മാസം 1000 രൂപ നിക്ഷേപിച്ച് 20 വര്‍ഷം കൊണ്ട് 15 ലക്ഷം നേടാം!! നിക്ഷേപം നടത്തേണ്ടത് ഇങ്ങനെ

ഓഹരി വിപണിയെയും മ്യൂച്വൽ ഫണ്ടിനെയുമൊക്കെ ഭയത്തോടെ മാത്രമേ സാധാരണക്കാർ കണ്ടിട്ടുള്ളൂ. കാശ് നഷ്ട്ടപ്പെടുന്ന തട്ടിപ്പ് മാർഗങ്ങളായാണ് ഇത്തരം നിക്ഷേപ രീതികളെ മലയാളികൾ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ റിസ്ക് കുറഞ്ഞ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ അഥവാ സിപ് നിക്ഷേപ പദ്ധതിയെക്കുറിച്ചും എങ്ങനെ ലാഭകരമായി നിക്ഷേപം നടത്താമെന്നും നോക്കാം
എന്താണ് സിപ് നിക്ഷേപം?
കൃത്യമായ ഇടവേളകളിൽ നിക്ഷേപം നടത്തുന്ന രീതിയാണ് എസ്ഐപി അഥവാ സിപ്. അതായത് ആഴ്ചയിലോ, മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ ഒരു നിശ്ചിത തുക തെരഞ്ഞെടുത്ത ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ നിക്ഷേപം നടത്തുന്നു. ബാങ്കിലെ റിക്കറിംഗ് ഡിപ്പോസിറ്റിന് സമാനമാണ് സിപ് എന്നു വേണമെങ്കിൽ പറയാം.
ലാഭ നഷ്ടങ്ങൾ പ്രശ്നമല്ല
ഓഹരി വിപണിയിലെ ഉയർച്ച താഴ്ചകൾ ഒന്നും സിപ് നിക്ഷേപത്തെ ബാധിക്കില്ല. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് പണം നഷ്ടമാകുമെന്ന ടെൻഷനും വേണ്ട. ഏത് ആസ്തിയിലും എസ്ഐപി രീതിയിൽ നിക്ഷേപം നടത്താമെങ്കിലും ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനാണ് എസ്ഐപി ഏറ്റവും യോജിച്ചതായി കാണുന്നത്.
സിപ് നിക്ഷേപം അനുയോജ്യമായത് ആർക്കൊക്കെ?
ഏത് വരുമാനക്കാർക്കും സിപ്പിൽ നിക്ഷേപം നടത്താം. അവരവരുടെ സാമ്പത്തിക ശേഷി അനുസരിച്ച് വ്യത്യസ്ത ക്ലാസുകൾ തിരഞ്ഞെടുക്കാം എന്നതാണ് സിപ്പിന്റെ പ്രത്യേകത. സ്ഥിര വരുമാനക്കാർക്ക് മികച്ച നിക്ഷേപ മാർഗമാണ് സിപ്
100 രൂപ മുതൽ
മാസം100 രൂപ മുതൽ സിപ് രീതിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താം. ദീർഘകാലത്തിൽ ഈ ചെറിയ തുകകൾ വലിയ തുകയായി മാറുന്നു. അതായത് മാസം 1000 രൂപ വീതം 20 വർഷത്തേയ്ക്ക് നിക്ഷേപം നടത്തുകയാണെങ്കിൽ 2.40 ലക്ഷം രൂപയാണ് നിങ്ങളുടെ നിക്ഷേപ തുക. സിപിൽ നിക്ഷേപിക്കുന്നത് വഴി നിലവിലെ മൂല്യം അനുസരിച്ച് ഏതാണ്ട് 15.90 ലക്ഷം രൂപ വരെ നിങ്ങൾക്ക് തിരികെ ലഭിക്കും.
നിക്ഷേപ രീതി
മുൻകൂർ തീയതി വച്ചിട്ടുള്ള ചെക്കുകൾ വഴിയോ ഇസിഎസ് വഴിയോ നിക്ഷേപം നടത്താം. ബാങ്ക് അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ഓട്ടോമാറ്റിക്കായി നിക്ഷേപത്തുക അക്കൗണ്ടിൽ നിന്നെടുക്കാം.