ജിഎസ്ടി ഉദ്യോഗസ്ഥർ നിയമ വിരുദ്ധമായി പരിശോധന നടത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ നടപടികളുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ച് ഹർജി ഫയൽ ചെയ്തു. കൊച്ചിയിലെ എംജി റോഡിൽ പ്രവർത്തിക്കുന്ന പെൻ്റോണിക്സ് സിസ്റ്റംസ് ഉടമയുടെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിവാദം ഉയർന്നത്.
ഇൻ്റലിജൻസ് പരിശോധനാ നടപടികൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നുവെന്നും, അതിനിടെ ഉണ്ടായ സംഭവവികാസങ്ങൾ വ്യാപാരിയുടെ അവകാശങ്ങളെ ബാധിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. നവംബർ 13 ആയിരുന്നു പരിശോധന നടന്നത്. ഹർജി 30.03.2026 ന് നൽകിയെങ്കിലും 31ന് ആണ് സ്വീകരിച്ചു കേസ് നമ്പർ ആയിട്ടുള്ളത്. ഹർജിയിൽ സ്റ്റേറ്റ് ജി എസ് ടി ഡിപ്പാർട്ടുമെൻ്റിനെയും, അഡീഷണൽ ചീഫ് സെക്രട്ടറി, ഇൻ്റലിജൻസ് ഓഫീസർ, പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ, ഡെപ്യൂട്ടി കമ്മീഷണർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, ADGP എന്നിവരെയും കക്ഷി ചേർത്തിട്ടുണ്ട്.
പരാതിക്കാരന്റെ വാദപ്രകാരം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തതും, നിയമപരമായ നടപടിക്രമങ്ങൾ ലംഘിച്ചതുമാണ് സംഭവത്തിന്റെ തുടക്കം. ഇത് ഒരു വ്യക്തിഗത പ്രശ്നമായി കാണാതെ, നികുതി ഭരണ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വിഷയമാണെന്ന നിലപാടിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, ഈ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥലത്തിലുള്ള വേർതിരിവുകളും ഗ്രൂപ്പ് ചേരുവകളും കാരണമായിരിക്കാമെന്ന തരത്തിൽ പരക്കെ ആക്ഷേപങ്ങൾ ഉയരുന്നുവെന്നും വിവരം ലഭിക്കുന്നു. ചില ഉദ്യോഗസ്ഥർക്ക് അനുകൂലമായും ചിലർക്കെതിരെ പ്രതികൂലമായും നടപടികൾ കൈക്കൊള്ളപ്പെടുന്നതായി വ്യാപാര മേഖലയിലെ വൃത്തങ്ങളിൽ ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങൾ സത്യസന്ധമാണെങ്കിൽ, നികുതി വകുപ്പിന്റെ പ്രവർത്തന രീതിയിലും അന്വേഷണ സംവിധാനത്തിലും ഗുരുതരമായ ചോദ്യങ്ങൾ ഉയരാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.
ഹർജിയുടെ അന്തിമ പരിഗണനയിൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാകും. പ്രത്യേകിച്ച്, ജിഎസ്ടി പരിശോധനാ നടപടികളിലെ സുതാര്യത, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം, വ്യാപാരികളുടെ അവകാശ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഈ കേസ് ഒരു മാർഗനിർദ്ദേശമായി മാറാൻ സാധ്യതയുണ്ടെന്നാണ് നിയമ വൃത്തങ്ങൾ വിലയിരുത്തുന്നത്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ
