺ 2019 നവംബർ 27നും സമർപ്പിച്ചതായി കണ്ടെത്തി. രണ്ട് റിട്ടേണുകളും സെക്ഷൻ 16(5) പ്രകാരമുള്ള 2021 നവംബർ 30 എന്ന അവസാന തീയതിക്ക് മുമ്പ് സമർപ്പിച്ചതിനാൽ നിയമത്തിലെ ഇളവിന് അർഹതയുണ്ടെന്ന് കോടതി വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഐടിസി നിഷേധിച്ച ഉത്തരവ് റദ്ദാക്കിയ കോടതി, സെക്ഷൻ 16(5) പരിഗണിച്ച് വിഷയം വീണ്ടും പരിശോധിക്കാൻ നികുതി നിർണയ അധികാരിക്ക് നിർദേശം നൽകി. അതേസമയം, ഐടിസി അനുവദിക്കുന്നതിനുള്ള മറ്റ് നിയമപരമായ നിബന്ധനകളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
ജിഎസ്ടി നിയമത്തിലെ പുതിയ ഭേദഗതി പരിഗണിക്കാതെ പഴയ സമയപരിധി മാത്രം അടിസ്ഥാനമാക്കി ഐടിസി നിഷേധിച്ചിട്ടുള്ള സമാന കേസുകളിലെ നികുതിദായകർക്ക് വിധി പ്രാധാന്യമർഹിക്കുന്നു. എന്നാൽ എല്ലാ വൈകിയ റിട്ടേണുകൾക്കും സ്വയമേവ ഐടിസി ലഭിക്കുമെന്നല്ല വിധിയുടെ അർത്ഥം. സെക്ഷൻ 16(5) പ്രകാരമുള്ള സമയപരിധിയും മറ്റ് നിയമപരമായ വ്യവസ്ഥകളും പാലിച്ചിരിക്കണം.