അഴിമതിക്കെതിരെ വിജിലൻസിന്റെ ‘പ്രോജക്ട് സീറോ; കൈക്കൂലിക്കാരെ കുടുക്കിയാൽ ₹5,000 പാരിതോഷികം

തിരുവനന്തപുരം: സംസ്ഥാനത്ത് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങളുടെ സഹായത്തോടെ ശക്തമായ നടപടി സ്വീകരിക്കാൻ വിജിലൻസ് പുതിയ സംവിധാനങ്ങളുമായി രംഗത്ത്. അഴിമതി തടയാൻ “പ്രോജക്ട് സീറോ” എന്ന പേരിൽ സമഗ്ര നിരീക്ഷണ പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.
പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുന്ന പ്രത്യേക ഓൺലൈൻ പോർട്ടലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും വിജിലൻസ് സജ്ജമാക്കും. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങളോ തെളിവുകളോ പൊതുജനങ്ങൾക്ക് പോർട്ടലിലൂടെ സമർപ്പിക്കാനാകും.
ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തി അഴിമതി തെളിഞ്ഞാൽ വിവരം നൽകിയ വ്യക്തിക്ക് ₹5,000 പാരിതോഷികം നൽകും. പരാതിക്കാരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത നിരീക്ഷണവും നടപ്പിലാക്കും. സർക്കാർ വകുപ്പുകളിലെ ടെൻഡർ നടപടികൾ, ഇ-ഫയൽ ഇടപാടുകൾ, സംശയാസ്പദമായ സാമ്പത്തിക തീരുമാനങ്ങൾ എന്നിവ AI സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ടെൻഡർ നടപടികളിൽ ചട്ടലംഘനമോ സംശയാസ്പദമായ ഇടപാടുകളോ കണ്ടെത്തിയാൽ വിജിലൻസിന് സ്വമേധയാ “റെഡ് ഫ്ലാഗ്” അലർട്ട് ലഭിക്കുന്ന സംവിധാനവും ഒരുക്കും. സംശയാസ്പദമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന ഇ-ഫയലുകൾ പ്രത്യേക നിരീക്ഷണത്തിനും വിധേയമാകും.
സാധാരണക്കാർക്ക് കൈക്കൂലി നൽകാതെ സർക്കാർ സേവനങ്ങൾ ഉറപ്പാക്കുകയും കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കുകയുമാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
അഴിമതിക്ക് വഴിയൊരുക്കുന്ന സാധ്യതകൾ തുടക്കത്തിലേ കണ്ടെത്തി തടയാനുള്ള ശ്രമമാണ് “പ്രോജക്ട് സീറോ”യിലൂടെ ലക്ഷ്യമിടുന്നതെന്ന് വിജിലൻസ് മേധാവി മനോജ് ഏബ്രഹാം വ്യക്തമാക്കി.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...













