വ്യാജ റീഫണ്ട് ക്ലെയിം: തിരുത്തിയില്ലെങ്കിൽ കനത്ത പിഴയും നിയമനടപടിയും —ഈ മാസം 31 അവസാന അവസരം

ന്യൂഡൽഹി • വ്യാജ റീഫണ്ട് ക്ലെയിം ഉൾപ്പെടുത്തി ആദായനികുതി റിട്ടേൺ സമർപ്പിച്ചവരും ഇതിനകം നൽകിയ റിട്ടേണിൽ തിരുത്തൽ വരുത്താൻ താൽപര്യപ്പെടുന്നവരും ഈ മാസം 31ന് മുൻപ് പുതുക്കിയ റിട്ടേൺ നൽകണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. 2025–26 കണക്കെടുപ്പ് വർഷത്തിൽ ഇതുവരെ പതിനഞ്ച് ലക്ഷത്തിലധികം നികുതിദായകർ പുതുക്കിയ റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കും ജീവകാരുണ്യ സംഘടനകൾക്കും സംഭാവന നൽകിയതായി കാണിച്ച് ചിലർ തെറ്റായ ഡിഡക്ഷൻ ആവശ്യപ്പെട്ടതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വ്യാജ ക്ലെയിമുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട നികുതിദായകർക്ക് വകുപ്പിൽ നിന്ന് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇത്തരത്തിൽ അറിയിപ്പ് ലഭിച്ചവർ നിർബന്ധമായും റിട്ടേൺ പുതുക്കി സമർപ്പിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, വൈകിയ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതിയും ഈ മാസം 31 തന്നെയാണെന്ന് ബോർഡ് അറിയിച്ചു. വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ളവർക്ക് അയ്യായിരം രൂപയും, അഞ്ചുലക്ഷം രൂപയ്ക്കു താഴെയുള്ളവർക്ക് ആയിരം രൂപയും ലേറ്റ് ഫീയായി അടയ്ക്കേണ്ടിവരും. എന്നാൽ നേരത്തെ റിട്ടേൺ സമർപ്പിച്ചവർ അത് തിരുത്തുന്നതിനായി പുതുക്കിയ റിട്ടേൺ നൽകുമ്പോൾ അധിക പിഴ ചുമത്തുകയില്ലെന്നും അധികൃതർ അറിയിച്ചു.
തെറ്റായ റീഫണ്ട് ക്ലെയിമുകൾ പിന്നീട് പിഴയും പലിശയും ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നയിക്കാമെന്നതിനാൽ, നികുതിദായകർ രേഖകൾ പരിശോധിച്ച് സമയപരിധിക്കുള്ളിൽ ശരിയായ രീതിയിൽ റിട്ടേൺ പുതുക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശിച്ചു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/HAbYfd8FEk3ASYuStRBTVz?mode=wwt
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ..

