ജി.എസ്.ടി കേസുകൾ ‘ടൈം ബാർ’ വക്കിൽ; വർഷങ്ങളായുള്ള അനാസ്ഥയ്ക്ക് വില നൽകേണ്ടത് ഖജനാവോ? ഓഗസ്റ്റ് 31 നിർണായകം

ജി.എസ്.ടി കേസുകൾ ‘ടൈം ബാർ’ വക്കിൽ; വർഷങ്ങളായുള്ള അനാസ്ഥയ്ക്ക് വില നൽകേണ്ടത് ഖജനാവോ? ഓഗസ്റ്റ് 31 നിർണായകം

തിരുവനന്തപുരം: സംസ്ഥാന ഖജനാവിലേക്ക് എത്തേണ്ട കോടിക്കണക്കിന് രൂപയുടെ നികുതി ഉൾപ്പെട്ടിരിക്കാവുന്ന പഴയ ജി.എസ്.ടി കേസുകൾ നിയമപരമായ സമയപരിധിയുടെ വക്കിലെത്തുമ്പോൾ, കേസുകൾ കണ്ടെത്തിയിട്ടും വർഷങ്ങളോളം തുടർനടപടി പൂർത്തിയാക്കാതെ കിടന്ന സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പ്രവർത്തനമാണ് ഇപ്പോൾ ശക്തമായ വിമർശനത്തിന് വിധേയമാകുന്നത്. മുൻ സർക്കാരിന്റെ കാലത്ത് Intelligence, Enforcement, Audit വിഭാഗങ്ങൾ കണ്ടെത്തിയ നികുതിവെട്ടിപ്പ് കേസുകളിൽ എത്രയെണ്ണം ഇപ്പോഴും നോട്ടീസ് പോലും നൽകാതെ കെട്ടിക്കിടക്കുന്നു എന്നതിൽ വ്യക്തമായ കണക്കുകൾ പുറത്തുവരാത്തതും ആശങ്ക വർധിപ്പിക്കുന്നു.

പ്രത്യേകിച്ച് 2020-21 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട fraud, wilful misstatement, suppression of facts തുടങ്ങിയ ആരോപണങ്ങളുള്ള Section 74 കേസുകളാണ് ഇപ്പോൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്നത്. നിയമപ്രകാരമുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ആവശ്യമായ Show Cause Notice നൽകാൻ കഴിയാതെ വന്നാൽ, വർഷങ്ങളായി നടത്തിയ പരിശോധനകളും അന്വേഷണങ്ങളും റവന്യൂ കണ്ടെത്തലുകളും പ്രായോഗികമായി ഫലശൂന്യമാകാനുള്ള സാധ്യതയാണ് ഉയരുന്നത്.

CGST/SGST Act Section 74 പ്രകാരം fraud, wilful misstatement, suppression of facts എന്നിവ കാരണം നികുതി അടയ്ക്കാതിരിക്കുകയോ കുറച്ച് അടയ്ക്കുകയോ തെറ്റായി refund നേടുകയോ ITC അനധികൃതമായി ഉപയോഗിക്കുകയോ ചെയ്ത കേസുകളിൽ നടപടിയെടുക്കാം. Section 74(10) പ്രകാരം ബന്ധപ്പെട്ട annual return-ന്റെ due date മുതൽ അഞ്ചുവർഷത്തിനുള്ളിൽ adjudication order പുറപ്പെടുവിക്കണം. അതേസമയം Section 74(2) പ്രകാരം ഈ സമയപരിധിക്ക് കുറഞ്ഞത് ആറുമാസം മുമ്പ് Show Cause Notice നൽകേണ്ടതുണ്ട്. സമയപരിധിക്കുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ Section 75(10) പ്രകാരമുള്ള നിയമപരമായ പ്രത്യാഘാതവും ഉയരും.

ഇവിടെ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നിയമത്തിൽ ഇത്രയും നീണ്ട സമയം ലഭിച്ചിട്ടും എന്തുകൊണ്ട് കേസുകൾ അവസാന ദിവസങ്ങളിലേക്ക് എത്തി എന്നതാണ്. പരിശോധന നടത്തി രേഖകൾ പിടിച്ചെടുക്കുകയും നികുതിവെട്ടിപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്ത ശേഷം വർഷങ്ങളോളം ഫയലുകൾ നീങ്ങാതെ കിടന്നിട്ടുണ്ടെങ്കിൽ അതിനെ സാധാരണ ഭരണപരമായ കാലതാമസമായി മാത്രം കാണാനാകില്ല. ഓരോ കേസിന്റെയും വൈകലിന് ഉത്തരവാദിത്തം എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ട്.

വ്യാജ ഇൻവോയ്സുകൾ, bogus ITC, വിറ്റുവരവ് മറച്ചുവയ്ക്കൽ, നികുതി അടയ്ക്കാതിരിക്കൽ തുടങ്ങിയ കേസുകളിൽ സർക്കാർ റവന്യൂ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് നിയമപരമായ തുടർനടപടികൾ സമയബന്ധിതമായി ഉറപ്പാക്കേണ്ടത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ മാറി, ഫയൽ മറ്റൊരു ഓഫീസിലേക്ക് പോയി, റിപ്പോർട്ട് വൈകി, നോട്ടീസ് തയ്യാറായില്ല തുടങ്ങിയ ഭരണപരമായ കാരണങ്ങൾ കൊണ്ട് ഒരു നികുതിവെട്ടിപ്പ് കേസ് time-bar ആകുകയാണെങ്കിൽ അതിന്റെ നഷ്ടം ഒടുവിൽ സംസ്ഥാന ഖജനാവിനാണ്.

