ജി.എസ്.ടി. നിരക്കിൽ വന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ; പഴയ രീതിയിൽ ബില്ല് കൊടുത്താൽ കടുത്ത നിയമ നടപടി

2025 സെപ്റ്റംബർ 3 ന് ചേർന്ന 56-) മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം, ജി.എസ്.ടി. ബാധകമായ ഒട്ടനവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറത്തിറങ്ങി. നികുതി നിരക്കിലുള്ള ഈ മാറ്റങ്ങൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ:
പുതുക്കിയ നികുതി നിരക്കിനനുസരിച്ചുള്ള ടാക്സ് ഇൻവോയ്‌സുകൾ 2025 സെപ്തംബർ 22 മുതൽ നല്കുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിംഗ് സോഫ്റ്റ് വെയർ സംവിധാനത്തിൽ തയ്യാറാക്കുക.
2025 സെപ്റ്റംബർ 21 ലെ ക്ലോസിംഗ് സ്റ്റോക് പ്രത്യേകം രേഖപ്പെടുത്തിവയ്ക്കുക.
2025 സെപ്റ്റംബർ 21 വരെ നികുതിബാധ്യത ഉള്ളതും, 2025 സെപ്തംബർ 22 മുതൽ നികുതിബാധ്യത ഒഴിവാക്കിയിട്ടുള്ളതുമായ സാധനങ്ങളുടെ, 2025 സെപ്റ്റംബർ 21 ലെ ക്ലോസിംഗ് സ്റ്റോക്കിന് ആനുപാതികമായ ഇൻപുട് ടാക്സ് ക്രെഡിറ്റ്, 2025 സെപ്തംബർ 22 മുതൽ 30 ദിവസത്തിനുള്ളിൽ FORM GST ITC - 03 ഫയൽ ചെയ്ത് റിവേഴ്‌സ് ചെയ്യേണ്ടതാണ്.
2025 സെപ്തംബർ 21 വരെ നികുതിബാധ്യത ഉള്ളതും, 2025 സെപ്തംബർ 22 മുതൽ നികുതിബാധ്യത ഒഴിവാക്കിയിട്ടുള്ളതുമായ സേവനങ്ങൾ സപ്ലൈ ചെയ്യുന്നവർ, പ്രസ്തുത സേവനം സപ്ലൈ ചെയ്യുന്നതിന്റെ ആവശ്യത്തിലേക്കായി നികുതി നൽകിയ ചരക്കുകൾ സ്റ്റോക്കിലിരിക്കുകയാണെങ്കിൽ, 2025 സെപ്തംബർ 21 ലെ ക്ലോസിംഗ് സ്റ്റോക്കിന് ആനുപാതികമായ ഇൻപുട് ടാക്സ് ക്രെഡിറ്റ്, 2025 സെപ്റ്റംബർ 22 മുതൽ 30 ദിവസത്തിനുള്ളിൽ FORM GST ITC - 03 ഫയൽ ചെയ്ത് റിവേഴ്‌സ് ചെയ്യേണ്ടതാണ്.
2025 സെപ്റ്റംബർ 21 വരെ നികുതിബാധ്യത ഉള്ളതും ഇൻപുട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ച് നികുതി ഒടുക്കുന്നതിന് അനുവദനീയവുമായിരുന്ന സേവനങ്ങൾക്ക്, 2025 സെപ്തംബർ 22 മുതൽ Without ITC എന്ന നിബന്ധനക്ക് വിധേയമായി പുതുക്കിയ 5% നിരക്കിൽ ജി.എസ്.ടി. ഒടുക്കേണ്ടിവരുന്നവർ, പ്രസ്തുത സേവനം നൽകുന്നതിനായി ജി.എസ്.ടി. നൽകിക്കൊണ്ട് സ്വീകരിച്ച് സ്റ്റോക്കിലുള്ള (2025 സെപ്റ്റംബർ 21 ലെ ക്ലോസിംഗ് സ്റ്റോക്ക്) സാധനങ്ങളുടെയും / 2025 സെപ്തംബർ 22 മുതൽ ജി.എസ്.ടി. നൽകിക്കൊണ്ട് സ്വീകരിക്കുന്ന സാധനങ്ങളുടെയും, സേവനങ്ങളുടെയും ഇൻപുട് ടാക്സ് ക്രെഡിറ്റ് GSTR - 3B റിട്ടേണിലെ ടേബിൾ 4B (1) ലൂടെ റിവേഴ്‌സ് ചെയ്യേണ്ടതാണ്.
