പ്രധാനമന്ത്രി ഇന്ന് (25 ഏപ്രിൽ) തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും; കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും

പ്രധാനമന്ത്രി ഇന്ന് (25 ഏപ്രിൽ) തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും; കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (25) തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും.

കൊച്ചിയിൽ ഇന്നലെ (24 ഏപ്രിൽ) എത്തിയ പ്രധാനമന്ത്രി അവിടെനിന്നു വിമാന മാർഗം രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, സതേൺ എയർ കമാൻഡ് എ.വി.എസ്.എം. എയർ മാർഷൽ എസ്.കെ. ഇൻഡോറ തുടങ്ങിയവർ ചേർന്ന് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്നു റോഡ് മാർഗം 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും.

രാവിലെ 11.00ന് സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തിനു സമർപ്പിക്കും. ദിണ്ടിഗുൽ - പളനി - പാലക്കാട് പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേസ്റ്റേഷൻ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം, നേമം - കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം - ഷൊർണൂർ പാതയുടെ വേഗം വർധിപ്പിക്കുന്നതിന്റേയും ശിലാസ്ഥാപനം എന്നിവയും അദ്ദേഹം നിർവഹിക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എം.പി. എന്നിവർ പങ്കെടുക്കും.


സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിനു ശേഷം ഉച്ചയ്ക്ക് 12.20നു വേദിയിൽനിന്ന് വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാനമന്ത്രി 12.40ന് സൂററ്റിലേക്കു തിരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മന്ത്രി വി. അബ്ദുറഹിമാൻ തുടങ്ങിയവർ ചേർന്നു പ്രധാനമന്ത്രിയെ യാത്രയാക്കും.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...