ബിൽ വങ്ങിക്കു, ഫോട്ടോ എടുക്കു, സമ്മാനം നേടൂ; ലക്കി ബിൽ മൊബൈൽ ആപ്പ് ഗൂഗിൾ പ്‌ളേസ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

ബിൽ വങ്ങിക്കു, ഫോട്ടോ എടുക്കു, സമ്മാനം നേടൂ;  ലക്കി ബിൽ മൊബൈൽ ആപ്പ് ഗൂഗിൾ  പ്‌ളേസ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

സംസ്ഥാന ചരക്ക് സേവന   നികുതി വകുപ്പ്   പുറത്തിറക്കുന്ന ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം  ഓഗസ്റ്റ് 16ന് വൈകിട്ട്  നാലിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായിരിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രൻ, ശശി തരൂർ എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

 പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബിൽ ആപ്പ് പുറത്തിറക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നത്. ഇത് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ബില്ല് ചോദിച്ചു വാങ്ങാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതമാക്കുകയും ചെയ്യും. ജനങ്ങൾ നൽകുന്ന നികുതി പൂർണ്ണമായും സർക്കാരിലേക്ക് എത്തുന്നതോടെ സർക്കാരിന്റെ നികുതി വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും.

ലക്കി ബിൽ  ആപ്പിൽ  അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകൾക്ക്  നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ കൂടാതെ ബമ്പർ സമ്മാനവും നൽകും. പ്രതിദിന നറുക്കെടുപ്പിലൂടെ  കുടുംബശ്രീ  നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും,     വനശ്രീ  നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും ലഭിക്കും. പ്രതിവാര നറുക്കെടുപ്പിലൂടെ  കെ.ടി.ഡി.സി യുടെ  3 പകൽ/ 2 രാത്രി വരുന്ന സൗജന്യ  ഫാമിലി   താമസ സൗകര്യം  25  പേർക്ക്  ലഭിക്കും.  പ്രതി മാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക്   10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം  5 പേർക്ക്  ലഭിക്കും,   ബമ്പർ സമ്മാന വിജയിക്ക്  25  ലക്ഷം രൂപയും ലഭിക്കും. പ്രതിവർഷം    5 കോടി രൂപയുടെ   സമ്മാനങ്ങളാണ് ലക്കി ബിൽ ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ലക്കി ബിൽ മൊബൈൽ ആപ്പ് ഗൂഗിൾ  പ്‌ളേസ്റ്റോറിൽ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. തുടർന്ന് പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്തതിനു ശേഷം ഉപയോക്താക്കൾക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ അപ്ലോഡ് ചെയ്യാം.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...