ഓപ്പറേഷൻ ഹണിഡ്യൂക്സ് : സോഫ്റ്റ്‌വെയർ കളിയിൽ 157 കോടി രൂപയുടെ ജി.എസ്.ടി വിറ്റു വരവ് വെട്ടിപ്പ്: 42 റസ്റ്റോറന്റുകളിൽ ഒരേസമയം റെയ്ഡ്

ഓപ്പറേഷൻ ഹണിഡ്യൂക്സ് : സോഫ്റ്റ്‌വെയർ കളിയിൽ 157 കോടി രൂപയുടെ ജി.എസ്.ടി വിറ്റു വരവ് വെട്ടിപ്പ്: 42 റസ്റ്റോറന്റുകളിൽ ഒരേസമയം റെയ്ഡ്

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗവും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ചേർന്ന് സംയുക്തമായി നടത്തിയ “ഓപ്പറേഷൻ ഹണിഡ്യൂക്സ്” എന്ന വ്യാപക പരിശോധന കേരളത്തിലെ റസ്റ്റോറന്റ് മേഖലയിലെ വൻതോതിലുള്ള നികുതി വെട്ടിപ്പുകളെ വെളിച്ചത്തുകൊണ്ടുവന്നു.

ഒക്ടോബർ 22-ന് വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച പരിശോധന ഒക്ടോബർ 23-ന് പുലർച്ചെവരെ നീണ്ടുനിന്നു. സംസ്ഥാനത്തുടനീളം 41 യൂണിറ്റുകളായി പ്രവർത്തിച്ച ജി.എസ്.ടി ഇന്റലിജൻസ്-എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ 42 റസ്റ്റോറന്റുകളിൽ ഒരേസമയം റെയ്ഡ് നടത്തി.

പരിശോധനയിൽ 157.87 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.89 കോടി രൂപയുടെ നികുതി വെട്ടിപ്പും പുറത്തുവന്നു. ഇതുവരെ 68.80 ലക്ഷം രൂപ പിരിച്ചെടുക്കാനും വകുപ്പിന് സാധിച്ചു. ഓരോ ജില്ലകളിലെയും പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹൈവേ മാർഗങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.

വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ വെളിവായത്, പല റസ്റ്റോറന്റുകളും ഓരോ ദിവസവും ബിൽ നമ്പർ “1” മുതൽ തുടങ്ങി ബില്ലുകൾ ഇറക്കുന്നതാണ്. ഇതിലൂടെ ആ ദിവസത്തെ മാത്രം കണക്കുകൾ രേഖപ്പെടുത്തുകയും മാസാന്തമായ മൊത്തം വിറ്റുവരവ് മറയ്ക്കാനാവുകയും ചെയ്യുന്നു. അതുപോലെ ജി.എസ്.ടി റിട്ടേണിൽ (GSTR-1, 3B) കാണിച്ചിട്ടുള്ള വിൽപ്പന കണക്കുകളും യഥാർത്ഥ ബില്ലുകളുമായി പൊരുത്തപ്പെടുന്നില്ലെന്നതും കണ്ടെത്തി. ചിലർ ഇ-പോസ്സ് സിസ്റ്റം ഉപയോഗിച്ചിട്ടും കയ്യെഴുത്ത് ബില്ലുകൾ മുഖേന വേറിട്ട കണക്കുകൾ സൂക്ഷിക്കുന്നതായി കണ്ടെത്തി.

വകുപ്പ് കണ്ടെത്തിയ മറ്റൊരു ഗുരുതരമായ ക്രമവിരുദ്ധത, പല റസ്റ്റോറന്റുകളും ഉപഭോക്താവിന് ബിൽ കൈമാറാതെ അത് തിരിച്ചെടുക്കുന്ന ഒരു പതിവ് രീതിയാണ് സ്വീകരിച്ചിരുന്നത്. ബിൽ നൽകുന്നതായി നടിച്ചെങ്കിലും അത് കൈവശം സൂക്ഷിച്ച് പിന്നീടത് കണക്കുകളിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് ഇവരുടെ രീതി. ഉപഭോക്താവിന് ബിൽ ലഭിക്കാതായതോടെ നികുതി രേഖകളിൽ അതിനുള്ള തെളിവും ഇല്ലാതാകുന്നു. ഇതുവഴി വിറ്റുവരവിന്റെ ഒരു വലിയ വിഹിതം ഒളിപ്പിക്കാനും നികുതി അടയ്ക്കാതിരിക്കാൻ വഴിയൊരുങ്ങുന്നു.

ഓരോ ദിവസത്തെയും ബില്ലിംഗ് വിശദാംശങ്ങൾ പ്രത്യേകം കണക്കാക്കി സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തി, യഥാർത്ഥ വിൽപ്പനയും അക്കൗണ്ടിംഗിലും കാണിക്കുന്ന കണക്കുകളും തമ്മിൽ പൊരുത്തം ഇല്ലാതാക്കുന്നതാണ് ഈ വെട്ടിപ്പുകളുടെ പ്രധാന രീതി. പ്രത്യേക സോഫ്റ്റ്‌വെയറുകളിലൂടെ ബിൽ റീസെറ്റ് ചെയ്യുക, പഴയ എൻട്രികൾ മായ്ച്ചുകളയുക, ഡാറ്റാ ഫയലുകൾ മാറ്റിവയ്ക്കുക തുടങ്ങിയവയും ചില സ്ഥാപനങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

വകുപ്പ് അധികൃതർ അറിയിച്ചു: “റസ്റ്റോറന്റുകളിൽ ബില്ല് ആവശ്യപ്പെടുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. ബിൽ നൽകാത്ത സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങുന്നത് സർക്കാരിന് നേരിട്ടുള്ള നികുതി നഷ്ടമാണ് വരുത്തുന്നത്.”

ഇത്തരം വെട്ടിപ്പുകൾക്കെതിരെ അന്വേഷണവും നടപടികളും തുടരുമെന്ന് അറിയുന്നു. കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു നികുതി, പലിശ, പിഴ എന്നിവ അടയ്ക്കുന്നതിനുള്ള നോട്ടീസുകൾ നൽകിയിട്ടുണ്ട്. ചിലർക്കു ഡിമാൻഡ് ഓർഡറും കൈമാറിയിട്ടുണ്ട്.

“ഓപ്പറേഷൻ ഹണിഡ്യൂക്സ്” വഴി സംസ്ഥാന ജി.എസ്.ടി വകുപ്പിന് വൻതോതിലുള്ള വെട്ടിപ്പുകൾ വെളിച്ചത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഫുഡ് സർവീസ് മേഖലയിലെ അക്കൗണ്ടിംഗ് ക്രമക്കേടുകൾക്കും സോഫ്റ്റ്‌വെയർ വഴി നടത്തുന്ന കൃത്രിമങ്ങൾക്കും എതിരായ നടപടി ഇനി കൂടുതൽ കർശനമാകും. രണ്ടാം ഘട്ടത്തിൽ ബേക്കറികൾ, കാറ്ററിംഗ് യൂണിറ്റുകൾ, ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ എന്നിവയിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് ഉറവിടങ്ങൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്തിന്റെ നികുതി സമാഹരണത്തിൽ ഗണ്യമായ നഷ്ടം വരുത്തിയ ഈ വെട്ടിപ്പുകൾക്കെതിരെ വകുപ്പിന്റെ നിരീക്ഷണം തുടരുമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പിടിച്ചെടുപ്പുകളും നടപടി റിപ്പോർട്ടുകളും ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/Cy7BlCpi8zT1EPlwRdG84A?mode=wwt

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....