ജിഎസ്ടി പരിഷ്കാരങ്ങൾ അറിയാൻ 100 ദിവസത്തെ പ്രത്യേക പരിശീലന പരിപാടി; കൊച്ചിയിൽ നവംബർ 11ന് തുടക്കം

ജിഎസ്ടി പരിഷ്കാരങ്ങൾ അറിയാൻ 100 ദിവസത്തെ പ്രത്യേക പരിശീലന പരിപാടി; കൊച്ചിയിൽ നവംബർ 11ന് തുടക്കം

കൊച്ചി: 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളും നികുതി നിയമങ്ങളിലെ പരിഷ്കാരങ്ങളും നികുതിദായകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര ജിഎസ്ടി കൊച്ചി കമ്മിഷണറേറ്റ് 100 ദിവസത്തെ പ്രത്യേക ബോധവത്കരണ, സഹായ പരിപാടി സംഘടിപ്പിക്കുന്നു. 100 Days GST Taxpayer Outreach and Hand-Holding Programme എന്ന പേരിലുള്ള പരിപാടിക്ക് നവംബർ 11ന് രാവിലെ 10.30ന് കൊച്ചിയിൽ തുടക്കമാകും.

വ്യാപാരികൾ, സേവനദാതാക്കൾ, സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾ (MSME), കയറ്റുമതിക്കാർ, നികുതി പ്രാക്ടീഷണർമാർ, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കാണ് പരിപാടി പ്രധാനമായും പ്രയോജനപ്പെടുക. ജിഎസ്ടി നിയമവ്യവസ്ഥകൾ, നടപടിക്രമങ്ങൾ, റിട്ടേൺ സമർപ്പണം, നികുതി റീഫണ്ട്, രജിസ്ട്രേഷൻ, നികുതി പാലനവുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവയിൽ വ്യക്തത നൽകുകയാണ് ലക്ഷ്യം.

നവംബർ 11ന് രാവിലെ 10.30ന് എറണാകുളം ഐ.എസ്. പ്രസ് റോഡിലുള്ള സെൻട്രൽ എക്സൈസ് കോൺഫറൻസ് ഹാളിലാണ് ഉദ്ഘാടന സെമിനാർ. ജിഎസ്ടി കൗൺസിൽ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള പൊതുവായ മാറ്റങ്ങളാണ് ആദ്യ സെഷനിൽ വിശദീകരിക്കുന്നത്. കേന്ദ്ര ജിഎസ്ടി കൊച്ചി കമ്മിഷണറേറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി.

നവംബർ 26ന് രാവിലെ 10.30ന് എറണാകുളം, കാക്കനാട്, ആലുവ ഡിവിഷനുകളുടെ നേതൃത്വത്തിൽ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട പ്രത്യേക സെമിനാർ നടക്കും. കൊച്ചി ഐ.എസ്. പ്രസ് റോഡിലുള്ള സെൻട്രൽ എക്സൈസ് കോൺഫറൻസ് ഹാളാണ് വേദി.

ഡിസംബർ 16ന് തൃശൂർ, ചാലക്കുടി ഡിവിഷനുകളുടെ നേതൃത്വത്തിൽ തൃശൂർ ചേമ്പുക്കാവിലെ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട പരിശീലനം നടക്കും. ജിഎസ്ടി രജിസ്ട്രേഷൻ, റിട്ടേൺ, കോമ്പോസിഷൻ സ്കീം, ഇൻവോയ്സ് കംപ്ലയൻസ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, റീഫണ്ട് തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേ ദിവസം പെരുമ്പാവൂർ ഡിവിഷന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എം.സി. റോഡിലുള്ള കുന്നത്താൻ റെസിഡൻസിയിൽ ജിഎസ്ടി രജിസ്ട്രേഷനിലെ മാറ്റങ്ങളെക്കുറിച്ചുള്ള പ്രത്യേക സെമിനാറും സംഘടിപ്പിക്കും. രണ്ട് പരിപാടികളും രാവിലെ 10.30ന് ആരംഭിക്കും.