2025 സെപ്റ്റംബർ 21 വരെ കൂടിയ നിരക്കിൽ നികുതിബാധ്യത ഉള്ളതും, 2025 സെപ്തംബർ 22 മുതൽ കുറഞ്ഞ നിരക്കിൽ നികുതി ബാധ്യത ഉള്ളതുമായ സാധനങ്ങളോ, സേവനങ്ങളോ സപ്ലൈ ചെയ്യുന്നവർ, കൂടിയ നികുതി നിരക്ക് കൊടുത്തുകൊണ്ട് വാങ്ങിയ സാധനങ്ങൾ, സ്വീകരിച്ച സേവനങ്ങൾ എന്നിവയുടെ യോഗ്യതയുള്ള ഇൻപുട് ടാക്സ് ക്രെഡിറ്റ് ഉണ്ടെങ്കിൽ, അത്തരം ഇൻപുട് ടാക്സ് ക്രെഡിറ്റ് തീരുന്നതുവരെയും ഔട്ട്പുട്ട് ടാക്സ് അടക്കുന്നതിലേക്ക് സെറ്റ് ഓഫ് ചെയ്യാവുന്നതാണ്. ഇത്തരം ക്രെഡിറ്റ് നിലവിൽ റീഫണ്ടായി അനുവദിക്കുന്നതല്ല.
നികുതി നിരക്കിൽ മാറ്റം വരുന്ന സന്ദർഭങ്ങളിൽ, കേന്ദ്ര/സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 14 പ്രകാരം Time of Supply കണക്കാക്കി, പ്രസ്തുത Time of Supply ഏത് തീയതിയിലാണോ വരുന്നത് അന്നത്തെ നികുതി നിരക്കിലാണ് ജി.എസ്.ടി. ഒടുക്കേണ്ടത്. നികുതി നിരക്കിൽ മാറ്റം വരുന്ന ട്രാൻസിഷൻ കാലയളവിൽ താഴെ പറയും പ്രകാരം Time of Supply കണക്കാക്കിയ ശേഷമാണ് സെൽഫ്-അസ്സെസ്സ്സ്മെന്റ് നടത്തി നിശ്ചിത നിരക്കിൽ ജി.എസ്.ടി. ഒടുക്കേണ്ടത്.
1. സപ്ലൈ നടന്നത്, അല്ലെങ്കിൽ പൂർത്തീകരിച്ചത്, നികുതി നിരക്കിന് മാറ്റം വന്ന തീയതിക്ക് മുൻപാകുന്ന സന്ദർഭത്തിൽ, അതായത്, 2025 സെപ്തംബർ 22 ന് മുൻപ്, ജി.എസ്.ടി. ഒടുക്കേണ്ടത് താഴെ പറയും പ്രകാരമുള്ള നികുതി നിരക്കിലാണ്,
(i). നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് ശേഷം, അതായത്, 2025 സെപ്തംബർ 22 നോ അതിന് ശേഷം, സപ്ലൈയുമായി ബന്ധപ്പെട്ട് സപ്ലയർ ടാക്സ് ഇൻവോയ്‌സ് നൽകുകയും, സപ്ലയർക്ക് പ്രസ്തുത സപ്ലൈയുടെ പ്രതിഫലം ലഭിക്കുകയും ചെയ്തിട്ടുള്ളതെങ്കിൽ, ഇൻവോയ്‌സ് തീയതിയോ, സപ്ലയർക്ക് പ്രതിഫലം ലഭിച്ച തീയതിയോ, ഇവയിൽ ഏതാണോ ആദ്യം വരുന്നത് അതാണ് Time of supply. ഇവിടെ പുതുക്കിയ നിരക്കിലാണ് ജി.എസ്.ടി. ഒടുക്കേണ്ടി വരുന്നത്. അല്ലെങ്കിൽ;
