രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായ രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 3000 കിടക്കകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസ് ലക്ഷ്യമിടുന്നത്. പുതിയ ആശുപത്രികള്‍ സ്ഥാപിച്ചും, നിലവിലുള്ളവ ഏറ്റെടുത്തുമാണ് കേരളത്തിലെ വിപുലീകരണം പൂര്‍ത്തിയാക്കുക. ഇതോടൊപ്പം പതിനായിരത്തോളം തൊഴിലവസരങ്ങളും സംസ്ഥാനത്ത് പുതുതായി സൃഷ്ടിക്കപ്പെടും. നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 16-ലധികം ആശുപത്രികളും 5000ല്‍ പരം ബെഡുകളും കിംസ് ഗ്രൂപ്പിന്റെ ഭാഗമായുണ്ട്. സംസ്ഥാനത്ത് ആദ്യ ചുവടുവെപ്പായി കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രി ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കൂടാതെ തൃശ്ശൂരിലെ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയുമായി ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്മെന്റ് കരാര്‍ ഒപ്പു വച്ചിട്ടുണ്ട്. ഇവിടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അടുത്ത രണ്ട് വര്‍ഷത്തിനകം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 800 കിടക്കകളുള്ള വലിയ ഹെല്‍ത്ത് സിറ്റികള്‍ സ്ഥാപിച്ച് കേരളത്തില്‍ പുതിയ ആശുപത്രികള്‍ ആരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കണ്ണൂരില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓങ്കോളജി ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് കേന്ദ്രം സ്ഥാപിക്കുകയും തൃശ്ശൂരില്‍ ട്രാന്‍സ്പ്ലാന്റ് സേവനങ്ങള്‍ക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 350 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കുകയും ചെയ്യും. ഭാവിയില്‍ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലും ഏറ്റെടുക്കലുകള്‍ നടത്തും. എല്ലാ യൂണിറ്റുകളും ‘അസറ്റ് ലൈറ്റ് മോഡല്‍’ (പ്രവർത്തനച്ചെലവിനെ അപേക്ഷിച്ച് മൂലധനച്ചെലവ് താരതമ്യേന നിയന്ത്രിച്ചു നിർത്തുന്ന രീതി) ആയിരിക്കും.

സാമ്പത്തികം തടസ്സമാകാതെ, സംസ്ഥാനത്തെ എല്ലാവര്‍ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കിംസ് ഹോസ്പിറ്റല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ: ഭാസ്‌കര്‍ റാവു പറഞ്ഞു. കിംസ് ഹോസ്പിറ്റല്‍സ് കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ നിലവാരം ഉയരുമെന്ന് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിംസ് സിഇഒ ഡോ: ബി. അഭിനയ്, ഡയറക്ടർ ഡോ: ശ്രീനാഥ് റെഡ്ഡി, കേരള ക്ലസ്റ്റർ സിഎഫ്ഒ അർജുൻ വിജയകുമാർ, യൂണിറ്റ് ഹെഡ് ഡോ: ദിൽഷാദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...