ആദായനികുതിയില്‍ പൂര്‍ണ ഇളവ് നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ്

ആദായനികുതിയില്‍ പൂര്‍ണ ഇളവ് നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ്

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രഖ്യാപിച്ച ആദായനികുതി ഇളവ് നേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഡീപ്ടെക് കമ്പനിയായ ഫ്യൂസലേജ് ഇനോവേഷന്‍സ്. ഡിപാര്‍ട്ട്മെന്‍റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ്(ഡിപിഐഐടി)യുടെ ഇളവ് സര്‍ട്ടിഫിക്കറ്റ് ഫ്യൂസലേജിന് ലഭിച്ചു.

രാജ്യത്ത് 187 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് ആദായ നികുതി വകുപ്പിന്‍റെ 80-ഐഎസി വകുപ്പ് പ്രകാരം ഇളവ് ലഭിച്ചിട്ടുള്ളൂ. ആരംഭിച്ചിട്ട് പത്തു വര്‍ഷത്തില്‍ താഴെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് ആദായനികുതി നൂറുശതമാനവും ഇളവ് നല്‍കാനുള്ള പ്രഖ്യാപനം നടപ്പു സാമ്പത്തികവര്‍ഷത്തെ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി തലവേദനയില്ലാതെ മൂന്നു വര്‍ഷം പ്രവര്‍ത്തിക്കാനും കൂടുതല്‍ തുക പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനും ഇതു വഴി സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഈ നേട്ടത്തിലൂടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിക്കാന്‍ ഫ്യൂസലേജിന് കഴിയുമെന്ന് എം ഡി ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഫ്യൂസലേജ് കൈക്കൊണ്ട സാമ്പത്തിക അച്ചടക്കത്തിന്‍റെയും ഉത്പാദന മികവിന്‍റെയും അംഗീകാരമായാണ് ഈ ബഹുമതിയെ കാണുന്നത്. കാര്‍ഷക സേവനങ്ങള്‍ക്കടക്കമുള്ള സാങ്കേതികവിദ്യ കുറഞ്ഞ ചെലവില്‍ സാധാരണക്കാരന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി മുന്നേറാന്‍ ഈ നേട്ടം സഹായിക്കും.

പ്രിസിഷന്‍ അഗ്രികള്‍ച്ചര്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക നിലവില്‍ 40 മുതല്‍ 80 ശതമാനം വരെ സബ്സിഡി നിരക്കിലാണ് ഫ്യൂസലേജ് ഉപകരണങ്ങള്‍ നല്‍കുന്നത്. കൊച്ചി ഷിപ്പ് യാര്‍ഡ്, നാവിക സേനയുടെ ഗവേഷണ വിഭാഗങ്ങളായ വിശാഖപട്ടണത്തെ എന്‍എസ്ടിഎല്‍, കൊച്ചിയിലെ എന്‍പിഒഎല്‍ എന്നിവയുടെ പ്രതിരോധ പദ്ധതികളിലെ മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങളില്‍ ഫ്യൂസലേജ് സക്രിയ പങ്കാളിത്തം വഹിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/FImgXcfUzAxIYb3EAAWsTI?mode=ac_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു.....