അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു

അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു.

ഉത്തരാഖണ്ഡിലെ ആയുര്‍വേദ യുനാനി ലൈസന്‍സിംഗ് അതോറിറ്റിയുടേതാണ് നടപടി. പതഞ്ജലിയുടെ പരസ്യങ്ങള്‍ നിയമ വിരുദ്ധമെന്ന് കാണിച്ച്‌ മലയാളിയായ ഡോ. കെ വി ബാബു നേരത്തെ ആയുര്‍വേദ യുനാനി ലൈസന്‍സിംഗ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു.

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി പതഞ്ചലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന അഞ്ച് മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവെക്കാനാണ് ഉത്തരവ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റര്‍, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയാണ് മരുന്നുകള്‍.

1940 ലെ മാജിക് റെമഡീസ് ആക്‌ട്, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്‌ട് എന്നീ നിയമങ്ങള്‍ പ്രകാരം ഈ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരസ്യം പാടില്ല. ഇക്കാര്യം ചൂണ്ടികാണിച്ചാണ് കണ്ണൂര്‍ സ്വദേശിയായ നേത്ര വിദഗ്ധന്‍ ഡോ. കെ വി ബാബു ആയുഷ് മന്ത്രാലയത്തിനും, ഉത്തരാഖണ്ഡിലെ ആയുര്‍വേദ യുനാനി ലൈസന്‍സിംഗ് അതോറിറ്റിക്കും പരാതി നല്‍കിയത്.

അഞ്ച് ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നതില്‍ നിന്ന് പിന്മാറണം എന്ന് പതഞ്ജലിയോട് സെപ്റ്റംബര്‍ ആദ്യം തന്നെ ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ അവഗണിച്ചതിനു പിന്നാലെയാണ് നിരോധനമെന്നാണ് വിവരം. വീണ്ടും ഉത്പാദനം തുടങ്ങണമെങ്കില്‍ ഓരോ മരുന്നിന്റെ പുതുക്കിയ ഫോര്‍മുലേഷന്‍ ഷീറ്റുകളും ലേബലിനുള്ള അപേക്ഷയും സമര്‍പ്പിക്കാന്‍ പതഞ്ജലിയോട് അതോറിറ്റി ആവശ്യപ്പെട്ടു.

ലൈസന്‍സ് ഓഫീസര്‍ ഒപ്പിട്ട ഉത്തരവ് പുറത്ത് വന്നിട്ടും നിരോധനത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് കമ്ബനിയുടെ വിശദീകരണം. ആയുര്‍വേദ വിരുദ്ധ മാഫിയയാണ് പ്രചാരണത്തിന് പിന്നിലെന്നും കമ്ബനി ആരോപിക്കുന്നു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...