മൂന്നിരട്ടി ലാഭ വാഗ്ദാനം; ആലുവ–ചങ്ങനാശ്ശേരി ബന്ധമുള്ള അനധികൃത നിക്ഷേപ പദ്ധതിക്കെതിരെ കർശന നടപടി, സ്വത്തുക്കൾ താൽക്കാലികമായി ജപ്തി

തിരുവനന്തപുരം: ആലുവയും ചങ്ങനാശ്ശേരിയും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നുവെന്ന് ആരോപിക്കുന്ന അനധികൃത നിക്ഷേപ പദ്ധതിക്കെതിരെ Banning of Unregulated Deposit Schemes (BUDS) Act, 2019 പ്രകാരം സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിച്ചു. ഹോം (SC) വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെ ബന്ധപ്പെട്ട വ്യക്തിയുടെ സ്ഥാവര-ജംഗമ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും വാഹനവും താൽക്കാലികമായി ജപ്തി ചെയ്തു.
കൈനടി പോലീസ് സ്റ്റേഷൻ, തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെയും സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് ഒരു വർഷത്തിനുള്ളിൽ മൂന്നിരട്ടി ലാഭം നൽകുമെന്നും, ലാഭം പിൻവലിക്കാതെ വീണ്ടും നിക്ഷേപിച്ചാൽ അടുത്ത വർഷവും മൂന്നിരട്ടി ലാഭം ലഭിക്കുമെന്നും വാഗ്ദാനം നൽകിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ചങ്ങനാശ്ശേരിയിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കുമെന്ന പേരിലും വൻതോതിൽ നിക്ഷേപം സ്വീകരിച്ചതായും, നിക്ഷേപകർക്ക് സുരക്ഷയായി കാണിച്ച സ്വത്തുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നുമാണ് അന്വേഷണ രേഖകളിലുള്ള കണ്ടെത്തൽ. രണ്ട് പരാതിക്കാരിൽ നിന്നായി ഒരു കോടിയിലധികം രൂപ സമാഹരിച്ചതായും സർക്കാർ ഉത്തരവിൽ പരാമർശിക്കുന്നു.
അന്വേഷണത്തിൽ ലഭിച്ച ബാങ്ക് രേഖകൾ, പരാതികൾ, പോലീസ് റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ BUDS നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടന്നതായി പ്രാഥമികമായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഉത്തരവ് പ്രകാരം ആലുവ മുനിസിപ്പാലിറ്റിയിലെ ഒരു വീടും സ്ഥലവും, ബന്ധപ്പെട്ട കൊടക് മഹീന്ദ്ര ബാങ്ക്, ധനലക്ഷ്മി ബാങ്ക് അക്കൗണ്ടുകളും, ഒരു വാഹനവും താൽക്കാലികമായി ജപ്തി ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാവര സ്വത്തുക്കളുടെ വിൽപ്പന, പണയം, കൈമാറ്റം എന്നിവ തടയാൻ രജിസ്ട്രേഷൻ വകുപ്പിനും, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്കും, വാഹനത്തിന്റെ കൈമാറ്റം തടയാൻ മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ 30 ദിവസത്തിനകം നിയമപ്രകാരം ബന്ധപ്പെട്ട കോടതിയെ സമീപിച്ച് ജപ്തി സ്ഥിരപ്പെടുത്തുന്നതിനും, ആവശ്യമെങ്കിൽ BUDS നിയമപ്രകാരം ജപ്തി ചെയ്ത സ്വത്തുക്കൾ ലേലം ചെയ്ത് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അനധികൃത നിക്ഷേപ പദ്ധതികളിലൂടെ പൊതുജനങ്ങളെ വഞ്ചിക്കുന്നവർക്കെതിരെ BUDS നിയമപ്രകാരം സർക്കാർ ശക്തമായ നടപടി തുടരുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ഉത്തരവ്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GArY6otRpYTLMYpEtb9fwq
ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

