ഒരു ലക്ഷം കോടിയുടെ ടാക്‌സ് റീഫണ്ടുകള്‍ പിടിച്ചുവച്ചു; സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത് വലിയ ബാധ്യത

രാജ്യത്തെ നിരവധി സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ടാക്‌സ് റീഫണ്ടുകള്‍ ആദായനികുതി വകുപ്പ് പിടിച്ചുവയ്ക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ നികുതി വരുമാനം പെരുപ്പിച്ച് കാണിക്കാനാണിതെന്നാണ് ആരോപണം. ഇത് 2017-18ലെ നികുതി വരുമാനത്തിന്റെ 10 ശതമാനത്തോളം വരുമെന്നാണ് കണക്കുകള്‍. 2017-18ലെ പ്രത്യക്ഷനികുതി വരുമാനം 9.95 ലക്ഷം കോടിയായിരുന്നു. പുതുക്കിയ ബജറ്റ് ലക്ഷ്യമായ 9.8നേക്കാള്‍ അധികമായിരുന്നു ഇത്. ഈ കണക്കുകള്‍ പെരുപ്പിച്ചതാണെന്നാണ് പുതിയ ആരോപണത്തിലൂടെ വ്യക്തമാകുന്നത്. ജിഎസ്ടി കാരണം നികുതി വരുമാനത്തിലുണ്ടായ നഷ്ടം കവര്‍ ചെയ്യാന്‍ ഡയരക്‌ട് ടാക്‌സ് ഇനത്തിലെ വരുമാനം പെരുപ്പിച്ചു കാണിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് വകുപ്പിലെ അഡീഷനല്‍ കമ്മീഷണറെ ഉദ്ധരിച്ച് പോര്‍ട്ടല്‍ വ്യക്തമക്കി.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്‌ട് ടാക്‌സസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഔപചാരികമായ ഉത്തരവൊന്നും വന്നിട്ടില്ലെന്നും കോര്‍പറേറ്റുകള്‍ക്കുള്ള ടാക്‌സ് റീഫണ്ടുകള്‍ക്ക് തങ്ങള്‍ അനുമതി നല്‍കാറില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാക്കുകള്‍. ഒരു ലക്ഷം കോടി രൂപയുടെ ടാക്‌സ് റീഫണ്ടുകള്‍ ഈ രീതിയില്‍ പിടിച്ചുവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് മൊത്തം നികുതി വരുമാനത്തിന്റെ 10 ശമതാനത്തോളം വരും. തന്റെ സര്‍ക്കിളില്‍ മാത്രം ആയിരക്കണക്കിന് കോടികളുടെ റീഫണ്ട് നല്‍കാതെ പിടിച്ചുവച്ചിട്ടുണ്ട്. നാലു കൊല്ലമായി നല്‍കാതെ വച്ചിരിക്കുന്ന കേസുകളും ഉണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു
ഇന്‍കം ടാക്‌സ് നിയമപ്രകാരം ടാക്‌സ് റീഫണ്ട് 90 ദിവസത്തേക്കാള്‍ കൂടുതല്‍ വൈകിയാല്‍ ആറ് ശതമാനം പലിശ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആദായനികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും ഇന്‍കം ടാക്‌സ് ആക്ടിലെ 244എ വകുപ്പ് പ്രകാരം പലിശ സഹിതം ഇവ തിരികെ നല്‍കേണ്ടതാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ടാക്‌സ് റീഫണ്ടുകള്‍ തങ്ങള്‍ സമയബന്ധിതമായി നല്‍കുന്നുണ്ടെന്നും കൂടുതല്‍ പരിശോധന ആവശ്യമുള്ള കേസുകളിലാണ് അവ തടഞ്ഞുവച്ചിരിക്കുന്നതെന്നുമാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.