(ii) നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് മുൻപ്, അതായത്, 2025 സെപ്റ്റംബർ 22 ന് മുൻപ്, സപ്ലയർ ടാക്സ് ഇൻവോയ്സ് നല്കിയിട്ടുള്ളതും. എന്നാൽ, നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് ശേഷം, അതായത്, 2025 സെപ്തംബർ 22 നോ അതിന് ശേഷമോ, ആണ് സപ്ലയർക്ക് പ്രസ്തുത സപ്ലൈയുടെ പ്രതിഫലം ലഭിചതുമെങ്കിൽ സപ്ലയർ നൽകിയ ഇൻവോയ്‌സ് തീയതി (Date of invoice) ആണ് Time of supply. ഇവിടെ പഴയ നിരക്കിലാണ് ജി.എസ്.ടി. ഒടുക്കേണ്ടി വരുന്നത്. അല്ലെങ്കിൽ;
(iii) നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് മുൻപ്, അതായത്, 2025 സെപ്തംബർ 22 ന് മുൻപ്, പ്രസ്തുത സപ്ലൈയുമായി ബന്ധപ്പെട്ട പ്രതിഫലം സപ്ലയർക്ക് ലഭിക്കുകയും. എന്നാൽ, പ്രസ്തുത സപ്ലൈയുടെ ടാക്സ് ഇൻവോയ്‌സ് നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് ശേഷം, അതായത്, 2025 സെപ്തംബർ 22 നോ അതിന് ശേഷമോ, ആണ് സപ്ലയർ നല്കിയതെങ്കിൽ, പ്രസ്തുത സപ്ലൈയുടെ പ്രതിഫലം സപ്ലയർക്ക് ലഭിച്ച തീയതിയാണ് Time of supply ആയി കണക്കാക്കേണ്ടത്. ഇവിടെ പഴയ നിരക്കിലാണ് ജി.എസ്.ടി. ഒടുക്കേണ്ടി വരുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, സാധനമോ, സേവനമോ സപ്ലൈ ചെയ്തത് 2025 സെപ്റ്റംബർ 22 ന് മുൻപാണെങ്കിൽ, ടാക്സ് ഇൻവോയ്‌സ് തീയതി, പ്രതിഫലം ലഭിച്ച തീയതി ഇവയിൽ ഏതെങ്കിലും ഒന്ന് 2025 സെപ്റ്റംബർ 22 ന് മുൻപായാൽ പ്രസ്തുത സപ്ലൈക്ക് പഴയ നികുതി നിരക്കും, ഇരു തീയതിയും 2025 സെപ്റ്റംബർ 22 നോ അതിന് ശേഷമോ ആണെങ്കിൽ പുതിയ നികുതി നിരക്കുമാകും ബാധകമാകുക.
2. സപ്ലൈ നടന്നത്, അല്ലെങ്കിൽ പൂർത്തീകരിച്ചത്, നികുതി നിരക്കിന് മാറ്റം വന്ന തീയതിക്ക് ശേഷമാണെങ്കിൽ, അതായത്, 2025 സെപ്തംബർ 22 നോ അതിന് ശേഷമോ ആണെങ്കിൽ, ജി.എസ്.ടി. ഒടുക്കേണ്ടത് താഴെ പറയും പ്രകാരമുള്ള നികുതി നിരക്കിലാണ്.
(i) നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് മുൻപ്, അതായത്, 2025 സെപ്തംബർ 22 ന് മുൻപ്, സപ്ലയർ ടാക്സ് ഇൻവോയ്സ് നല്കിയിട്ടുള്ളതും, എന്നാൽ, നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് ശേഷം, അതായത്, 2025 സെപ്തംബർ 22 നോ അതിന് ശേഷമോ, ആണ് സപ്ലയർക്ക് പ്രസ്തുത സപ്ലൈയുടെ പ്രതിഫലം ലഭിച്ചതെങ്കിൽ, സപ്ലയർക്ക് പ്രതിഫലം ലഭിച്ച തീയതിയാണ് പ്രസ്തുത സപ്ലൈയുടെ Time of supply ആയി കണക്കാക്കേണ്ടത് . ഇവിടെ പുതുക്കിയ നിരക്കിലാണ് ജി.എസ്.ടി. ഒടുക്കേണ്ടി വരുന്നത്. അല്ലെങ്കിൽ;
(ii) നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് മുൻപ് തന്നെ, അതായത്, 2025 സെപ്തംബർ 22 ന് മുൻപ്, പ്രസ്തുത സപ്ലൈയുമായി ബന്ധപ്പെട്ട് സപ്ലയർ ടാക്സ് ഇൻവോയ്‌സ് നൽകുകയും, സപ്ലയർക്ക് പ്രസ്തുത സപ്ലൈയുടെ പ്രതിഫലം ലഭിക്കുകയും ചെയ്തിട്ടുള്ളതെങ്കിൽ, ഇൻവോയ്‌സ് തീയതിയോ, സപ്ലയർക്ക് പ്രതിഫലം ലഭിച്ച തീയതിയോ, ഇവയിൽ ഏതാണോ ആദ്യം വരുന്നത് അതാണ് Time of supply. ഇവിടെ പഴയ നിരക്കിലാണ് ജി.എസ്.ടി. ഒടുക്കേണ്ടി വരുന്നത്. അല്ലെങ്കിൽ;
(iii) നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് മുൻപ് തന്നെ, അതായത്, സെപ്തംബർ 22 ന് മുൻപ്, പ്രസ്തുത സപ്ലൈയുമായി ബന്ധപ്പെട്ട പ്രതിഫലം സപ്ലയർക്ക് ലഭിക്കുകയും, എന്നാൽ, നികുതി നിരക്കിൽ മാറ്റം വരുത്തിയതിന് ശേഷം, അതായത്, 2025 സെപ്റ്റംബർ 22 നോ അതിന് ശേഷമോ, ആണ് പ്രസ്തുത സപ്ലൈയുടെ ടാക്സ് ഇൻവോയ്‌സ് സപ്ലയർ നല്കിയതെങ്കിൽ, ഇൻവോയ്‌സ് തീയതി (Date of invoice) ആണ് Time of supply. ഇവിടെ പുതുക്കിയ നിരക്കിലാണ് ജി.എസ്.ടി. ഒടുക്കേണ്ടി വരുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, സാധനമോ, സേവനമോ സപ്ലൈ ചെയ്തത് 2025 സെപ്തംബർ 22 നോ അതിന് ശേഷമോ ആണെങ്കിൽ, ടാക്സ് ഇൻവോയ്‌സ് തീയതി, പ്രതിഫലം ലഭിച്ച തീയതി ഇവയിൽ ഏതെങ്കിലും ഒന്ന് 2025 സെപ്റ്റംബർ 22 നോ അതിന് ശേഷമോ ആയാൽ, പ്രസ്തുത സപ്ലൈക്ക് പുതിയ നികുതി നിരക്കും, ഇരു തീയതിയും 2025 സെപ്തംബർ 22 ന് മുൻപായാൽ പഴയ നികുതി നിരക്കുമാകും ബാധകമാകുക.
മേൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ പൊതുഅവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി മാത്രമാണ് നൽകിയിരിക്കുന്നത്. നിയമപരമായ വിവരങ്ങൾ ലഭിക്കുന്നതിനായി കേന്ദ്ര/സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017, ബന്ധപ്പെട്ട ചട്ടങ്ങൾ, വിജ്ഞാപനങ്ങൾ,സർക്കുലറുകൾ എന്നിവ പരിശോധിക്കേണ്ടതാണ്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/BUWR954is5xAaTWiTrMLPG
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു...