ഭരണസമിതി പിരിച്ചുവിട്ടു: എഴുപുന്ന പട്ടികജാതി സഹകരണ സംഘത്തിന് കനത്ത നടപടി : ഓഡിറ്റിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഭരണസമിതി പിരിച്ചുവിട്ടു: എഴുപുന്ന പട്ടികജാതി സഹകരണ സംഘത്തിന് കനത്ത നടപടി : ഓഡിറ്റിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആലപ്പുഴ ജില്ലയിലെ എഴുപുന്ന പട്ടികജാതി സർവീസ് സഹകരണ സംഘം E.815 സംബന്ധിച്ച നിയമവിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കേരളത്തിലെ സഹകരണ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കപ്പെട്ടിരിക്കുകയാണ്. വർഷങ്ങളായി നടപ്പിലായിരുന്ന സാമ്പത്തിക ക്രമക്കേടുകളുടെ തുടർച്ചയായതാണ് ഇപ്പോഴത്തെ ഭരണസമിതിയെ പിരിച്ചുവിടുന്നതിനും പോലീസ് അന്വേഷണം ആരംഭിക്കുന്നതിനും കാരണം.

2022–23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ സംഘത്തിന്റെ സാമ്പത്തിക തകർച്ച വ്യക്തമാക്കുന്നു. ഏറ്റവും ശ്രദ്ധേയമായത്, സംഘത്തിന് ₹3.41 കോടിയുടെ നെറ്റ് നഷ്ടം ഉണ്ടായിരിക്കുകയും, ₹7.24 കോടി വരെയുള്ള ബാധ്യത ഉണ്ടാകുകയും ചെയ്തതാണ്. അതിനിടെ, സംഘത്തിന്റെ ആകെ ആസ്തി വെറും ₹5.78 കോടി മാത്രമാണ്. ഈ നിലയ്ക്ക്, സംഘത്തിൻ്റെ സ്റ്റാറ്റ്യൂട്ടറി റിസർവുകളോ ഫണ്ടുകളോ ഒന്നുമില്ലാത്തതിനാൽ അതിന്റെ എല്ലാ പ്രതീക്ഷകളും തകർന്ന നിലയിലാണെന്ന് പറയേണ്ടിവരുന്നു. നിലവിലെ കണക്കുകൾ പറഞ്ഞാൽ, ഫ്രീ റിസർവ് പോലും വെറും ₹14,862.50 മാത്രമായി മാറിയിരിക്കുകയാണ്.

സംഘം മൊത്തം സമാഹരിച്ചിട്ടുള്ള നിക്ഷേപ തുക ₹3.11 കോടിയിലധികമാണ്. ഇതിൽ ₹2.22 കോടി രൂപ സ്ഥിരനിക്ഷേപമായി പലിശയുൾപ്പെടെ തിരികെ നൽകേണ്ടതുണ്ട്. പക്ഷേ, വായ്പയിനത്തിൽ നിന്ന് വരുമാനം ₹19.22 ലക്ഷം മാത്രമാണ് ഉണ്ടായത്. നിക്ഷേപത്തിനായി ലഭിച്ച തുക ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള സ്ഥാപന ചെലവുകൾക്കായി തന്നെ ഉപയോഗിച്ചതാണ് ആശങ്കയുടെ കേന്ദ്രബിന്ദു.

വായ്പാ തിരിച്ചടവില്ലായ്മയും ബാങ്ക് ബാധ്യതകളും

സംഘം നിക്ഷേപകർക്ക് നൽകേണ്ട തുക ₹3.11 കോടി ആണെങ്കിൽ, തിരിച്ചടവിന് ലഭിക്കാനുള്ള തുക ₹2.05 കോടി മാത്രമാണ്. ഇതിലുടെ വായ്പകൾ വലിയ തോതിൽ Non-Performing Assets ആയി മാറിയതായി കാണുന്നു. കേരള ബാങ്ക്, ഗവൺമെന്റ്, SC/ST ഫെഡറേഷൻ എന്നിവിടങ്ങളിൽ നിന്ന് എടുത്ത ₹1.58 കോടി രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കാനുണ്ട്. പലിശയായി ₹23,910, നിക്ഷേപ പലിശയായി ₹5.87 ലക്ഷം അടയ്ക്കാനുണ്ടെന്നതും ഓഡിറ്റ് രേഖകളിൽ വ്യക്തമാക്കുന്നു.

SB അക്കൗണ്ടുകളിൽ നിന്നും നിയമവിരുദ്ധ പിൻവലിക്കൽ

സംഘത്തിലെ SB/911, SHG SB, SB/2186 തുടങ്ങിയ അക്കൗണ്ടുകളിൽ വർഷങ്ങളായി നെഗറ്റീവ് ബാലൻസ് നിലനിൽക്കുന്നു. പ്രസിഡന്റ്ന്റെ SB/911 അക്കൗണ്ടിൽ മാത്രം 79 തവണ മതിയായ ബാലൻസ് ഇല്ലാതെയാണ് പണം പിൻവലിച്ചത്. മറ്റു ഭരണസമിതി അംഗങ്ങളും ഇതുപോലെ പ്രവർത്തിച്ചിരിക്കുന്നതായി രേഖകളുണ്ട്. ഈ നടപടി Co-operative Societies Act പ്രകാരമുള്ള സാമ്പത്തിക ഉത്തരവാദിത്വങ്ങൾ ലംഘിക്കുന്നതാണ്.

മതിയായ ജാമ്യമില്ലാതെ വായ്പ അനുവദിക്കൽ

2022–23 വർഷത്തെ CSOL വായ്പകളിൽ ഉദ്ദേശിച്ചിരിക്കുന്നതു പോലെ മതിയായ ജാമ്യം സ്വീകരിച്ചിട്ടില്ല. ഉദാഹരണത്തിന് CSOL 2/22–23 വായ്പക്ക് ₹1.3 ലക്ഷം അനുവദിച്ചിട്ടുള്ളതിലും, ജാമ്യമെന്ന നിലയിൽ വെറും 3 സെന്റ് നിലം മാത്രമാണ് എടുത്തത്. CSOL 5/22–23 വായ്പക്ക് 5 സെന്റ് നിലം. ഇതിനൊപ്പമുള്ള ലീഗൽ ഒപ്പീനിയൻ അല്ലെങ്കിൽ വസ്തു വിലയിരുത്തൽ രേഖകൾ വായ്പ ഫയലിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് Registrar Circular 26/14 ലംഘിക്കുന്നതും ലക്ഷണമാണ്.

നീതി സ്റ്റോർ നികുതി കണക്കുകൾ

സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നീതി സ്റ്റോറിന്റെ കണക്കുകളിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. 2022–23ൽ വരുമാനം ₹9.80 ലക്ഷം ആയിരുന്നെങ്കിലും, അതിനിടയിൽ വ്യാപാര ചെലവായി ₹3.82 ലക്ഷം ചെലവാക്കിയിട്ടുണ്ട്. തൻവർഷം വ്യാപാര നഷ്ടം ₹2.39 ലക്ഷം, കൂടാതെ ഡാമേജ് സ്റ്റോക്കായി ₹12,104 രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്യുന്നു. ക്ലോസിങ് സ്റ്റോക്കിന്റെ കുറവ് ₹44,508 രൂപ സെക്രട്ടറി അഡ്വാൻസിൽ ഉൾപ്പെടുത്തി മറച്ചുവെച്ചതും സംബന്ധിച്ച രേഖകളിലുണ്ട്. GST ഇനത്തിലും തട്ടിപ്പ് നടന്നിട്ടുള്ളത് അന്വഷണം നടന്നുവരുന്നു.

