കെട്ടിടങ്ങൾ മറച്ച് ഭൂമി രജിസ്ട്രേഷൻ; സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് വ്യാപകമെന്ന് കണ്ടെത്തൽ; നഗരപ്രദേശങ്ങളോട് ചേർന്ന പഞ്ചായത്തുകളിൽ കൂടുതലായി ക്രമക്കേട്

തിരുവനന്തപുരം: ഭൂമി വിൽപന രജിസ്ട്രേഷനിൽ സ്ഥലത്തുള്ള വീടുകളും വാണിജ്യ കെട്ടിടങ്ങളും ഉൾപ്പെടെയുള്ള നിർമ്മിതികൾ രേഖപ്പെടുത്താതെ സ്റ്റാംപ് ഡ്യൂട്ടി വെട്ടിക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമാകുന്നതായി കണ്ടെത്തൽ. ഭൂമിയുടെ മാത്രം വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടത്തുകയും, പിന്നീട് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുമ്പോഴാണ് ക്രമക്കേട് പുറത്തുവരുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇത്തരം സംഭവങ്ങൾ കോർപ്പറേഷനുകൾ, നഗരസഭകൾ, നഗരപ്രദേശങ്ങളോട് ചേർന്ന പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ വകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഭൂമി വാങ്ങിയവരോ ദാനാധാരം, ഭാഗപത്രം തുടങ്ങിയവ വഴി ഭൂമി ലഭിച്ചവരോ കെട്ടിട ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷിക്കുമ്പോൾ, കെട്ടിട വിവരങ്ങൾ രേഖപ്പെടുത്തിയ പ്രമാണങ്ങൾ നിർബന്ധമായും പരിശോധിക്കണമെന്നാണ് നിർദേശം. കെട്ടിടങ്ങൾ രേഖപ്പെടുത്താത്ത പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം മാറ്റരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമി വാങ്ങി മറിച്ചു വിൽക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണ് ഇത്തരം ക്രമക്കേടുകൾ കൂടുതലായി കണ്ടെത്തുന്നതെന്നാണ് രജിസ്ട്രേഷൻ വകുപ്പിന്റെ വിലയിരുത്തൽ. കെട്ടിടത്തിന്റെ വിവരങ്ങൾ പരാമർശിക്കാതെ രജിസ്ട്രേഷൻ നടത്തുന്നത് ഗുരുതരമായ പിഴവാണെന്നും പിന്നീട് തിരുത്തൽ ആധാരം നടത്തേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ സ്റ്റാംപ് ഡ്യൂട്ടിയും മറ്റ് ഫീസുകളും വീണ്ടും അടയ്ക്കേണ്ടിവരുന്നതിനാൽ വാങ്ങുന്നവർക്കും സാമ്പത്തിക ബാധ്യത വർധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഭൂമി വാങ്ങുന്നതിന് മുമ്പ് ആധാരത്തിൽ ഭൂമിയോടൊപ്പം സ്ഥലത്തെ എല്ലാ കെട്ടിടങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GArY6otRpYTLMYpEtb9fwq
ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