ഇതിലും ഗൗരവമുള്ളത്, time-bar ആകാൻ പോകുന്ന കേസുകൾ ഏതൊക്കെയെന്ന് വകുപ്പ് നേരത്തെ കണ്ടെത്തി നിരീക്ഷിച്ചിരുന്നോ എന്ന ചോദ്യമാണ്. Limitation register അല്ലെങ്കിൽ സമാനമായ monitoring സംവിധാനം കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ അവസാന ദിവസങ്ങളിൽ കൂട്ടത്തോടെ നോട്ടീസുകൾ തയ്യാറാക്കേണ്ട സാഹചര്യം എന്തുകൊണ്ടുണ്ടായി എന്നതും പരിശോധിക്കണം. ഓരോ Intelligence, Audit, Enforcement ഓഫീസിലെയും പഴയ കേസുകളുടെ pendency ഉന്നത ഉദ്യോഗസ്ഥർ കാലാകാലങ്ങളിൽ പരിശോധിച്ചിരുന്നോ എന്നതിലും വ്യക്തത വേണം.

മുൻ സർക്കാരിന്റെ കാലത്ത് കണ്ടെത്തിയ കേസുകൾ ഇപ്പോഴും തീർപ്പാകാതെ തുടരുന്നുവെങ്കിൽ പുതിയ ഭരണകൂടം പഴയ ഫയലുകളുടെ അടിയന്തര റവന്യൂ ഓഡിറ്റ് നടത്തേണ്ട സാഹചര്യമാണുള്ളത്. 2020-21 കേസുകളിൽ എത്ര പരിശോധനകൾ നടത്തി, എത്ര കേസുകളിൽ നികുതി ബാധ്യത കണ്ടെത്തി, എത്ര കേസുകളിൽ SCN നൽകി, എത്ര കേസുകൾ ഇപ്പോഴും നോട്ടീസ് നൽകാതെ ശേഷിക്കുന്നു, അവയിൽ ഉൾപ്പെട്ട നികുതി തുക എത്ര തുടങ്ങിയ വിവരങ്ങൾ വകുപ്പ് പുറത്തുവിടേണ്ടതുണ്ട്.

അതോടൊപ്പം സമയപരിധി കഴിഞ്ഞ് സർക്കാർ റവന്യൂ നഷ്ടപ്പെടുന്ന ഓരോ കേസിലും ഉത്തരവാദിത്തം നിർണയിക്കുന്ന സംവിധാനം ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയോ അനാവശ്യമായ ഫയൽ വൈകിപ്പിക്കലോ മൂലം കോടികളുടെ നികുതി ഈടാക്കാനുള്ള അവസരം നഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിനെ ഒരു സാധാരണ procedural lapse ആയി അവസാനിപ്പിക്കാനാകില്ല. ബന്ധപ്പെട്ട ഫയലുകളുടെ movement, ഉദ്യോഗസ്ഥരുടെ കൈവശം കിടന്ന കാലയളവ്, മേൽനോട്ട പരിശോധനകൾ, SCN നൽകാതിരുന്നതിന്റെ കാരണം എന്നിവ പരിശോധിക്കേണ്ടതുണ്ട്.

കേസുകൾ കണ്ടെത്തുന്നതിലെ മികവല്ല, കണ്ടെത്തിയ നികുതി നിയമപരമായി സർക്കാരിലേക്ക് തിരിച്ചെത്തിക്കുന്നതിലാണ് നികുതി ഭരണസംവിധാനത്തിന്റെ വിജയം. വർഷങ്ങളോളം ഫയലുകളിൽ സൂക്ഷിച്ച ഒരു നികുതിവെട്ടിപ്പ് കണ്ടെത്തൽ limitation കഴിഞ്ഞാൽ ഖജനാവിന് വരുമാനമാകില്ല. അതുകൊണ്ടുതന്നെ 2020-21-ലെ പഴയ Section 74 കേസുകളുടെ നിലവിലെ സ്ഥിതി വെളിപ്പെടുത്തുകയും time-bar മൂലം ഒരു രൂപയുടെ പോലും സർക്കാർ റവന്യൂ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ട ബാധ്യത സംസ്ഥാന ജി.എസ്.ടി വകുപ്പിനുണ്ട്.

അതേസമയം, “കേസുകൾ മനഃപൂർവം time-bar ആക്കുന്നു” എന്നതിന് നിലവിൽ ആരോപണം നിലനിൽക്കുന്നു എന്നതും, അത്തരം ആരോപണം വസ്തുതയായി പരിശോധിക്കുകയും കൂടാതെ കേസുകൾ വൈകിയതിന്റെ ഉത്തരവാദിത്തവും, അതിലൂടെ റവന്യൂ നഷ്ടസാധ്യതയുണ്ടായോയെന്നും സമഗ്രമായി അന്വേഷിക്കണമെന്നതാണ് ഉയരുന്ന പ്രധാന ആവശ്യം.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GArY6otRpYTLMYpEtb9fwq

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..