കാണാതായ രേഖകളും UPI തർക്കങ്ങളും

SB 2186: FD അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് പിന്നീട് SB അക്കൗണ്ടിൽ നിന്ന് പിൻവലിച്ച രൂപത്തിൽ കണക്കുകൾ നീക്കിയിട്ടുണ്ട്. UPI ഇടപാടുകൾ സംഘത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ കൂടാതെ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലൂടെ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. തൻവർഷം SHG SB–യിൽ ₹20,077 രൂപയും, SB അക്കൗണ്ടുകളിൽ ₹6,32,286 രൂപയും അധികമായി നൽകിയത് Negative Balance ആയി കണക്കുകളിൽ കാണിക്കുന്നു. "മതിയായ ബാലൻസ് ഇല്ല" എന്ന മെസേജ് കാണിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടില്ല.

സ്വർണപ്പണയ തട്ടിപ്പ് 

ഇതിൽ കൂടുതൽ ആശങ്ക ഉണർത്തുന്നത് സ്വർണ്ണപണയം വിഭാഗത്തിൽ നടന്ന ക്രമക്കേടുകളാണ്. ഓഡിറ്റ് സംഘം നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത് സംഘത്തിൻ്റെ 62 സ്വർണ്ണപ്പണയം അക്കൗണ്ടുകൾ വായ്പ തീർത്ത് ക്ലോസ് ചെയ്തതായി വ്യാജ രേഖകൾ തയ്യാറാക്കി അതിലെ സ്വർണ്ണം വീണ്ടും മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ചെന്നാണ്. സ്വർണ്ണത്തിന്റെ മൊത്തം ഭാരം 352.2 ഗ്രാം ആയിരുന്നു. ഇതിന്റെ വിപണി വില ഏകദേശം ₹29,12,166 രൂപയായിരുന്നു. ഈ തട്ടിപ്പിന് നേതൃത്വം നൽകിയതായി റിപ്പോർട്ടിൽ കാണിക്കുന്നത്, സംഘത്തിലെ പ്യൂൺ, പ്രസിഡൻറ് , ഒരു വനിത ഡയറക്ടർ കൂടാതെ സെക്രട്ടറി എന്നിവരാണ്. വായ്പകളായി ലഭിച്ച പണം മറ്റൊരു പേരിലുള്ള SB അക്കൗണ്ടിൽ കൊണ്ടുവന്ന് അതുവഴി മറ്റ് നിക്ഷേപങ്ങളടയ്ക്കാൻ ഉപയോഗിച്ചുവെന്ന ആക്ഷേപം തെളിയിച്ചിട്ടുണ്ട്. നിലവിൽ പ്രസ്തുത കേസ് ആലപ്പുഴ പോലീസ് അധികാരി മുമ്പാകെ അന്വേഷണത്തിലും ആണ്.

സ്വർണ്ണ തട്ടിപ്പിനൊപ്പം മറ്റ് നിരവധി സാമ്പത്തിക ക്രമക്കേടുകളും ശ്രദ്ധേയമാകുന്നു. സംഘത്തിൻ്റെയും SB അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം മാറ്റി ഉപയോഗിച്ചിരുന്നത്, SHG ഗ്രൂപ്പുകളുടെ അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ ₹6.32 ലക്ഷം വരെ പിരിച്ചെടുത്തത്, OD പലിശ 63.93% വരെ ഉയര്‍ത്തിയത് തുടങ്ങിയവ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ചില SB അക്കൗണ്ടുകളിൽ നിന്ന് നിർദ്ദേശമോ അപേക്ഷയോ ഇല്ലാതെ പണം പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഈ ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സമർപ്പിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണ നടപടികൾ ആരംഭിച്ചത്. 2025 ജൂൺ 19-നാണ് (HM/1511/2025) ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയിരുന്നത്.

തുടർന്ന്, 2025 ജൂൺ 21 മുതൽ സംഘം യൂണിറ്റ് ഇൻസ്‌പെക്ടർ ശ്രീമതി ശ്രീവിദ്യയുടെ നേതൃത്വത്തിലാണ് മറ്റൊരു അന്വേഷണം ആരംഭിച്ചത്.

ഇവർക്കെതിരെ ചുമത്തുന്ന കുറ്റങ്ങൾ ഭാരതീയ നിയമസംഹിത (BNS) പ്രകാരമുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുന്നതാണ്. അതിൽ Criminal Breach of Trust (Sec 316), Cheating & Misrepresentation (Sec 318), Forgery (Sec 336 & 338), Criminal Conspiracy (Sec 61) തുടങ്ങിയവ ഉൾപ്പെടുന്നു. ഇവയെല്ലാം തന്നെയും ഗുരുതരമായ, ജാമ്യമില്ല കുറ്റങ്ങളാണ്.

സംഘത്തിന്റെ ഭരണസമിതി അതിന്റെ ഭരണപാടവം നഷ്ടപ്പെട്ടതിന്റെ തുടക്കവും ഇതിനോട് ചേർന്നുനിൽക്കുന്നു. കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969 പ്രകാരമുള്ള സെക്ഷൻ 32(1)(d) അനുസരിച്ചാണ് ആലപ്പുഴ ഡെപ്യൂട്ടി രജിസ്ട്രാർ (ജനറൽ) ഭരണസമിതിയെ പിരിച്ചുവിട്ടത്. പുതിയ ഇടക്കാല ഭരണസംവിധാനങ്ങൾക്കായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ, അന്വേഷണവുമായി ബന്ധപ്പെട്ട് സാമൂഹിക സംരക്ഷണ വകുപ്പിന്റെ നിരീക്ഷണവും ശക്തമാക്കപ്പെട്ടിരിക്കുകയാണ്.

ചേർത്തല സഹകരണ സംഘ അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ഓഫീസിന്റെ കീഴിലുള്ള കഞ്ഞിക്കുഴി യൂണിറ്റ് ഇൻസ്പെക്ടറെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി സർക്കാർ നിയമിച്ചിരിക്കുന്നു. നിയമനം അദ്ദേഹത്തിന്റെ ചാർജ് ഏറ്റെടുക്കുന്ന ദിവസം മുതൽ 6 മാസം കാലാവധിക്കുള്ളിലോ, പുതിയ ഭരണസമിതി നിലവിൽ വരുന്നത് വരെയോ, ഏതാണോ ആദ്യം സംഭവിക്കുന്നത്, അതുവരെ പ്രാബല്യത്തിൽ തുടരും.

പുതുതായി നിയമിച്ച അഡ്മിനിസ്ട്രേറ്റർ ഉടൻ തന്നെ ചുമതലയേൽക്കേണ്ടതും, സംഘത്തിന്റെ മുഴുവൻ രേഖകളും, അക്കൗണ്ടിംഗും, വായ്പാ തിരിച്ചടവുകൾ, ഓഡിറ്റ് ഫയലുകൾ, ബാങ്ക് ഇടപാടുകൾ തുടങ്ങിയ എല്ലാ കാര്യങ്ങളും പരിശോധിച്ചുകൊണ്ട് കൃത്യമായ അഭ്യന്തര നിയന്ത്രണ സംവിധാനം നടപ്പിലാക്കേണ്ടതുമാണ്. സാമ്പത്തിക വീഴ്ചയ്ക്കും നിയമലംഘനങ്ങൾക്കും ഉത്തരവാദികളായിരുന്നവരെ തിരിച്ചറിഞ്ഞ് ആവശ്യമായ റിപ്പോർട്ടുകൾ പിന്നീട് തയ്യാറാക്കാനും തയ്യാറെടുക്കേണ്ടതുമാണ്.

ഈ സാമ്പത്തിക അഴിമതിയിലേർപ്പെട്ടതായി കണക്കാക്കപ്പെടുന്നവരുടെ പട്ടികയിൽ ഇനിയും പേരുകൾ ഉൾപ്പെടുമെന്നും അറിയാൻ കഴിയുന്നു. കൂടാതെ ഗോൾഡ് ലോൺ വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥരും മുൻ ഡയറക്ടർമാരും അന്വേഷണ പരിധിയുടെ ഭാഗമായിരുന്നതായും കാണാം. പോസ്റ്റ്ഡ് റെക്കോർഡുകൾ, ബാങ്ക് ഇടപാടുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരുകളും തെളിവുകളും ശേഖരിക്കപ്പെടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

ഈ സംഭവത്തിന്റെ തീവ്രത കാരണം നിക്ഷേപകർ, SHG ഗ്രൂപ്പുകൾ, ഗ്രാമീണ വായ്പാ ഉപഭോക്താക്കൾ തുടങ്ങി സംഘവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളും അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. പലരുടെയും പണം സൊസൈറ്റിയിൽ കുടുങ്ങിയിരിക്കുകയാണ്. സർക്കാരിന്റെ വിവിധ സഹായപദ്ധതികൾക്കും പദ്ധതികൾക്കും ഉപരോധം ഉണ്ടായിട്ടുണ്ട്. ഇതിനുശേഷം സഹകരണ രജിസ്ട്രാറുടെ രേഖകളിൽ തന്നെ ഈ സൊസൈറ്റിയെ “Records Not Available (RNA)” വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഓഡിറ്റ് റിപ്പോർട്ടുകൾ പ്രകാരം ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും വ്യക്തിഗത ഉത്തരവാദിത്വം ഏൽപ്പിക്കേണ്ട സാഹചര്യമുണ്ട്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നിയന്ത്രണത്തിനാലാണ് ദീർഘകാലം ഭരണം നടന്നുപോയിക്കൊണ്ടിരുന്നത്.

മേൽ ക്രമക്കേടുകൾ നടന്ന സമയത്ത് സംഘം സെക്രട്ടറിയായിരുന്ന കെ എം കുഞ്ഞുമോൻ 28/04/2025 ൽ മരണപ്പെട്ടിട്ടുള്ളതിനാൽ, 1969 ലെ സഹകരണ സംഘം നിയമ പ്രകാരം സംഘത്തിൽ നടത്തിയിരിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള ക്രമക്കേടുകൾക്ക് ഉത്തരവാദികളായ പ്രസിഡൻ്റ്, ഭരണ സമിതിയംഗങ്ങൾ, സംഘം ജീവനക്കാർ എന്നിവർക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുമാണ് 

ഈ മുഴുവൻ അന്വേഷണം, സംഭവവികാസങ്ങൾ, നിയമനടപടികൾ എന്നിവയെ അടിസ്ഥാനമാക്കി സഹകരണ മേഖലയിൽ മുൻകരുതലായും പൊതുജനതാല്പര്യത്തിനും വലിയ ദിശാബോധം നൽകുന്ന സംഭവമായി മാറുകയാണ്. ഈ വിഷയത്തിൽ കൂടുതൽ തെളിവുകളും ഉത്തരവുകളും പുറത്തുവരുമ്പോൾ, ഈ തട്ടിപ്പിലെ എല്ലാ വിവരങ്ങളും ജനങ്ങൾക്കു മുന്നിൽ വെളിച്ചത്തിൽ വരേണ്ടതുണ്ട്. ഭരണസമിതി പിരിച്ചുവിട്ടത് തികച്ചും ഉചിതമായ നടപടിയായിരിക്കുന്നു.

ബന്ധപ്പെട്ട പോലീസ് അന്വേഷണം, ക്രിമിനൽ നടപടികൾ, ആസ്തി വീണ്ടെടുക്കൽ, പുതിയ ഭരണസമിതി തുടങ്ങിയവ നിർബന്ധമായി വരേണ്ടതാണ്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/KJskQJJRNRyIVVAXnkOjYe?mode=ems_copy_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു...