ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

തിരുവനന്തപുരം: ഡിജിറ്റൽ സർവേയിലെ അപാകതകൾ കാരണം ഭൂനികുതി അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഭൂവുടമകൾക്ക് ആശ്വാസമായി ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഭൂമിയുടെ വിസ്തീർണ്ണം, ഉടമസ്ഥാവകാശ വിവരങ്ങൾ തുടങ്ങിയവയിലെ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള അപേക്ഷകൾ തീർപ്പാകുന്നതുവരെ ഭൂനികുതി സ്വീകരിക്കുന്നത് തടസ്സപ്പെടുത്തരുതെന്നാണ് നിർദേശം.
2026 ഓഗസ്റ്റ് അഞ്ചിന് പുറപ്പെടുവിച്ച LR/7288/2026-SPLC1 നമ്പർ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡിജിറ്റൽ സർവേ പൂർത്തിയായ പ്രദേശങ്ങളിൽ ഭൂമിയുടെ രേഖകളിലെ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച LRM അപേക്ഷകൾ തീർപ്പാകാൻ കാലതാമസം നേരിടുന്നതുമൂലം ഭൂനികുതി അടയ്ക്കാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഇത്തരം കേസുകളിൽ LRM നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ ReLIS പോർട്ടലിലെ പേയ്മെന്റ് ഓപ്ഷനിൽ ലഭ്യമായ Resident Entry സൗകര്യം ഉപയോഗപ്പെടുത്തി താൽക്കാലികമായി ഭൂനികുതി സ്വീകരിക്കാമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
ഡിജിറ്റൽ സർവേയിൽ വിസ്തീർണ്ണ വ്യത്യാസം കണ്ടെത്തിയിട്ടുള്ള സാഹചര്യങ്ങളിൽ തണ്ടപ്പേർ കക്ഷികളുടെ ആധാരം, മുൻ നികുതി രസീത് എന്നിവയുടെ അടിസ്ഥാനത്തിൽ നികുതി സ്വീകരിക്കണം. നികുതി സ്വീകരിക്കുമ്പോൾ നൽകുന്ന കരട് രസീതിലെ റിമാർക്സ് കോളത്തിൽ ബന്ധപ്പെട്ട LRM അപേക്ഷയുടെ LTIN നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം.
കൂടാതെ, ഇത് താൽക്കാലിക തണ്ടപ്പേരാണെന്ന വിവരവും നികുതി രസീതിൽ വ്യക്തമാക്കണം. ബന്ധപ്പെട്ട LRM അപേക്ഷയിലെ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് താൽക്കാലികമായി സ്വീകരിച്ച നികുതിത്തുക യഥാർത്ഥ തണ്ടപ്പേരിലേക്ക് വകമാറ്റുന്നതിനും നിർദേശമുണ്ട്.
ഭൂരേഖകളിലെ സാങ്കേതിക അപാകതകൾ പരിഹരിക്കുന്ന നടപടികൾ തുടരുന്നതിനിടെ പൊതുജനങ്ങൾക്ക് ഭൂനികുതി അടയ്ക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കുകയാണ് സർക്കുലറിന്റെ ലക്ഷ്യം. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നികുതി പിരിവ് തടസ്സപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ മാത്രം ഭൂവുടമകൾക്ക് നികുതി അടയ്ക്കാനുള്ള അവസരം നിഷേധിക്കരുതെന്നതാണ് പുതിയ സർക്കുലറിന്റെ പ്രധാന സന്ദേശം. എന്നാൽ താൽക്കാലികമായി നികുതി സ്വീകരിക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശമോ രേഖകളിലെ തർക്കങ്ങളോ അന്തിമമായി തീർപ്പാക്കിയതായി കണക്കാക്കാനാവില്ല.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/F2slV8N3RlAA7cGcLRzzVT
ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..