2027 ജനുവരി 14ന് ഇടുക്കി ഡിവിഷന്റെ നേതൃത്വത്തിൽ തൊടുപുഴ വ്യാപാരഭവനിൽ ജിഎസ്ടി പരിഷ്കാരങ്ങളെക്കുറിച്ചുള്ള സെമിനാർ നടക്കും. 57-ാമത് ജിഎസ്ടി കൗൺസിൽ തീരുമാനങ്ങളുമായി ബന്ധപ്പെട്ട പ്രധാന മാറ്റങ്ങൾ, നികുതി പാലന നടപടികളുടെ ലഘൂകരണം, നികുതിദായകർക്കുള്ള സൗകര്യങ്ങൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ.

പരിപാടിയുടെ ഭാഗമായി ജിഎസ്ടി പരിഷ്കാരങ്ങളെക്കുറിച്ച് വിഷയവിദഗ്ധരും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും ക്ലാസുകൾ നയിക്കും. സെമിനാർ വേദികളിൽ സംശയനിവാരണത്തിനും നേരിട്ടുള്ള സഹായത്തിനുമായി പ്രത്യേക ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കും. 2026 ഡിസംബർ, 2027 ജനുവരി മാസങ്ങളിലെ ആദ്യ ആഴ്ചകളിൽ ഡിവിഷൻ തലത്തിൽ രണ്ട് ഘട്ടങ്ങളിലായി നികുതിദായക സഹായ സെഷനുകളും നടത്താനാണ് പദ്ധതി.

ജിഎസ്ടി നിയമഭേദഗതികൾ, വിശദീകരണ കുറിപ്പുകൾ, വിജ്ഞാപനങ്ങൾ, സർക്കുലറുകൾ തുടങ്ങിയവ ക്യുആർ കോഡുകൾ വഴി ലഭ്യമാക്കുന്നതിനും ക്രമീകരണമുണ്ടാകും. നികുതിദായകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിയുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നതും പരിപാടിയുടെ ഭാഗമാണ്.


വ്യാപാരി സംഘടനകൾ, ചേംബർ ഓഫ് കൊമേഴ്സ്, വ്യവസായ സംഘടനകൾ, ചെറുകിട സംരംഭക കൂട്ടായ്മകൾ തുടങ്ങിയവയോട് പ്രതിനിധികളെ സെമിനാറുകളിലേക്ക് നാമനിർദേശം ചെയ്യാനും അംഗങ്ങൾക്കിടയിൽ പരിപാടിയുടെ വിവരങ്ങൾ പ്രചരിപ്പിക്കാനും കേന്ദ്ര ജിഎസ്ടി കമ്മിഷണറേറ്റ് അഭ്യർഥിച്ചിട്ടുണ്ട്.

രജിസ്റ്റർ ചെയ്തവർക്കൊപ്പം രജിസ്ട്രേഷൻ ഇല്ലാത്ത നികുതിദായകർക്കും വ്യാപാരികൾക്കും സംരംഭകർക്കും ബന്ധപ്പെട്ട സംഘടനകൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. പരിശീലനത്തിനിടെ ലഭിക്കുന്ന അഭിപ്രായങ്ങളും സംശയങ്ങളും ജിഎസ്ടി പരിഷ്കാരങ്ങളുടെ നടപ്പാക്കലിലെ ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്നതിനും കൂടുതൽ വ്യക്തത ആവശ്യമായ വിഷയങ്ങൾ കണ്ടെത്തുന്നതിനും ഉപയോഗപ്പെടുത്തും.

കേന്ദ്ര ജിഎസ്ടി കൊച്ചി കമ്മിഷണറേറ്റ് പ്രിൻസിപ്പൽ കമ്മിഷണർ പുറത്തിറക്കിയ അറിയിപ്പിലാണ് 100 ദിവസത്തെ പരിപാടിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.