ആക്രി കച്ചവടത്തിന്റെ മറവിൽ 30 കോടി നികുതി വെട്ടിപ്പ്: വ്യാജരേഖ ചമച്ചവർക്കെതിരെ കടുത്ത നിയമനടപടികൾ

വ്യാജരേഖകളുടെ മറവിൽ 30 കോടി രൂപയുടെ നികുതി വെട്ടിച്ച് 200 കോടിയുടെ ഇടപാട്; നാസർ അറസ്റ്റിലായതോടൊപ്പം ജി.എസ്.ടി. വകുപ്പിന്റെ കർശന നടപടിയുമായി മുന്നോട്ട്.
പാലക്കാട് ആക്രി വ്യാപാരത്തിന്റെ മറവിൽ 30 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ ഓങ്ങല്ലൂർ സ്വദേശിയായ നാസറിനെ സ്റ്റേറ്റ് ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. 200 കോടിയോളം രൂപയുടെ വ്യാജ ഇടപാടുകൾ വഴിയാണ് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) തട്ടിയെടുത്തതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
നാസർ 80-ലധികം വ്യാജ രജിസ്‌ട്രേഷനുകൾ സൃഷ്ടിച്ച് നികുതി വെട്ടിച്ചിരുന്നത് വലിയ സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായിരുന്നു. കൊച്ചി അമൃത ഹോസ്പിറ്റലിന്റെ റെസപ്ഷൻ ലോഞ്ച് പോലുള്ള മേൽവിലാസങ്ങൾ ചമച്ച് രജിസ്‌ട്രേഷനുകൾ നിർമ്മിച്ചതായും കണ്ടെത്തി.
പുലർച്ചെ നാസറിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ പരിശോധിച്ച രേഖകൾ ഇയാളുടെ തട്ടിപ്പ് കൂടുതൽ വെളിവാക്കി.
പാലക്കാട് ഓങ്ങല്ലൂരിൽ നാസറിന് മൂന്ന് സ്ഥാപനങ്ങൾ ഉള്ളപ്പോൾ, 80 വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ച് നികുതി തട്ടിയെടുക്കാനായിരുന്നു ശ്രമം.
നാസറെ കൊച്ചി ജി.എസ്.ടി. ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (Economic Offence) കോടതിയിൽ ഹാജരാക്കി.
പ്രതിയെ ബഹുമാനപ്പെട്ട എക്കണോമിക് ഓഫൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം, കോടതിയുടെ നിർദ്ദേശപ്രകാരം കാക്കനാട് സെൻട്രൽ ജയിലിലേക്ക് മാറ്റി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
റെയ്ഡിനും അറസ്റ്റ് നടപടികൾക്കും നോർത്ത് സോൺ ജോയിന്റ് കമ്മീഷണർ (ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ്) പ്രദീപ് കെ. വള്ളികുന്നം നേതൃത്വം നൽകി. സ്റ്റേറ്റ് ജി.എസ്.ടി. കമ്മീഷണർ ശ്രീ. അജി പാട്ടേൽ IAS, ജി.എസ്.ടി. നിയമത്തിലെ 69 വകുപ്പ് പ്രകാരം നൽകിയ അനുമതി അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികൾ ആരംഭിച്ചത്.
സ്പെഷ്യൽ കമ്മീഷണർ ശ്രീ. എബ്രഹാം റെൻ IRS, കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകി. തിരൂർ ഇന്റലിജൻസ് ഓഫീസർ രതീഷ് വി.പി., കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ രത്നാകരൻ, എറണാകുളം യൂണിറ്റ് 6 ഇന്റലിജൻസ് ഓഫീസർ ഗിരീഷ്, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ജോൺസൺ ചാക്കോ എന്നിവരും, അവരുടെ കീഴിലുള്ള ഇൻസ്‌പെക്ടർമാരും റെയ്ഡിൽ പങ്കെടുത്തു.
ഇവരുടെയെല്ലാം കൃത്യമായ പരിശ്രമവും നാസറിന്റെ തട്ടിപ്പ് ചങ്ങലകൾ കണ്ടെത്തുന്നതിൽ നിർണ്ണായകമായതായി അധികൃതർ പറഞ്ഞു.
169 കോടിയുടെ ബോഗസ് ഇടപാടുകൾ ഇതുവരെ കണ്ടെത്തിയതോടെ, ചങ്ങലയുടെ വിവിധ കണ്ണികളിലേക്കുള്ള അന്വേഷണം തുടരുന്നു.
റെയ്ഡിനും അറസ്റ്റ് നടപടികൾക്കും ഉന്നതമായ നേതൃത്വവും പരിശീലനവും നൽകിയതായും, ജിഎസ്ടി നിയമലംഘനങ്ങൾക്കായി കർശന നിരീക്ഷണവും ഫലപ്രദമായ നിർവഹണവും സംസ്ഥാനം ഇന്റലിജൻസ് വിഭാഗം തുടരുമെന്നും നോർത്ത് സോൺ ജോയിന്റ് കമ്മീഷണർ പ്രദീപ് കെ. വള്ളികുന്നം പറഞ്ഞു
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...