എറണാകുളത്ത് ജി.എസ്.ടി ഇൻ്റലിജൻസ് വിഭാഗത്തിന്റെ വൻ റെയ്ഡിൽ 7 കോടി രൂപ പിടികൂടി; ബ്രോഡവേയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്

എറണാകുളം: സ്റ്റേറ്റ് ജി.എസ്.ടി ഇൻ്റലിജൻസ് & എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം നടത്തിയ മൂന്ന് മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ എറണാകുളം നഗരത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ റെയ്ഡ് നടത്തി 7 കോടി രൂപ പിടികൂടി.
സ്ഥാപനത്തിൻറെ നാലോളം ഷോപ്പുകളിലും ഉടമയുടെ വീടുകളിലും നടത്തിയ പരിശോധനയിൽ 6.75 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
യഥാർത്ഥ വെട്ടിപ്പിന്റെ ആകെ തുക ഇതിലേറെയായിരിക്കാമെന്നും അന്വേഷണം തുടരുകയാണെന്നും ജി.എസ്.ടി വിഭാഗം വ്യക്തമാക്കി. സ്റ്റേറ്റ് ഇൻ്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കൃത്യമായ ബില്ലുകൾ ഇല്ലാതെയും കണക്കിൽ രേഖപ്പെടുത്താതെയും വൻതോതിൽ വിൽപ്പന നടത്തിയാണ് നികുതി വെട്ടിപ്പ് നടത്തിയിരുന്നത് എന്ന് വ്യക്തമായി.
ബില്ലില്ലാതെ കൈമാറിയ വസ്ത്രങ്ങൾ, കണക്കുകളിൽ രജിസ്റ്റർ ചെയ്യാതെ നടത്തിയ ഇടപാടുകൾ എന്നിവയും റെയ്ഡിൽ കണ്ടെത്തി.
വ്യവസായ മേഖലയിൽ സുപ്രധാന സ്ഥാനമുള്ള ഈ സ്ഥാപനത്തിൻറെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ലഭിച്ച വിവരത്തെ തുടർന്ന് ആണ് പരിശോധന നടന്നിട്ടുള്ളത്.
ബ്രോഡ് വേയിലെ നാല് ഷോപ്പുകളും സ്ഥാപന ഉടമയുടെ വീടും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി വൻതോതിൽ കള്ളപ്പണം തിരിമറി നടത്തിയതിന്റെ രേഖകൾ കണ്ടെത്തി.
എറണാകുളം ജോയിൻ കമ്മീഷണർ ഇന്റലിജൻസ് എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർ പ്രമോദിൻ്റെ നിർദ്ദേശാനുസരണമാണ് പരിശോധന നടന്നത്.
സ്‌റ്റേറ്റ് സീനിയർ ഇൻവെസ്റ്റിഗേറ്റർ ജോൺസൺ ചാക്കോ, ചന്ദ്രൻ, ഡെപ്യൂട്ടി കമ്മിഷണർ ഇന്റലിജിൻസ് എറണാകുളം എന്നിവരുടെ നേതൃത്വത്തിൽ ആണ് വൻ പരിശോധന സംഘടിപ്പിച്ചത്. പരിശോധനയിൽ നിരവധി ഇൻസ്പെക്ടർമാരും ഓഫീസർമാരും പങ്കെടുത്തു.
പരിശോധനയിൽ ബില്ലില്ലാതെ നടത്തിയ വിൽപ്പനകളുടെ രേഖകൾ, കണക്കിൽ ഉൾപ്പെടുത്താതെയുള്ള സാമ്പത്തിക ഇടപാടുകളുടെ ഡാറ്റ തുടങ്ങിയവയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
യഥാർത്ഥ നികുതി വെട്ടിപ്പ് ഇതിലേറെയാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ഥാപനത്തിൻറെ ബാങ്ക് അക്കൗണ്ടുകളും മറ്റു സാമ്പത്തിക ഇടപാടുകളും കൃത്യമായി പരിശോധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തും.
ജി.എസ്.ടി ഇൻ്റലിജൻസ് വിഭാഗത്തിന്റെ പരിശോധനകൾ അടുത്ത ദിവസങ്ങളിലും തുടരുമെന്നും, നികുതി വെട്ടിപ്പിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...