മെയ് 15ന് ശേഷം ഇന്ധനവില കുതിച്ചുയരാൻ സാധ്യത ; പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ വർധന സൂചന; ഗാർഹിക ഗ്യാസിനും തിരിച്ചടി

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ഗ്യാസ് വിലയിൽ വീണ്ടും വലിയ വർധനവിന് സാധ്യത ശക്തമാകുന്നതായി റിപ്പോർട്ടുകൾ. ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ, മെയ് 15ന് ശേഷം ഇന്ത്യയിലും ഇന്ധനവില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 രൂപ വരെയും ഗാർഹിക എൽപിജി സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും വർധനവുണ്ടാകാമെന്നാണ് സൂചന.
ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളർ വരെ ഉയർന്നതാണ് പ്രധാന തിരിച്ചടിയാകുന്നത്. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥയും ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധിയും ആഗോള എണ്ണവിതരണത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഈ മേഖലയിൽ രൂപപ്പെട്ട സംഘർഷാവസ്ഥ മൂലം ആഗോള ഊർജ്ജ വിപണിയിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
രാജ്യത്തെ എണ്ണ വിപണന കമ്പനികൾക്ക് (OMCs) ഓരോ മാസവും ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നതായാണ് റിപ്പോർട്ടുകൾ. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ 2022 മുതൽ ചില്ലറ ഇന്ധനവില വലിയ തോതിൽ വർധിപ്പിക്കാതിരുന്നതും കമ്പനികൾക്ക് അധികഭാരം സൃഷ്ടിച്ചെന്നാണ് വിലയിരുത്തൽ.
ഇതിനിടയിൽ ഗാർഹിക ആവശ്യങ്ങൾക്കും ചരക്ക് ഗതാഗതത്തിനും ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ വില കൂടുന്നത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതച്ചെലവിലും വലിയ ആഘാതമുണ്ടാക്കുമെന്നാണ് ആശങ്ക. പച്ചക്കറി, ഭക്ഷ്യവസ്തുക്കൾ, നിർമ്മാണ സാമഗ്രികൾ, യാത്രാചെലവ് എന്നിവയിൽ വീണ്ടും വിലക്കയറ്റം ഉണ്ടാകാനുള്ള സാധ്യതയും ശക്തമാണ്.
ഇന്ത്യ വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ആഗോള വിപണിയിലെ വിലമാറ്റങ്ങൾ നേരിട്ട് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതാണ് നിലവിലെ അവസ്ഥ. കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്താൽ അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ വിലവർധന പ്രാബല്യത്തിൽ വരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...













