എന്‍ഡിഎയുടെ വിജയം: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

എന്‍ഡിഎ സർക്കാരിന്റെ മികച്ച വിജയത്തെതുടർന്ന് സെന്‍സെക്‌സ് 40,000 കടന്നെങ്കിലും കനത്ത വില്പന സമ്മർദത്തില്‍ ആടിയുലഞ്ഞ് നേട്ടം മുഴുവന്‍ നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകഴിഞ്ഞ് ഒരുദിവസം പിന്നിട്ടപ്പോൾ ഓഹരി വിപണി ഉണർന്നു. സെന്സെക്സ് 245 പോയന്റ് നേട്ടത്തില് 39056ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11725ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 307 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഇന്ഫ്ര, വാഹനം, ഊർജം, ലോഹം, ഫാർമ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്. ഐഒസി, ബിപിസിഎല്, എല്ആന്റ്ടി, ഏഷ്യന് പെയിന്റ്സ്, ഭാരതി എയർടെല്, ആക്സിസ് ബാങ്ക്, ഇന്ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎന്ജിസി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന് യുണിലിവർ, എച്ച്സിഎല് ടെക്, സിപ്ല, വേദാന്ത, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.