രാത്രി മൊബൈല്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക

ഇരുട്ടത്ത് മൊബൈല്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ എന്നിവയുടെ സ്ക്രീനില്‍ നിന്ന് പുറപ്പെടുന്ന നീലവെളിച്ചം ഉറക്കത്തെ ബാധിക്കുമെന്ന് പഠനം. യുവാക്കളില്‍ ഉറക്കക്കുറവ്, ക്ഷീണം, ഏകാഗ്രതക്കുറവ്, മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാനാകുമെന്നും പഠനത്തില്‍ കണ്ടെത്തി. ദിവസം ഒരു മണിക്കൂറില്‍ താഴെ ഫോണ്‍ ഉപയോഗിക്കുന്നവരുമായി താരതമ്യപ്പെടുത്തിയപ്പോള്‍ നാല് മണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 മിനുറ്റ് വൈകിയാണ് ഉറക്കം ലഭിക്കുന്നത്. നെതര്‍ലന്‍റ്സിലെ ഗവേഷകരാണ് ഇതിനെക്കുറച്ച് പഠനം നടത്തിയത്.
കൌമാരക്കാര്‍ ഭൂരിഭാഗവും മൊബൈലില്‍ സമയം ചിലവഴിക്കുന്നവരാണ്. അതിനാല്‍ അവരില്‍ ഉറക്കക്കുറവിന്‍റെ പ്രശ്നങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഇത് ഭാവിയില്‍ ഗുരുതര പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് ആംസ്റ്റര്‍ഡാം യു.എം.സി ആശുപത്രിയിലെ ഗവേഷകന്‍ ഡിര്‍ക് ജാന്‍ സ്റ്റെന്‍വേഴ്സ് പറയുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുമുള്ള പ്രകാശം മസ്തിഷ്ക പ്രവര്‍ത്തനങ്ങളെയും ഉറക്കത്തിന് സഹായിക്കുന്ന ഹോര്‍മോണായ മെലാറ്റോണിന്‍റെ ഉത്പാദനത്തെയും ബാധിക്കുമെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഉറക്ക സമയത്തെ കാര്യമായി ബാധിക്കും. ഉറക്കകുറവ് ക്ഷീണത്തിനും ഏകാഗ്രതക്കുറവിനും മാത്രമല്ല കാരണമാകുന്നത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരതരമായ പൊണ്ണത്തടി, പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്ക് വഴിവെക്കുമെന്നും പഠനത്തില്‍ പറയുന്നു. രാത്രി ഫോണ്‍ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാല്‍ വെളിച്ചത്തിന്‍റെ തീവ്രത കുറച്ചും 'ഐ പ്രൊട്ടക്ഷന്‍ മോഡ്' ഉപയോഗിച്ചും പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നും സ്റ്റെന്‍വോഴ്സ് പറഞ്ഞു.