₹2 ലക്ഷത്തിന് മുകളിൽ പണമായി സ്വീകരിച്ചാലും പിഴ ഒഴിവാക്കാം; ₹13 ലക്ഷത്തിന്റെ പിഴ റദ്ദാക്കി ഇൻകം ടാക്സ് ട്രൈബ്യൂണൽ

രണ്ട് ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിക്കുന്നതിന് ആദായനികുതി നിയമം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇടപാടിന് മതിയായതും ന്യായവുമായ കാരണങ്ങൾ തെളിയിക്കാനായാൽ പിഴ ഒഴിവാക്കാമെന്ന് ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ജയ്പൂർ ബെഞ്ച്. ടോൾ പിരിവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പണമായി തുക സ്വീകരിച്ചതിന് റിഡ്കോർ ഇൻഫ്ര പ്രോജക്ട്സ് ലിമിറ്റഡിന് ചുമത്തിയ ₹13,00,825 പിഴയാണ് ട്രൈബ്യൂണൽ റദ്ദാക്കിയത്.
Ridcor Infra Projects Limited Vs ITO കേസിൽ 2026 നവംബർ 18-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2017–18 സാമ്പത്തിക വർഷത്തിൽ ടോൾ പിരിവ് കരാറുകാരനായ ചൗധരി ബിൽഡേഴ്സിൽനിന്ന് കമ്പനി ആറ് തവണകളിലായി ₹13,00,825 പണമായി സ്വീകരിച്ചിരുന്നു. ഇതിൽ നാല് ഇടപാടുകൾ ₹2 ലക്ഷം വീതവും മറ്റ് രണ്ട് ഇടപാടുകൾ ₹2.60 ലക്ഷവും ₹2,40,825 രൂപയുമായിരുന്നു.
ആദായനികുതി നിയമത്തിലെ സെക്ഷൻ 269ST പ്രകാരം നിശ്ചിത സാഹചര്യങ്ങളിൽ ₹2 ലക്ഷമോ അതിലധികമോ പണമായി സ്വീകരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സെക്ഷൻ 271DA പ്രകാരം സ്വീകരിച്ച തുകയ്ക്ക് തുല്യമായ പിഴയാണ് ആദായനികുതി വകുപ്പ് ചുമത്തിയത്. ആദ്യ അപ്പീലിലും പിഴ ശരിവച്ചതോടെയാണ് കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചത്.
കരാറുകാരൻ തുടർച്ചയായി പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ കമ്പനിയുടെ വരുമാനം സംരക്ഷിക്കാനാണ് പണമായി തുക സ്വീകരിക്കേണ്ടിവന്നതെന്നായിരുന്നു വിശദീകരണം. ഇടപാടുകളെല്ലാം ഓഡിറ്റ് ചെയ്ത അക്കൗണ്ടുകളിൽ രേഖപ്പെടുത്തിയിരുന്നുവെന്നും നികുതി വെട്ടിപ്പ് നടന്നതായി വകുപ്പിന് ആരോപണമില്ലെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.
കരാറുകാരന്റെ കുടിശ്ശിക സംബന്ധിച്ച കത്തിടപാടുകളും കരാർ അവസാനിപ്പിച്ച നടപടികളും പരിശോധിച്ച ട്രൈബ്യൂണൽ, പണമായി തുക സ്വീകരിക്കുന്നതിന് മതിയായ കാരണങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തി. സെക്ഷൻ 271DA(1) പ്രകാരം നിയമലംഘനത്തിന് ന്യായമായ കാരണങ്ങൾ തെളിയിച്ചാൽ പിഴ ഒഴിവാക്കാൻ വ്യവസ്ഥയുണ്ടെന്നും വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ₹13,00,825 പിഴ പൂർണമായി റദ്ദാക്കി കമ്പനിയുടെ അപ്പീൽ അനുവദിച്ചത്.
അതേസമയം, ₹2 ലക്ഷമോ അതിലധികമോ പണമായി സ്വീകരിക്കുന്നതിനുള്ള നിയമപരമായ നിയന്ത്രണം തുടരും. ഓരോ കേസിലെയും പ്രത്യേക സാഹചര്യങ്ങളും തെളിവുകളും പരിശോധിച്ചാണ് പിഴ ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടതെന്നും വിധി വ്യക്തമാക്കുന്നു.













